Monday 25 August 2014

കേടാകാത്ത ഒരു പമ്പ്!!

"ഇന്ന് വെള്ളം കോരണം, മോട്ടോര്‍ പമ്പ് കേടായി"
നാം ഇടക്കിടക്ക്‌ വീട്ടില്‍ നിന്ന് കേള്‍ക്കാറുള്ള വാചകമാണിത്, അല്ലേ?

മോട്ടോര്‍ പമ്പ് കേടായാല്‍ വലിയ പ്രയാസമാണ്! കിണറ്റിലിറങ്ങി ശരിയാക്കണം, പറ്റിയ ഇലെക്ട്രിഷ്യനെ കണ്ടെത്തണം, ശരിയാകുന്നത് വരെ തൊട്ടിയും കയറും ഉപയോഗിച്ച് വെള്ളം കോരണം...അങ്ങനെ എത്രയെത്ര പ്രശ്നങ്ങള്‍!

അത്ര പെട്ടന്നൊന്നും കേടാകാത്ത, ഇടക്കിടക്ക്‌ നന്നാക്കേണ്ടി വരാത്ത ഒരു മോട്ടോര്‍ പമ്പ് കിട്ടിയിരുന്നെങ്കില്‍....

അത്തരമൊരു മോട്ടോര്‍ പമ്പ് ആണ് നിങ്ങളുടെ നെഞ്ചിന്റെ ഇടതു ഭാഗത്ത്‌ മിടിച്ചു കൊണ്ടിരിക്കുന്നത്! ഹൃദയം... ഒരു മിനിറ്റില്‍ 70 തവണ മിടിക്കുന്ന, നിങ്ങളുടെ ജീവിത കാലത്ത് 10,000 ഓയില്‍ ടാങ്കറുകള്‍ക്ക് വഹിക്കാവുന്നത്ര രക്തം പമ്പ് ചെയ്യുന്ന അവയവം! നിങ്ങളോട് ഒരു മിനിട്ടിനുള്ളില്‍ 70 കപ്പ് വെള്ളം ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് ഒരു മിനിറ്റ് സമയത്തിനകം കോരിയോഴിക്കാന്‍ ആവശ്യപ്പെട്ടു എന്ന് കരുതുക.. മിനിട്ടുകള്‍ക്കകം നിങ്ങളുടെ കയ്യിലെ പേശികളില്‍  വേദന അനുഭവപ്പെടുകയും ക്ഷീണിക്കുകയും ചെയ്യും, അല്ലേ?എന്നാല്‍ യാതൊരു വിശ്രമവുമില്ലാതെ നിങ്ങള്‍ മാതാവിന്റെ ഗര്‍ഭപാത്രതിലായ സമയം മുതല്‍ മിടിച്ചു കൊണ്ടേയിരിക്കുന്നു!

ഓര്‍ക്കുക- നിങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ മാത്രമുള്ള ഒരു വസ്തുവാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ട് നിങ്ങള്‍ ശ്വസിക്കുന്ന ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുക എന്ന വലിയ ധര്‍മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്..കോര്‍ണിയ ഒഴിച്ച് മനുഷ്യ ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു..

ചിന്തിക്കുക....

നിങ്ങളോട് ചോദിച്ചിട്ടല്ല നിങ്ങളുടെ ഹൃദയം മിടിച്ചു തുടങ്ങിയത്, നിങ്ങളോട് ചോദിക്കാതെ തന്നെ ആ മിടിപ്പ്‌ അവസാനിക്കുകയും ചെയ്യും!!
"ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."  (ഖുര്‍ആന്‍ 21:35)

അതിനാല്‍ തന്നെ ആ മിടിപ്പ്‌ അവസാനിക്കുന്നതിനു മുന്‍പ്‌ മനുഷ്യന് ഒരിക്കലും  ഈ ഹൃദയത്തെ സൃഷ്ടിച്ച നാഥനെ മനസ്സിലാക്കുകയും ആ സ്രഷ്ടാവിന്റെ കല്പനകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.. അറിയുക, ഒന്നുമില്ലായ്മയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചു, നിങ്ങളുടെ ഹൃദയസ്പന്ദനങ്ങള്‍ നിയന്ത്രിച്ച അല്ലാഹുവിനു നാളെ മരിച്ചു മണ്ണടിഞ്ഞ, അല്ലെങ്കില്‍ ഒരു പിടി ചാരമായി മാറിയ നിങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമേയല്ല!!

"അങ്ങനെയുള്ളവനാണ്‌ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ്‌ അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു." (ഖുര്‍ആന്‍  6:102)