Wednesday 17 June 2015

"നോമ്പ് എനിക്കുള്ളതാണ്!"

"നോമ്പ് എനിക്കുള്ളതാണ്!"

നാം ഏറെ കേള്‍ക്കാറുള്ള ഒരു ഹദീസാണ് താഴെ നല്‍കിയിരിക്കുന്നത്:
നബി(സ) പറഞ്ഞു:"അല്ലാഹു പറയുന്നു,"ആദമിന്റെ മകന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവനുള്ളതാണ്-നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ്-നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്!"(ബുഖാരി, മുസ്‌ലിം)

എന്നാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും നാം അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയല്ലേ ചെയ്യുന്നത്? നമ്മുടെ എല്ലാ അമലുകള്‍ക്കും പ്രതിഫലം നല്‍കുന്നത് അല്ലാഹു അല്ലേ? പിന്നെന്താണ് ഈ ഹദീസില്‍ നോമ്പിനെ കുറിച്ച് മാത്രം എടുത്തു പറഞ്ഞത്‌? ഇക്കാര്യങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് നമുക്ക്‌ കാണാന്‍ കഴിയും.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമേറിയ പ്രവര്‍ത്തനമാണ് നോമ്പ്. ഒരടിമയുടെ നോമ്പ് അല്ലാഹു അത്യധികം ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ഒരു വിശ്വാസിയുടെ ആത്മാര്‍ഥതയുടെ പ്രതീകമാണ് നോമ്പ്- കാരണം വ്രതം അവനും തന്റെ രക്ഷിതാവും മാത്രമറിയുന്ന ഒരു രഹസ്യമാകുന്നു. ഒരു നോമ്പുകാരന് ഒരു പക്ഷെ മറ്റാരും അറിയാതെ ഭക്ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം- എന്നാല്‍ ആര് തന്നെ കണ്ടില്ലെങ്കിലും എല്ലാം അറിയുന്ന തന്റെ നാഥന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധ്യത്താല്‍ അവനതു ചെയ്യുന്നില്ല. അതിനാല്‍ തന്നെ ഈ ആത്മാര്‍ഥതയെ അല്ലാഹു അംഗീകരിക്കുകയും മറ്റു ആരാധന കര്‍മങ്ങളില്‍ നിന്ന് നോമ്പിന് പ്രത്യേകത കല്പിക്കുകയും "നോമ്പ് എനിക്കുള്ളതാണ്" എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഈ പ്രത്യേകത അന്ത്യ ദിനത്തില്‍ വ്യക്തമാക്കപ്പെടും എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. സ്വഫവാന്‍ ബിന്‍ ഉനൈന പറഞ്ഞതായി കാണാം,"പുനരുഥാന നാളില്‍ അല്ലാഹു തന്റെ അടിമയെ വിചാരണ ചെയ്യുകയും നോമ്പ് ഒഴികെ മറ്റെല്ലാ കര്‍മങ്ങളുടെ മേലും വിഹി കല്പിക്കുകയും ചെയ്യും. നോമ്പ് മാത്രം ബാക്കി ആയിരിക്കെ, അവന്റെ വ്രതത്തിന്റെ മഹാത്വത്താല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും"

ഇനി, എന്ത് കൊണ്ടാണ് "നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്" എന്ന് അല്ലാഹു പറഞ്ഞത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു തന്നെയാണ് അര്‍ഹമായ പ്രതിഫലം നല്‍കുന്നത് എന്നിരിക്കെ? മറ്റെല്ലാ അമലുകള്‍ക്കും എത്രയാണ് പ്രതിഫലം എന്ന് വ്യക്തമാക്കപ്പെട്ടത്‌ നമുക്ക്‌ കാണാന്‍ കഴിയും. അല്ലാഹു സത്കര്‍മങ്ങള്‍ക്ക് പത്തിരട്ടി മുതല്‍ എഴുനൂറു ഇരട്ടി വരെ പ്രതിഫലം നല്‍കുന്നു. എന്നാല്‍ നോമ്പിന് ഇങ്ങനെ ഒരു കണക്ക്‌ വെച്ചിട്ടില്ല! അല്ലാഹു നോമ്പിന്റെ പ്രതിഫലത്തെ ഒരു നിശ്ചിത അളവുമായി ബന്ധപ്പെടുത്താതെ താനുമായി ബന്ധപ്പെടുത്തി എന്നത് നോമ്പിന്റെ മഹത്വത്തിന്റെ മറ്റൊരു തെളിവാണ്.നോമ്പ് എന്നാല്‍ ക്ഷമ പാലിക്കലാകുന്നു- അല്ലാഹുവിനെ അനുസരിക്കുന്നതില്‍, നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്കുന്നതില്‍, അല്ലാഹുവിന്റെ വിധിയില്‍, ദാഹത്തില്‍, വിശപ്പില്‍. ക്ഷമാശീലര്‍ക്കാകട്ടെ കണക്കില്ലാത്ത  പ്രതിഫലമാകുന്നു അല്ലാഹു വാഗ്ദാനം ചെയ്തത്!അല്ലാഹു ഖുര്‍ആനില്‍ പറയുന്നു,"ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌."(39:10)

അവലംബം: മജാലിസു ശഹ്റു റമദാന്‍ : ശൈഖ് ഇബ്ന്‍ ഉസൈമീന്‍