Wednesday 1 July 2015

മഴവില്ലഴകിനു പിന്നില്‍: ഇസ്ലാമും സ്വവര്‍ഗാനുരാഗവും

 കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ മിഴി തുറന്നത് മഴവില്ലഴകുള്ള ചിത്രങ്ങളിലേക്കാണ്. അമേരിക്കന്‍ കോടതി ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം നിയമവിധേയമാക്കിയതും ഈ ജൂണ്‍ മാസം "LGBT Celebrate Pride" മാസമായി കൊണ്ടാടുന്നതും വളരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്.


ഉദ്ദേശം അര നൂറ്റാണ്ട് മുന്പ് സ്വവര്‍ഗാനുരാഗം പാപവും മാനസിക വൈകൃതവുമായിട്ടാണ് ലോക ജനത കണ്ടിരുന്നതെങ്കില്‍, ഇന്ന് സ്വവര്‍ഗാനുരാഗം മ്ലേച്ഛമാണ് എന്ന് പറയുന്നവരെ "homophobic" ആയി മുദ്ര കുത്തുകയും അവരെ മാനസിക രോഗികളായി കാണുകയും ചെയ്യുന്ന അവസ്ഥാ വിശേഷമാണ് നിലവിലുള്ളത്! ഒരു പക്ഷേ മത വിശ്വാസമായിരുന്നു സ്വവര്‍ഗാനുരാഗ ചിന്തകള്‍ക്ക് വിലക്കായി എല്ലാ രാജ്യങ്ങളിലും നില കൊണ്ടിരുന്നത്. എല്ലാ സെമിറ്റിക് മതങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളെ പാപമായി കാണുന്നു. ക്രൈസ്തവ മത വിശ്വാസത്തില്‍ നിന്ന് മെല്ലെയെങ്കിലും, ആളുകള്‍ വ്യതിചലിച്ചു പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് ചര്‍ച്ചുകള്‍  സ്വവര്‍ഗാനുരാഗതോട് വെച്ച് പുലര്‍ത്തുന്ന നിലപാടാണ്. അമേരിക്കയില്‍ നടന്ന ഒരു സര്‍വെയില്‍ ചെറുപ്പത്തിലെ മതവിശ്വാസം ഉപേക്ഷിച്ച ആളുകളില്‍ 24% പേര്‍ സ്വവര്‍ഗരതിയോടുള്ള ക്രൈസ്തവ നിലപാട് തങ്ങളുടെ മതനിരാസത്തിനു കാരണമായി എന്ന് ചൂണ്ടിക്കാണിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഇസ്ലാം മതത്തിനു സ്വവര്‍ഗ ലൈംഗികതയോടുള്ള നിലപാട് വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.


1967 വരെ  ബ്രിട്ടീഷ് നിയമം പ്രകാരം  സ്വവര്‍ഗാനുരാഗം കുറ്റകരമായിരുന്നു. 
സ്വവര്‍ഗാനുരാഗത്തെ ആളുകള്‍ മുന്പ് എതിര്‍ക്കാനുള്ള പ്രധാന കാരണം അത് പ്രകൃതി വിരുദ്ധമാണ് എന്നതായിരുന്നു. സ്വവര്‍ഗ ലൈംഗികത ജീവജാലങ്ങളുടെ സ്വാഭാവിക പ്രകൃതിക്ക് എതിരാണ് എന്ന സുപ്രധാന വാദത്തെ എതിരിടാന്‍ ഒരു പാട് ഗവേഷകര്‍ കിണഞ്ഞു ശ്രമിച്ചു! അങ്ങിനെയാണ് ജപ്പാന്‍ കടല്‍ തീരത്തെ ചില ആണ്‍ മത്സ്യങ്ങള്‍ തങ്ങളുടെ ഇണകളെ മറ്റുള്ള ആണ്‍ മത്സ്യങ്ങള്‍ സമീപിക്കാതിരിക്കാന്‍ സ്ത്രീയായി അഭിനയിക്കുമെന്നും ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ചില ശലഭങ്ങളും ഇതേ "സ്വവര്‍ഗാനുരാഗ" സ്വഭാവം പുറത്തെടുക്കുമെന്നും, അതിനാല്‍ ഇത് "പ്രകൃതിപരമാണ്" എന്നും ചില "ഗവേഷകര്‍" കണ്ടെത്തിയത്!  തെക്കേ അമേരിക്കയിലെ ചില പെണ്‍ ചിലന്തികള്‍ ഇണ ചേര്‍ന്ന ശേഷം സ്വന്തം ഇണയെ തന്നെ തിന്നു കളയുന്നത് ഈ ഗവേഷകര്‍ കാണാതെ പോയതില്‍ പുരുഷസമൂഹത്തിനു തന്നെ ആശ്വസിക്കാന്‍ വകയുണ്ട്!

പിന്നീട് എണ്‍പതുകളില്‍ തലച്ചോറുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥി സ്വവര്‍ഗാനുരാഗികളില്‍ ചെറുതായിരിക്കും എന്ന പഠനം പുറത്തു വന്നു. എന്നാല്‍ ഒരു പാട് ശാസ്ത്രജ്ഞര്‍ ഇതിനെതിരെ രംഗത്തെത്തി. മരണപ്പെട്ടവരുടെ തലച്ചോറിന്റെ ക്രോസ്-സെക്ഷനുകളില്‍ നിന്ന് നടത്തിയ പഠനം ശാസ്ത്രീയമല്ല എന്നും, ഇക്കാരണത്താല്‍ സ്വവര്‍ഗാനുരാഗികളില്‍ ഗ്രന്ഥിയുടെ വലിപ്പം അവരുടെ ജീവിത ശൈലിയാല്‍ ക്രമേണ കുറഞ്ഞതാണ്- അതല്ലാതെ ജനിച്ചപ്പോള്‍ തന്നെ അങ്ങനെയായിരുന്നില്ല എന്നും പഠനങ്ങള്‍ തെളിയിച്ചു.

ഈയിടെ ഗേ-ലെസ്ബിയന്‍ വിഭാഗക്കാര്‍ക്ക് അവരുടെ ഈ അവസ്ഥ ജനിതികമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരുപാട് പഠനങ്ങള്‍ നടന്നു വരുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. ഡീന്‍ ഹാമര്‍ ആണ് ആദ്യമായി "ഗേ ജീന്‍" ജനിതിക കോഡില്‍ ഉണ്ട് പഠനവുമായി രംഗത്തെത്തിയത്. അമ്മമാരുടെ എക്സ് ക്രോമോസോം (X-Chromosome) വഴിയാണ് പുരുഷന്മാരിലേക്ക് ഈ ജീന്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് പ്രശസ്തമായ "സയന്‍സ്" ജേര്‍ണലില്‍ 1993 ജൂലൈ മാസം അദ്ദേഹം എഴുതി. എന്നാല്‍ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയില്‍ ഇതേ വിഷയകമായി പഠനം നടത്തപ്പെട്ടപ്പോള്‍ എക്സ് ക്രോമോസോമും ഒരാളുടെ ലൈംഗികതയുമായി ബന്ധം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഡീന്‍ ഹാമറിന്റെ പഠനങ്ങള്‍ സംശയത്തിന്റെ നിഴലിലായി.1994 ജൂണില്‍ അദ്ദേഹത്തിന്റെ ഒരു ജൂനിയര്‍ ഡീന്‍ ഹാമര്‍ തന്റെ പഠനങ്ങളില്‍ ആവശ്യമായ ഫലങ്ങള്‍ക്കായി കൃത്രിമം നടത്തി എന്ന് വെളിപ്പെടുത്തിയത് ചിക്കാഗോ ട്രിബൂന്‍ പുറത്തു വിട്ടു.ഡോ. ഡീന്‍ ഹാമര്‍ പിന്നീട് താന്‍ ഒരു ഗേ ആണ് എന്ന് വെളിപ്പെടുത്തി. ഒടുവില്‍ 1999ല്‍ ജോര്‍ജ് റൈസ്, ജോര്‍ജ് എബെഴ്സ് എന്നിവര്‍ "സയന്‍സ്" മാഗസിനില്‍ തന്നെ എക്സ്-ക്രോമോസോമും സ്വവര്‍ഗപ്രേമവും തമ്മില്‍ ബന്ധമില്ല എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഡീന്‍ ഹാമറിന്റെ പഠനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ സമൂഹം ഇടപെടുന്നത് എന്തിനു എന്ന വ്യക്തി കേന്ദ്രീകത വാദങ്ങള്‍ സ്വവര്‍ഗാനുരാഗ പ്രസ്ഥാനങ്ങള്‍ മുഖ്യ വാദമാക്കി മാറ്റിയത് പിന്നീടാണ്. മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന കുടുംബമെന്ന സാമൂഹ്യ ഘടനയെ തന്നെ അപ്പാടെ തകര്‍ത്ത് കളയുന്ന ഇത്തരം വാദങ്ങള്‍, ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ സഹോദരീ സഹോദരന്മാര്‍  തമ്മില്‍ ഉഭയകക്ഷി ഉടമ്പടി പ്രകാരം ഒന്നിച്ചു താമസിച്ചാല്‍ കുഴപ്പമില്ല (incest) എന്ന മഹാ ദുരന്തകരമായ നിയമങ്ങള്‍ നിലവില്‍ വരുന്ന അവസ്ഥയില്‍ എത്തിച്ചു! ഇന്‍സെസ്റ്റ് ഒരു മൌലികാവകാശമാണ് (!!) എന്ന് പ്രസ്താവന പുറപ്പെടുവിച്ചത് ജര്‍മന്‍ എത്തിക്കല്‍ കൌണ്‍സില്‍ ആയിരുന്നു. 

സ്വവര്‍ഗാനുരാഗികളില്‍ ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയേറെ ആണ് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാധാരണ ആളുകളെ അപേക്ഷിച്ച് ഇത്തരം ആളുകള്‍ക്ക് എയിഡ്സ് പിടിപെടാനുള്ള സാധ്യത 18 മടങ്ങാണ് എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.മാത്രമല്ല, ലോകമെമ്പാടും എയിഡ്സ് ബാധിതരുടെ ശതമാനം വര്‍ഷാവര്‍ഷം കുറഞ്ഞു വരുമ്പോള്‍ സ്വവര്‍ഗാനുരാഗികളിലെ എയിഡ്സ് ബാധിതരുടെ എണ്ണം ലോകത്ത് എല്ലാ രാജ്യങ്ങളിലും വര്‍ധിച്ചു വരികയാണ് എന്നാണു കഴിഞ്ഞ വര്ഷം വാഷിംഗ്‌ടണ്‍ ഡി സി യില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ എയിഡ്സ് കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചത്. അമേരിക്കയില്‍ അഞ്ചില്‍ ഒരു സ്വവര്‍ഗാനുരാഗി എച്ച്ഐവി ബാധിതനാണ് എന്നാണു 2010ല്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ണൂറുകളില്‍ മാനവ കുലത്തില്‍ എയിഡ്സിന്റെ തുടക്കം തന്നെ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ ആയിരുന്നു എന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുതയാണ്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നടത്തുന്നവര്‍ക്ക്(അവരുടെ sexual orientation എന്തായാലും) ഒരു ഒര്‍മപ്പെടുതലായി ഇന്നും ആ മഹാവ്യാധി പതിനായിരങ്ങളെ കൊന്നൊടുക്കുന്നു!


ഇസ്‌ലാം ഈ വിഷയത്തില്‍ പുലര്‍ത്തുന്ന നിലപാട് മനസ്സിലാക്കുന്നതിനു ഉപോല്‍ബലകമായി എന്താണ്ന ന്മയും തിന്മയും എന്ന്  ഇസ്‌ലാം എങ്ങനെ വേര്‍തിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യ മനസിന്റെ ചാഞ്ചാട്ടങ്ങളുടെ അളവുകോലുകളില്‍ കാലഘട്ടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസൃതമായി നന്മകളും തിന്മകളും മാറിക്കൊണ്ടേയിരിക്കുന്നു. സ്വവര്‍ഗ ലൈംഗികത തന്നെ ഉദാഹരണമായെടുക്കാം. അരനൂറ്റാണ്ടു മുന്പ് വരെ സ്വവര്‍ഗ ലൈംഗികത പാശ്ചാത്യ സംസ്കാരത്തില്‍ മ്ലേച്ഛത ആയിരുന്നെങ്കില്‍ ഇന്ന് അതൊരു ഭരണഘടനാ പരമായ അവകാശമാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും തുര്‍ക്കി പോലുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇന്നും സ്വവര്‍ഗ ലൈംഗികത ഒരു പാപമായി കണക്കാപ്പെടുന്നു. മാത്രമല്ല, പല ചെയ്തികളും തിന്മയാണോ നന്മയാണോ എന്ന് ഇന്നും അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ (ഉദാ: ദയാവധം) നാം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇവിടെ, ഇസ്ലാം വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കാന്‍ ഉദ്ഗോഷിക്കുന്ന ഇസ്ലാം , അതോടൊപ്പം ഈ ലോകത്ത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നീതി  നടപ്പിലാക്കാന്‍ സാധിക്കില്ല എന്നും നാളെ മരണത്തിനു ശേഷം നമ്മുടെ എല്ലാ ചെയ്തികളും ചോദ്യം ചെയ്യപ്പെടും എന്നും പഠിപ്പിക്കുന്നു. നമ്മെ സൃഷ്ടിച്ചവനായ ദൈവത്തിനു മറ്റാരേക്കാളും നന്നായി നമുക്കെന്താണ് ഗുണം എന്നും ദോഷമെന്നും അറിയാമെന്നും നന്മ തിന്മകള്‍ എന്തെല്ലാമാണെന്ന് സ്രഷ്ടാവ് വ്യവച്ഛേദിചിട്ടുണ്ടെന്നും അവക്കനുസരിച്ചാണ് പരലോകത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക എന്നും ഇസ്ലാം ഉദ്ഘോഷിക്കുന്നു. നന്മയും തിന്മയും വേര്‍തിരിക്കാന്‍ സത്യാസത്യവിവേചനമായ (അല്‍-ഫുര്‍ഖാന്‍) ഒരു വേദഗ്രന്ഥവും അതിന്റെ ജീവിക്കുന്ന സാക്ഷിയായ ഒരു മനുഷ്യനെയും ദൈവം നിയോഗിക്കുകയുണ്ടായി. (ചിലര്‍ക്ക് ഇത് കേട്ടുകേള്‍വിയും കെട്ടുകഥയും ആയി തോന്നാം.. എന്നാല്‍ ഇതിനു പിന്നിലെ യുക്തിയും തെളിവുകളും വിലയിരുത്താനും ചര്‍ച്ച ചെയ്യാനും സുമനസ്സോടെ സ്വാഗതം ചെയ്യുന്നു :) ) അതിനാല്‍ തന്നെ കാലഘട്ടത്തിനും പ്രദേശത്തിനും അനുസരിച്ച് നന്മയുടെയും തിന്മയുടെയും പേരില്‍ തര്‍ക്കിക്കേണ്ട കാര്യം വിശ്വാസികള്‍ക്കില്ല. ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം പൂര്‍ണാര്‍ഥത്തില്‍ നീതിമാനായിരിക്കണം- അതിനാല്‍ തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും വേര്‍തിരിച്ചു മനസ്സിലാക്കി തരേണ്ടതും അതിനനുസരിച്ച് വിധി പ്രഖ്യാപിക്കെണ്ടതും നീതിമാനായ സ്രഷ്ടാവിന്റെ ബാധ്യതയാണ്.

ഖുര്‍ആന്‍ സ്വവര്‍ഗാനുരാഗത്തെ ഒരു തിന്മയായി പ്രഖ്യാപിക്കുന്നു. ലൂത് പ്രവാചകന്റെ ദേശക്കാരുടെ (സദോം) നാശത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായും സ്വവര്‍ഗ ലൈംഗികതയെ പരിചയപ്പെടുത്തുന്നു. "ലൂത്വിനെയും ( നാം അയച്ചു. ) അദ്ദേഹം തന്‍റെ ജനതയോട്‌, നിങ്ങള്‍ക്ക്‌ മുമ്പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക്‌ നിങ്ങള്‍ ചെല്ലുകയോ? എന്ന്‌ പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക.) സ്ത്രീകളെ വിട്ട്‌ പുരുഷന്‍മാരുടെ അടുത്ത്‌ തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു." (ഖുര്‍ആന്‍ 7:80,81)
ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് അയാള്‍ എങ്ങനെയാവണം എന്നത്.  ജനനത്തിലൂടെ തന്നെ ഒരാള്‍ സ്വവര്‍ഗാനുരാഗി ആകുന്നു എന്നതിന് ഇന്നും തെളിവുകളില്ല എന്നും നാം നേരത്തെ മനസ്സിലാക്കി(റഫറന്‍സുകള്‍ ശ്രദ്ധിക്കുക). ദൈവം സ്വവര്‍ഗ പ്രേമികളെ സൃഷ്ടിക്കുകയും അതിനെ ഒരു കുറ്റമായി പ്രഖ്യാപിക്കുകയും അതിനു പരലോകത്ത് ശിക്ഷ ഏര്‍പ്പെടുത്തുകയും  ചെയ്തു എന്നത് യുക്തിപരമായ കാര്യമല്ല. അങ്ങനെ പറയല്‍ ദൈവം അനീതി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നതിന് തുല്യമാണ്.വ്യത്യസ്തങ്ങളായ സാമൂഹ്യ സാഹചര്യങ്ങളാണ് ഒരാളെ ഇത്തരം അവസ്ഥയിലേക്കും ചോദനകളിലെക്കും എത്തിക്കുന്നത്. നാം മനുഷ്യര്‍ ബുദ്ധിയും ചിന്താ ശേഷിയും ഉള്ളവരാണ്. എന്ത് തിരഞ്ഞെടുക്കണം എന്ത് മാറ്റിവെക്കണം എന്ന് തീരുമാനിക്കുന്നത് നാമാണ്. എന്നാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ നാം തന്നെ അനുഭവിക്കണം എന്ന് മാത്രം.

എന്നാല്‍ ഒരാള്‍ക്ക് അത്തരം ഒരു ചിന്ത ഉടലെടുക്കുക എന്നതിനെ ഒരു തിന്മയായി ഇസ്ലാം കാണുന്നില്ല. മനസ്സിന്റെ തോന്നലുകളെയല്ല, മറിച്ചു ശരീരത്തിന്റെ പ്രവൃത്തികളെയാണ് ഇസ്ലാം തിന്മയായി കാണുന്നത്. മറ്റുള്ളവര്‍ക്ക് അസാധാരണമായി തോന്നാവുന്ന തോന്നലുകള്‍ ചില ആളുകള്‍ക്ക് ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരം ചിന്തകള്‍ ഉണ്ടാവുന്നത് മൂലം അവ പ്രവര്‍ത്തിയില്‍ കൊണ്ട് വരാം എന്ന മനോഗതിയെ ന്യായീകരിക്കാവുന്നതല്ല. ഇത്തരം ചിന്തകളുടെ കാരണം പലതാകാം.   ഈ ലോകത്തെ ജീവിതം ഒരു പരീക്ഷണമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ കാരണങ്ങളെന്തായാലും അത്തരം ചിന്തകളും ഇച്ഛകളും  ഒരാളുടെ മനസ്സില്‍ ഉടലെടുക്കുന്നുണ്ടെങ്കില്‍ അവ  അല്ലാഹുവിന്റെ പരീക്ഷണമായിട്ടെ ഒരു മുസ്ലിമിന് കാണേണ്ടതുള്ളൂ. അത്തരം ചിന്തകള്‍ക്ക് കടിഞ്ഞാണിടുകയും ആത്യന്തികമായി നമുക്ക് തിന്മയായ പ്രവര്‍ത്തനങ്ങളിലേക്ക് ചിന്തകള്‍ എത്തിക്കാതെ അവയെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ഇനി ഈ ചോദനകള്‍  തനിക്ക് ജന്മനാ ഉള്ളതാണ് എന്ന് ഒരാള്‍ വാദിച്ചാലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ന്യായീകരിക്കപ്പെടില്ലല്ലോ!

ഇസ്ലാം സ്വവര്‍ഗ ലൈഗികതയെ ഒരു തിന്മയായി കാണുന്നു- മദ്യപാനത്തെയും പലിശയെയും ബഹുദൈവാരാധനയെയും എല്ലാം ഇസ്ലാം തിന്മയായി വീക്ഷിക്കുന്നത് പോലെ.
ഇസ്ലാം എപ്പോഴും വെറുക്കുന്നത് തിന്മയെയാണ്, അല്ലാതെ തിന്മ പ്രവര്‍ത്തിക്കുന്നവനെയല്ല.   മറിച്ച് തിന്മകളില്‍ ഏര്‍പ്പെടുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാനും നന്മയുടെ പാതയില്‍ നയിക്കാനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാം അനുശാസിക്കുന്നു. ലൂത് പ്രവാചകന്റെ ചരിത്രം തന്നെ ശ്രദ്ധേയമാണ്. തന്റെ അതിഥികളെ ലൈംഗികമായി പ്രാപിക്കാന്‍ വന്ന സദോം ദേശക്കാരെ തെറി വിളിക്കുകയല്ല ലൂത് നബി ചെയ്തത്. മറിച്ചു അദ്ദേഹം അവരോടു പറഞ്ഞത് ഖുര്‍ആനിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം,"ലൂത്വിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍. അവരാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. ( അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാമല്ലോ? ) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്‍റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്‍റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ നിനക്ക്‌ അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌."(11:78,79) .തിന്മ മനസ്സില്‍ വെച്ച് വന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് നേരായ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സ്വന്തം പെണ്മക്കളെ, അതല്ലെങ്കില്‍ ആ ഗോത്രത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചു നല്‍കാം എന്നുമാണ് ലൂത് നബി(അ) അവരോടു പറഞ്ഞത്! ഇതാകുന്നു എല്ലാ തിന്മകളോടും ഇസ്ലാമിന്റെ നിലപാട്. ഇതിനെ "ഹോമോഫോബിയ" എന്ന് വിളിക്കുന്നവര്‍ക്ക് "ഇസ്ലാമോഫോബിയ"പിടിപെട്ടിട്ടുണ്ട് എന്നല്ലേ നാം മനസിലാക്കേണ്ടത്?
ഇത് വെറുപ്പില്‍ നിന്നുയരുന്ന സന്ദേശമല്ല, മറിച്ച് ബഹുദൈവ വിശ്വാസിയെയും നിരീശ്വരവാദിയെയും ഏതൊരു കാരണത്താല്‍ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നുവോ, പലിശക്കാരനെ ഏതൊരു കാരണത്താല്‍ അത് ഉപേക്ഷിക്കാന്‍ ഉപദേശിക്കുന്നുവോ, മദ്യപാനിയെ  ഏതൊരു ന്യായത്തിന്റെ പേരില്‍ മദ്യം വര്‍ജിക്കാന്‍ ആവശ്യപ്പെടുന്നുവോ- അതെ മനസ്ഥിതിയോടെ തന്നെയാണ് ഈ വാക്കുകളും എഴുതപ്പെട്ടിട്ടുള്ളത്. ഇത് വെറുപ്പിന്റെ സന്ദേശമല്ല-സ്നേഹത്തിന്റെതാണ്! മഴവില്ലിന്റെ നിറങ്ങള്‍ തീര്‍ക്കപ്പെടുന്നത് പലപ്പോഴും പേമാരിക്ക് ശേഷമാണ്. ഒരു പക്ഷേ നിങ്ങള്‍ രണ്ടുപേര്‍ക്ക് തീര്‍ക്കപ്പെടുന്ന മഴവില്ല് പതിനായിരങ്ങളുടെ നഷ്ടത്തിന്റെ പേമാരിക്ക് ശേഷമായിരിക്കും! ഓര്‍ക്കുക.. എന്തായാലും  മഴവില്ല് കേവലം മരീചിക മാത്രമല്ലേ!

Reference:

1)http://www.independent.co.uk/news/world/europe/german-ethics-council-calls-for-incest-between-siblings-to-be-legalised-by-government-9753506.html

2)Hamer et al. A linkage between DNA markers on the X chromosome and male sexual orientation. Science 1993 Jul 16; 261(5119):321-7.

3)Rice, et al. Male homosexuality: absence of linkage to microsatellite markers at Xq28. Science 1999 Apr 23; 284(5414):665-7.

4)Wickelgren I. Discovery of 'gay gene' questioned. Science 1999 Apr 23; 284(5414):571.

5)LeVay S. A difference in hypothalamic structure between heterosexual and homosexual men. Science 1991 Aug 30; 253(5023):1034-7.

6)http://healthland.time.com/2012/07/20/hiv-continues-to-spread-among-gay-men-studies-show/

7)https://www.psychologytoday.com/blog/fighting-fear/201305/homosexuality-and-aids

8) http://www.usatoday.com/story/news/nation/2014/02/26/homosexuality-opinion-survey/5828455/