Sunday 23 February 2014

ഭാഗം-3:ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -തുടക്കത്തിന്റെ സാധുതകള്‍...

കഴിഞ്ഞ പോസ്റ്റില്‍ നാം ബിഗ്‌ ബാംഗ് തിയറിയെ കുറിച്ച് വായിച്ചു. അതിലൂടെ പ്രപഞ്ചം ഉണ്ട് എന്ന് മനസ്സിലായി. എങ്കില്‍ മഹാവിസ്ഫോടനത്തിനു പിന്നിലുള്ള സാധുതകള്‍ എന്തെല്ലാമാണ്? നമുക്കൊന്ന് വിശകലം ചെയ്യാം!
നില നില്‍കുന്ന ഇതൊരു വസ്തുവിന്റെയും(അതെന്തുമാകട്ടെ) ഉദ്ഭവത്തിനു നാല് സാധ്യതകളാണ് നിലനില്‍ക്കുന്നത്:-
  1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി
  2. സ്വയം സൃഷ്ടിച്ചു
  3. സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലുംകാര്യത്തില്‍ നിന്നുണ്ടായി
  4. സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു
ഇതിലോരോ സാധ്യതയും നമുക്കൊന്ന് പരിശോധിക്കാം!

ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി

നമുക്കറിയാം-ഈ പ്രപഞ്ചം ഒന്നുമില്ലായ്മയില്‍നിന്നല്ല -കാരണം ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുമുണ്ടാകില്ല! ശ്രദ്ധിക്കുക:നാമിന്നു കാണുന്ന സ്ഥലം (space),സമയം (time) എന്നിവയെല്ലാം രൂപപ്പെട്ടത് മഹാവിസ്ഫോടനത്തിനു ശേഷമാണ് എന്ന് ശാസ്ത്രം പറയുന്നു. നിങ്ങള്‍ക്കറിയുന്ന എന്തെങ്കിലും കാര്യം ശൂന്യതയില്‍ നിന്ന് രൂപം കൊണ്ടിട്ടുണ്ടോ?

സ്വയം സൃഷ്ടിച്ചു


പ്രപഞ്ചം സ്വയം സൃഷ്ടിക്കപ്പെട്ടു എന്നത് വിരോധാഭാസകരവുംവൈരുധ്യവും നിറഞ്ഞ വാദമാണ്. കാരണം, പ്രപഞ്ചം ഒരേ സമയം നിലകൊള്ളുകയും നിലകൊള്ളാതിരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വരും!നിങ്ങളുടെ അമ്മ നിങ്ങളുടെ അമ്മയെ ഗര്‍ഭം ധരിച്ചു ജനനം നല്‍കി എന്ന് പറഞ്ഞാല്‍ എന്തു വിഡ്ഢിത്തമാകും അത്! അല്ലെ?

 സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലും കാര്യത്തില്‍ നിന്നുണ്ടായി

പ്രപഞ്ചത്തെ  സംബന്ധിച്ചിടത്തോളം ഇത് സാധ്യമാണോ? പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് കാരണമായത്‌ മറ്റൊരു ഭൌതികമായ അവസ്ഥയാണ് എന്ന് വെച്ചാല്‍-അതിനു കാരണമായതെന്തു? ഇങ്ങനെ കാരണങ്ങളുടെ ഒരനന്ത ശ്രേണി തന്നെ നമ്മുക്ക് രൂപീകരിക്കാന്‍ കഴിയും!ഇത് പ്രായോഗികമാണോ? അനന്തത(infinity) എന്നത് യാഥാര്‍ത്യം അല്ല- നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ പോകുന്നു.അത് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരാളുടെ സമ്മതം വേണം, അയാള്‍ നിങ്ങള്‍ക്ക്‌ സമ്മതം തരണമെങ്കില്‍ മറ്റൊരാള്‍ അയാള്‍ക്ക്‌ സമ്മതം നല്‍കണം-ഈ ശൃംഖല ഇങ്ങനെ അനന്തത വരെ നീളുന്നു എന്ന് സങ്കല്പിക്കുക-നിങ്ങളെന്നെങ്കിലും അക്കാര്യം ചെയ്യുമോ?അത് പോലെയാണ് ഈ പ്രപഞ്ചമെങ്കില്‍ നിങ്ങള്‍ ആ കാര്യം ചെയ്യാത്തത് പോലെ ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് വിശ്വസിക്കേണ്ടി വരും! ഇല്ല,പ്രപഞ്ചം നില നില്‍കുന്നു!..അതിനാല്‍ തന്നെ ഈ വാദവും നിരര്‍ത്ഥകമാണ്.

 സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു

മുന്‍പ്  പറഞ്ഞ മൂന്നു വാദങ്ങളുടെയും നിരര്‍ത്ഥകത നാം മനസ്സിലാക്കി-ശേഷിക്കുന്ന ഏക വാദം-ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്! അത് തന്നെയാണ് ഏറ്റവും നല്ല വിശദീകരണവും!നമ്മുടെ സാമാന്യ ബോധം വെച്ച് ചിന്തിക്കുക-നില നില്‍ക്കുന്ന എന്തിനും ഒരു സ്രഷ്ടാവ്‌ ആവശ്യമാണ്‌! ഇനി എന്താകണം ആ സ്രഷ്ടാവിന്റെ പ്രത്യേകത? അവന്‍ സൃഷ്ടിക്കപ്പെട്ടവനാകരുത്! എല്ലാത്തിനും കാരണമായ നാഥന്‍-എന്നാല്‍ അവനു കാരണങ്ങളില്ല-അതല്ലെങ്കില്‍ നാം ഇനിയും  അനന്തമായ കാരണങ്ങള്‍ തേടി ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് ഈ പ്രപഞ്ചത്തിലിരുന്നു വിശ്വസിക്കേണ്ടി വരും! അതെ-കാരണങ്ങള്‍ക്കതീതനായ ഒരു സ്രഷ്ടാവാകുന്നു ഈ പ്രപഞ്ചത്തിനു കാരണം എന്നതാണ് ഏറ്റവും യുക്തിപരമായ വിശദീകരണം!

(തുടരും.....)

Friday 21 February 2014

പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്!

അത്യദ്ഭുതകരമായ ഈ മഹാ പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെ എന്നതിനെ സംബന്ധിച്ച് കാലങ്ങളായി മനുഷ്യന്‍ ചിന്തിക്കുന്നു! ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചോല്പത്തിയെ സംബന്ധിച്ച് പ്രധാനമായും രണ്ടു വാദങ്ങളാണ് മുന്നോട്ടു വെച്ചത്:
  1. പ്രപഞ്ചം അന്നും ഇന്നും എന്നും ഒരു പോലെ നിലനില്‍കുന്നു.ഇതിനെ അവര്‍ സ്റ്റഡി സ്റ്റേറ്റ്‌ തിയറി എന്ന് വിളിച്ചു. ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ ജീവവായുവായിരുന്നു സ്റ്റഡി സ്റ്റേറ്റ്‌ തിയറി. തുടക്കമില്ലാത്ത പ്രപഞ്ചത്തിനു എന്തിനാണ് ഒരു സ്രഷ്ടാവ്‌!
  2. ഭൌതികമായ എന്തിനും ഒരു തുടക്കമുള്ളത് പോലെ ഈ പ്രപഞ്ചത്തിനും ഒരു തുടക്കമുണ്ട്.

സ്റ്റഡി സ്റ്റേറ്റ്‌ തിയറിയുടെ തലക്കടിച്ച ഹബിള്‍!

1930കളില്‍ എഡ്വിന്‍ പി ഹബിള്‍ ആണ് പ്രപഞ്ചം വികസിക്കുന്നു എന്ന് കണ്ടെത്തിയത്. ഡോപ്ലര്‍ പ്രഭാവം ഉപയോഗിച്ചാണ് ഹബിള്‍ ഇത് കണ്ടെത്തിയത്‌. അതായത്‌, ഒരു ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ അതിലെ പുള്ളികള്‍ പരസ്പരം അകന്നു പോകുന്നത് പോലെ ഈ പ്രപഞ്ചത്തിലെ ഗാലക്സികള്‍ പരസ്പരം അകന്നു കൊണ്ടിരിക്കുന്നു!

ചിന്തിക്കുക-

അതായത്‌ സമയം കടന്നു പോകുന്തോറും പ്രപഞ്ചം വലുതായി കൊണ്ടിരിക്കുന്നു..അതായത്‌ ഇന്നലെ പ്രപഞ്ചത്തിനു അല്പം വലിപ്പം കുറവായിരുന്നു! യുഗാന്തരങ്ങള്‍ പിന്നിലോട്ട് ചിന്തിച്ചാല്‍ ഗാലക്സികളെല്ലാം അടുത്തായിരുന്നു! അതായത്‌ വളരെ പിന്നിലോട്ട് ചിന്തിച്ചാല്‍ ഗാലക്സികള്‍ എല്ലാം ഒരൊറ്റ വസ്തുവായിരുന്ന കാലഘട്ടം ഉണ്ടായിരുന്നു!അനന്തമായ സാന്ദ്രതയുള്ള ഒരു സമയം!എല്ലാ ഭൌതിക ശാസ്ത്ര നിയമങ്ങളും അവിടെ തകരുന്നു.ആ അവസ്ഥയെ ശാസ്ത്രം "സിംഗുലാരിറ്റി" എന്ന് വിളിച്ചു. അവിടെ നിന്ന് ഒരു മഹാ വിസ്ഫോടനം അഥവാ "ബിഗ്‌ ബാംഗ്"ഇലൂടെയാണ് പ്രപഞ്ചം രൂപം കൊണ്ടത്‌ എന്ന് ഇന്ന് ശാസ്ത്രം പറയുന്നു.സമയവും സ്ഥലവും രൂപം കൊണ്ടത്‌ ഈ മഹാ വിസ്ഫോടനത്തിന് ശേഷമാണ്!!തിയറികള്‍ മാറി മറിഞ്ഞെക്കാം-എന്നാല്‍ ഒരു കാര്യം ഇന്ന് ഉറപ്പാണ്-പ്രപഞ്ചത്തിനു ഒരു തുടക്കമുണ്ട്!

മഹാവിസ്ഫോടനത്തിനു മുന്‍പ്‌??

ശാസ്ത്രത്തിന്റെയും മനുഷ്യ ചിന്തയുടെയും പരിമിതി വെളിപ്പെടുത്തുന്ന ഒരു ചോദ്യമാണ് മഹാവിസ്ഫോടനത്തിനു മുന്‍പ്‌ എന്ത് എന്നത്!ന്യൂട്ടന്റെയോ ഐന്‍സ്ടീന്റെയോ നിയമങ്ങള്‍ പാലിക്കാത്ത അവസ്ഥ.."ദൈവവും ജ്യോതിശാസ്ത്രജ്ഞരും"(God and the Asronomers) എന്നാ പുസ്തകത്തിന്റെ അവസാനം  പ്രമുഖ ശാസ്ത്രജ്ഞന്‍  റോബര്‍ട്ട് ജാസ്ട്രോ എഴുതി,
" At this moment it seems as though science will never be able to raise the curtain on mystery of creation. For the scientist who has lived by his faith in the power of reason, the story ends like a bad dream. He has scaled the mountains of ignorance; he is about to conquer the highest peak; as he pulls himself over the final rock, he is greeted by a band of theologians who have been sitting there for centuries"

ശാസ്ത്രത്തിന്റെ അന്വേഷണം ഇവിടെ നിലക്കുന്നു! ബിഗ്ബാങ്ങിനു കാരണമെന്ത്‌?അന്വേഷിക്കാന്‍ നമുക്ക്‌ കഴിയില്ല! ശാസ്ത്രം തരുന്ന ഉത്തരം ഇത്ര മാത്രം: സ്ഥലത്തിനും കാലത്തിനും അതീതമായ, ഒരു പ്രകൃത്യാതീത ശക്തിയാണ് മഹാ വിസ്ഫോടനത്തിന് കാരണം!


ഇനിയെന്ത്‌?

അതെ ശാസ്ത്രത്തിന് ഉത്തരമില്ല!ഇനിയെന്ത്‌?അവിടെ മതം ഇടപെടുന്നു: ഇസ്ലാം പരിചയപ്പെടുത്തുന്ന സ്രഷ്ടാവ് ഒരു മനുഷ്യനല്ല, മറിച്ചു സ്ഥല കാലാതീതനായ, പ്രപഞ്ചാതീതനായ നാഥന്‍! ഒരു നിലക്കും മനുഷ്യനുമായി തുലാന്‍ ചെയ്യപ്പെടാന്‍ പാടില്ലാത്തവന്‍. വളരെ ലളിതമായ നാല് വാചകങ്ങളിലൂടെ ഖുര്‍ആന്‍ ആ രക്ഷിതാവിനെ പരിചയപ്പെടുത്തുന്നു-
"
  1. പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
  2. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
  3. അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
  4. അവന്ന്‌ തുല്യനായി ആരും ഇല്ലതാനും                                  "
ശാസ്ത്രം വിരല്‍ ചൂണ്ടുന്ന ആ സ്രഷ്ടാവില്‍ ഞാന്‍ വിശ്വസിക്കുന്നു! 

ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -"യാദൃശ്ചികമായ" സങ്കീര്‍ണതകള്‍ ?? ഭാഗം-2


പലപ്പോഴും നാം ഈ ലോകത്തെ മനസ്സിലാക്കുന്നത് വളരെ ലളിതമായാണ്! നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു! എന്നാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് നിദാനമായ മൈക്രോപ്രോസസ്സറുകളെ പറ്റി നാം ചിന്തിക്കാറില്ല. അത് പോലെ തന്നെ പലപ്പോഴും നാം ഈ ലോകത്തെ കുറിച്ചോ പ്രകൃതിയെ കുറിച്ചോ അവിടങ്ങളിലെ അട്ഭുതങ്ങളിലെ കുറിച്ചോ നാം ചിന്തിക്കാറില്ല! നമ്മുടെ ചിന്താശേഷി ഉണര്‍ത്താന്‍ ഇവിടെ ഞാന്‍ തിരഞ്ഞെടുക്കുന്ന ഉദാഹരണം ചിന്തക്ക് കാരണമായ തലച്ചോറാണ്!


മനുഷ്യ മസ്തിഷ്കം-അഥവാ സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍! 

  • മനുഷ്യ മസ്തിഷ്കത്തിന്റെ അടിസ്ഥാന ഘടകം "ന്യൂറോണ്‍" എന്ന കോശമാണ്. വളര്‍ച്ച പ്രാപിച്ച ഒരു തലച്ചോറില്‍ 100 ബില്ല്യണ്‍ അഥവാ 100000000000 ന്യൂറോണുകള്‍ ഉണ്ടാകും!
  • ഈ ന്യൂറോണുകള്‍ ഒരു വലിയ നെറ്റ്വര്‍ക്കിനു തന്നെ രൂപം നല്‍കുന്നു!ഓരോ ന്യൂറോണ്‍ കോശവും 1000 മുതല്‍ 2 ലക്ഷം വരെ കോശങ്ങളുമായി കണക്റ്റ്‌ ചെയ്തിട്ടുണ്ടാകും-ഈ ബന്ധങ്ങളെ "സിനാപ്സ്‌" എന്ന് വിളിക്കുന്നു!
  • അങ്ങനെയെങ്കില്‍ ഒരു ന്യൂറോണ്‍ കോശം ശരാശരി 10000 കോശങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നെടുത്താല്‍ തലച്ചോറിലെ ആകെ സിനാപ്സുകളുടെ എണ്ണം=10000000000000 x 10000 = 10^15 !!(Quadrillion)
  • അതായത്‌ 100  ബില്ല്യണ്‍ ന്യൂറോണുകള്‍ അടങ്ങുന്ന അവ തമ്മില്‍ ഒരു ക്വാട്രില്ല്യന്‍ (Quadrillion) കണക്ഷനുകള്‍ ഉള്ള ഒരു സിസ്റ്റം ആണ് മനുഷ്യ മസ്തിഷ്കം!

കണക്കുകള്‍ പെട്ടന്ന് മനസ്സിലാകാന്‍!

മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കാന്‍ ഈയൊരു ഉദാഹരണം ശ്രദ്ധിച്ചാല്‍ മതി!
  • നമ്മുടെ ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ നെറ്റ്വര്‍ക്കുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക്‌. 6 ബില്ല്യണ്‍ മോബൈലുകള്‍ ലോകത്തുണ്ട് എന്ന് കണക്കാക്കപ്പെടുന്നു(ശ്രദ്ധിക്കുക:ന്യൂറോണുകള്‍ 100 ബില്ല്യണ്‍).
  • ഓരോ മൊബൈലിലും 500 കോണ്ടാക്റ്റ്‌ നമ്പരുകള്‍ ഉണ്ട് എന്ന് കരുതുക!അങ്ങനെയെങ്കില്‍ മൊത്തം കണക്ഷനുകളുടെ എണ്ണം= 600000000 x 500 =30 x 10^11! അഥവാ മൂന്ന് ട്രില്യന്‍      ( Trillion )
  • അതായത്‌ ലോകം മുഴുവന്‍ വ്യാപിച്ചു നില്‍കുന്ന മൊബൈല്‍ ശൃംഖലയേക്കാള്‍ 1000 ഇരട്ടി വലുതാണ്‌ ഒരാളുടെ തലച്ചോറിലെ ന്യൂറോണ്‍ കണക്ഷന്‍സ്! ആ തലച്ചോറിന്‍റെ ഭാരം 1.3 കിലോഗ്രാമും വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും!

ഇനി ശ്രദ്ധിക്കുക!!!


  • ഈ തലച്ചോര്‍ ഒരു ലക്ഷത്തിലധികം സന്ദേശങ്ങള്‍ ഒരു സെക്കന്റിനുള്ളില്‍ കൈകാര്യം ചെയ്യുന്നു!
  • നിങ്ങളുടെ ശ്വസന പ്രക്രിയയും വിശപ്പിനെയും കൈ കാലുകളുടെ ചലനത്തേയും എന്തിനേറെ, നിങ്ങളുടെ കണ്‍ പീലികളുടെ ചലനത്തെ സംബന്ധിച്ച് വരെയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നു!
ഒരു മൊട്ടു സൂചി പോലും തനിയെ ഉണ്ടായതാണ് എന്ന് വിശ്വസിക്കാത്തവരാണ് നാം. പിന്നെ എങ്ങനെയാണ് ലോകം മുഴുവനുള്ള മൊബൈല്‍ നെറ്റ് വര്‍ക്കിനെക്കാള്‍ സങ്കീര്‍ണമായ നമ്മുടെ മസ്തിഷ്കം യാദൃശ്ചികമായി ഉണ്ടായതാണ് എന്ന് ആ തലച്ചോര്‍ ഉപയോഗിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നത്? ഞാന്‍ വിശ്വസിക്കുന്നു-അത്യുന്നതനായ ഒരു സ്രഷ്ടാവിന്റെ കരങ്ങളാണ് ഇവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന്!

"തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ."
(ഖുര്‍ആന്‍,3:190,191)

(തുടരും...)

Reference: Demystifying Brain, Dr. Srinivas Chakaravarthy

Thursday 20 February 2014

ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -യാദൃശ്ചികതയോ അതോ രൂപ കല്പനയോ? ഭാഗം-1

അനന്തത തേടി മനുഷ്യന്‍ യാത്ര ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവിടെ തന്നെ സൃഷ്ടിച്ചവനായ ഒരു ദൈവമുണ്ടോ ഇല്ലേ എന്നുള്ള ചര്‍ച്ചകള്‍ കാലങ്ങളായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു!വിവിധ മതദര്‍ശനങ്ങള്‍ വ്യത്യസ്തങ്ങളായ ദൈവ സങ്കല്പങ്ങളെ അവതരിപ്പിക്കുന്നു. അവയെ കുറിച്ച് ചര്‍ച്ച ചെയ്യും മുന്‍പ്‌ ഈയുള്ളവന്‍  എന്ത് കൊണ്ട് ദൈവാസ്തിത്വത്തില്‍ വിശ്വസിക്കുന്നു എന്നുള്ളതിനുള്ള ചില കാരണങ്ങളാണ് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.


ഒരു ചെറിയ പരീക്ഷണം!

  •  ഒന്ന് മുതല്‍ പത്തു വരെ രേഖപ്പെടുത്തിയ പത്ത് കടലാസ് കഷ്ണങ്ങള്‍ ഒരു സഞ്ചിയില്‍ ഇടുക
  • ഇനി ഒന്ന് മുതല്‍ പത്ത് വരെയുള്ള അതെ ക്രമത്തില്‍ ആ കടലാസുകള്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുക(അതിലേക്കു നോക്കാതെ!).ഓരോ തവണ കടലാസ് എടുത്ത ശേഷവും അതിന്മേല്‍ രേഖപ്പെടുത്തിയ സംഖ്യ ശ്രദ്ധിച്ച ശേഷം തിരച്ചു നിക്ഷേപിക്കുക.
  • പത്ത് തവണ നിങ്ങള്‍ എടുത്താല്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള അതേ ക്രമത്തില്‍ നിങ്ങള്‍ക്ക്‌ കടലാസുകള്‍ ലഭിക്കാനുള്ള സാധ്യത എന്ത്?
  • ആദ്യം എടുക്കുന്നത് '1' ആവാനുള്ള സാധ്യത പത്തിലൊന്ന്! ഇനി അതോടൊപ്പം രണ്ടാമത്തേത് '2' ആവാനുള്ള സാധ്യത നൂറിലൊന്ന്!അടുത്തത് മൂന്നിലൊന്ന് ലഭിക്കാനുള്ള സാധ്യത ആയിരത്തിലൊന്ന്!ഇങ്ങനെ ഒന്ന് മുതല്‍ പത്ത് വരെ ക്രമത്തില്‍ കിട്ടാനുള്ള സാധ്യത ആയിരം കൊടിയിലൊന്നു മാത്രം! അതായത്‌ ഈയൊരു ചെറിയ പരീക്ഷണത്തില്‍ തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം!നിങ്ങള്‍ മനപ്പൂര്‍വ്വം നിങ്ങള്‍ക്കാവശ്യമുള്ള ഫലം ലഭിക്കാന്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് വരെ!
ഇതേ കേവല  യുക്തി കൊണ്ട് തന്നെ ചിന്തിക്കുക!

കേവലം യാദൃശ്ചികത മൂലം , സാധ്യതകള്‍ മൂലം ഈ ഭൂമിയും അതില്‍ ജീവന്‍ നിലനില്‍കാനുള്ള എല്ലാ സാഹചര്യങ്ങളും അതിലെ ജീവജാലങ്ങളും നിലവില്‍ വരുമോ?


ചിന്തിക്കുക!

  • ഭൂമിയുടെ അച്ചുതണ്ട് 23 ഡിഗ്രീ ചെരിഞ്ഞാണ് ഉള്ളത്.അതിനു ഇത്ര ചെരിവ് ഇല്ലായിരുന്നെങ്കില്‍ നമ്മുടെ ഭൂഖണ്ഡങ്ങള്‍ തണുത്തുറഞ്ഞു പോകുമായിരുന്നു!
  • ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തില്‍ കറങ്ങുന്നു. ആ കറക്കത്തിന്റെ വേഗത 100 മൈല്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാപ്പകലുകളുടെ ദൈര്‍ഘ്യം പത്തിരട്ടിയാകുമായിരുന്നു. മാത്രമല്ല, അമിതമായ സൂര്യപ്രകാശം കാരണം ഒരിക്കലും ഇവിടെ ജീവന്‍ നിലനില്‍ക്കുകയുമില്ല!
  • ഈ പ്രപഞ്ചത്തിലെ ചെറിയ നക്ഷത്രങ്ങളിലൊന്നാണ് സൂര്യന്‍.സൂര്യന്റെ ഉപരിതലത്തിലെ താപനില 10000 ഫാരന്‍ഹീറ്റ് ആണ്-ഇത് ഭൂമിക്ക്‌ ആവശ്യത്തിന് മാത്രമുള്ള ചൂട് പ്രദാനം ചെയ്യുന്നു.സൂര്യന്‍ പുറത്തു വിടുന്ന രശ്മികള്‍ അല്പം കുറവായിരുന്നെങ്കില്‍ നമ്മുടെ ഭൂമി ഒരു തണുത്തുറഞ്ഞ ഗ്രഹമായി മാറിയേനെ!അല്പം കൂടിയിരുന്നെങ്കിലോ? നാമെല്ലാം കരിഞ്ഞു പോയേനെ!
  • ചന്ദ്രന്‍ നമ്മോട് കുറച്ചു കൂടി അടുത്തായിരുന്നെങ്കില്‍ വേലിയേറ്റം  മൂലം ദിവസം രണ്ടു തവണ കര മുഴുവന്‍ മുങ്ങിപ്പോയേനെ! പര്‍വതങ്ങള്‍ ഒലിച്ചു പോയേനെ!
  • ഭൂമിയുടെ ഉപരിഭാഗം(crust) പത്തടി കൂടി മാത്രം കട്ടിയുണ്ടായിരുന്നെന്കില്‍ ഇവിടെ ഓക്സിജന്‍ ഉണ്ടാകുമായിരുന്നില്ല!
  • സമുദ്രങ്ങള്‍ അല്പം കൂടി ആഴമുള്ളതായിരുന്നെങ്കില്‍ കാര്‍ബണ്‍ ഡയോക്സൈഡ് മുഴുവന്‍ അവ വലിച്ചെടുക്കുകയും സസ്യങ്ങളുടെ നിലനില്പ് അവതാളത്തില്‍ ആകുകയും ചെയ്യുമായിരുന്നു!
ഇവ ജീവന്റെ നിലനില്പിനാവശ്യമായ ചില ഘടകങ്ങള്‍ മാത്രം! എന്താണ് ഇവയെല്ലാം വളരെ യാദൃശ്ചികമായി നമ്മുടെ അസ്തിത്വത്തിന് അനുകൂലമായി വരാനുള്ള സാധ്യത? അത് കൊണ്ട് ഞാന്‍ വിശ്വസിക്കുന്നു ഈ മഹാ പ്രപഞ്ചത്തിനു ഒരു സംവിധായകനുണ്ടെന്ന്!

(തുടരും...)