Sunday 18 August 2013

മുഹമ്മദ്‌ നബി എന്തുകൊണ്ട്‌ വെറുക്കപ്പെട്ടവനാകുന്നു?

ലോകചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വ്യക്തി ആര്‌ എന്ന ചോദ്യത്തിന്‌ നല്‍കാന്‍ ഒരുത്തരമേയുള്ളൂ-മുഹമ്മദ്‌ നബി. താന്‍ ദൈവദൂതനാണെന്ന് മൊഴിഞ്ഞ അന്നേ ദിവസം മുതല്‍ ഇന്ന് വരെ മുഹമ്മദ്‌ നബി വിമര്‍ശിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നത്‌ ഒരു വാസ്തവമാണ്‌. സ്വന്തം പിതൃവ്യനായ അബൂലഹബില്‍ നിന്ന് തുടങ്ങി ഇന്ന് "ജില്ലന്റ്‌ പോസ്റ്റണ്‍" പോലൂള്ള ലോകമാധ്യമങ്ങള്‍ വരെ എത്തിനില്‍ക്കുന്നു വിമര്‍ശകരുടെ പട്ടിക.ജീവിതകാലത്ത്‌ നേരിട്ട ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ദേഹോപദ്രവങ്ങളും മരണശേഷം കാര്‍ട്ടൂണുകളിലേക്കും പുസ്തകങ്ങളിലേക്കും പരിഷ്കരിക്കപ്പെട്ടു എന്നത്‌ മാത്രമാണ്‌ വിമര്‍ശന ശരങ്ങള്‍ക്ക്‌ വന്ന കാലോചിതമായ മാറ്റം.

എന്ത്‌ കൊണ്ട്‌ മുഹമ്മദ്‌ എന്ന വ്യക്തി അന്നും ഇന്നും എന്നും ഒരുപോലെ പലര്‍ക്കും അസ്വീകാര്യനായി തുടരുന്നു?കാലം നല്‍കുന്നത്‌ ഒരിക്കലും ഒരുത്തരമല്ല,മറിച്ച്‌ പല ഉത്തരങ്ങളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.കാലത്തിനനുസരിച്ച്‌ കോലം മാറുന്ന ഉത്തരങ്ങള്‍!ലോകത്ത്‌ മാറി മാറി വന്ന സംസ്കൃതികള്‍ക്കനുസരിച്ച്‌ വിമര്‍ശകരുടെ ഉത്തരങ്ങളും മാറുന്നു.മുഹമ്മദ്‌ നബി എന്ന വ്യക്തി പ്രബോധനം ചെയ്ത ആശയാദര്‍ശങ്ങള്‍ പലര്‍ക്കും ദഹിക്കാത്തതായിരുന്നു എന്ന് സാരം.ഇങ്ങനെയുള്ള വ്യത്യസ്തമായ ഉത്തരങ്ങള്‍ പരിശോധിച്ചാല്‍ പലരുടേയും ദേഹേച്ഛകള്‍ക്കും ദുരഭിമാനത്തിനും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഇസ്ലാമികാദര്‍ശങ്ങള്‍ വഴങ്ങാത്തതിനാല്‍ ഉനായിക്കപ്പെട്ട ദുര്‍ന്യായവാദങ്ങളായിരുന്നു ഇവ എന്ന് കൃത്യമായി മനസ്സിലാക്കാം.

മുഹമ്മദ്‌ എന്ന വ്യക്തി ചരിത്രത്തില്‍ ഇത്ര മാത്രം എതിര്‍ക്കപ്പെടാനുള്ള കാരണങ്ങളെന്തൊക്കെയാണ്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.മുഹമ്മദ്‌ നബി ജനിച്ച എ.ഡി ആറാം നൂറ്റാണ്ട്‌ അറിയപ്പെടുന്നത്‌ ജാഹിലിയ്യാ(അറിവില്ലായ്മയുടെ) കാലഘട്ടമെന്നാണ്‌.അറേബ്യന്‍ ചരിത്രത്തിലെ ഇരുണ്ട യുഗം!നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി പോരടിച്ച ചരിത്രമുള്ള,മദ്യത്തില്‍ ആറാടിയ,സ്ത്രീകളെ വെറും വില്‍പ്പനച്ചരക്കുകളായിക്കണ്ട അറബികളുടെ നാട്‌.വിഗ്രഹാരാധകരുടെ വിളനിലം.ഇത്തരമൊരു ജനതയെയാണ്‌ മുഹമ്മദ്‌ എന്ന മഹാനുഭാവന്‍ 23 വര്‍ഷക്കാലം കൊണ്ട്‌ ലോകചരിത്രത്തിലെ തുല്യതയില്ലാത്ത സമൂഹമാക്കി മാറ്റിയെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌!

മുഹമ്മദ്‌ നബി ഇന്നെതിര്‍ക്കപ്പെടുന്നത്‌ പോലെ അന്നും എതിര്‍ക്കപ്പെട്ടിരുന്നു എന്നത്‌ ഏവരും മനസ്സിലാക്കേണ്ട്‌ ഒരു വസ്തുതയാണ്‌.എന്തിനായിരുന്നു അറബികള്‍ മുഹമ്മദിനെ എതിര്‍ത്തത്‌?അതൊരിക്കലും തീവ്രവാദം പ്രചരിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടല്ല!മറിച്ച്‌ ദൈവം ഏകനാണെന്നും,അവനെ മാത്രമെ ആരാധിക്കാവൂ എന്നും,താന്‍ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്നും,വിഗ്രഹാരാധന ദൈവത്തിനോടുള്ള നന്ദികേടാണെന്നും പറഞ്ഞതിനായിരുന്നു. പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും,നന്മ ഉപദേശിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.എന്നാല്‍ പാരമ്പര്യമായി തങ്ങള്‍ക്ക്‌ കൈമാറിയ "ദൈവ"ങ്ങളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ലോകചരിത്രത്തിലെ തുല്ല്യതയില്ലാത്ത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മനോഹരമായ ശൈലിക്കും ആശയഗാംഭീര്യത്തിനും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ഇരുളടഞ്ഞ മനസ്സുമായി ഇസ്ലാമിനെ കഴിഞ്ഞവര്‍ പലരീതിയില്‍ ഇസ്ലാമിനെ എതിര്‍ത്തു-വിശ്വാസികളെ ബഹിഷ്കരിച്ചു,പലവിധേന ദ്രോഹിച്ചു,പലരെയും വധിച്ചു,അടിമകളെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ നെഞ്ചില്‍ കല്ല് കയറ്റിവെച്ച്‌ വലിച്ചു-ആവശ്യം ഒന്നു മാത്രം-വിഗ്രഹാരാധന അരുതെന്ന് പറയരുത്‌!എന്നല്‍ വിശുദ്ധ ഖുര്‍ആന്റെ വെല്ലുവിളി ഇന്നും അഷ്ട ദിക്കുകളിലും ഉത്തരം ചെയ്യപ്പെടാതെ മുഴങ്ങുന്നു-വിശുദ്ധ ഖുര്‍ആനിലേതിനു സമമായി ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാമോ എന്ന്!!

No comments:

Post a Comment