Monday 1 February 2016

ഖുര്‍ആനിലെ അനന്തരാവകാശ നിയമങ്ങള്‍: നിരീശ്വരവാദികള്‍ക്ക് മറുപടി

ഈയിടെയാണ് സുഹൃത്ത് നിഷാദ് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങളെ കുറിച്ച് നടത്തിയ ഒരു സംസാരം ശ്രദ്ധയില്‍ പെട്ടത്. ഒരുപാട് ആരോപണങ്ങള്‍ അതില്‍ നിഷാദ് ഉന്നയിക്കുന്നുണ്ട്.. തത്കാലം "അല്ലാഹുവിനു കണക്ക് തെറ്റി" എന്ന് പറഞ്ഞു കൊണ്ട് നിഷാദ് ഉന്നയിച്ച ഒരു വിഷയം മാത്രം എടുക്കുന്നു..
ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുന്പ് ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ മറിച്ച് നോക്കുന്നത് നല്ലതാണ് എന്ന ഉപദേശവും നല്‍കട്ടെ..

വിഷയം: ഒരാള്‍ മരണപ്പെട്ടു, അയാള്‍ക്ക് മൂന്നു പെണ്മക്കളും ഭാര്യയും മാതാപിതാക്കളും ഉണ്ട്. ഖുറാനിലെ സൂറത്ത് നിസാഇല്‍ പ്രതിപാദിച്ച നിയമങ്ങള്‍ പ്രകാരം ഭാര്യക്ക് 1/8, മക്കള്‍ക്ക് 2/3,  മാതാപിതാക്കള്‍ക്ക് 1/3. ഇത് കൂട്ടിയാല്‍ ഒന്നില്‍ അധികം! അതായത് പെണ്മക്കള്‍ക്കും മാതാപിതാക്കള്‍ക്കും അവകാശം നല്‍കിയാല്‍ പിന്നെ ഭാര്യക്ക് ബാക്കിയുണ്ടാവില്ല!ദൈവത്തിനു കണക്ക് തെറ്റി!

മറുപടി:
ഒരുപാട് വിഷയങ്ങള്‍ നാം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിനെ സംബന്ധിച്ച് പല സുഹൃതുക്കള്‍ക്കുമുള്ള സംശയങ്ങള്‍ കൂടി ഇവിടെ ദൂരീകരിക്കാന്‍ ഉദ്ദേശിക്കുന്നു

1) നിഷാദ് തന്റെ സംസാരത്തിന്റെ ആദ്യം പറയുന്നു- ഇസ്ലാമിലെ പ്രമാണങ്ങള്‍ ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസുമാണ് എന്ന്. ഈ വാദം തന്നെ ശരിയല്ല. എങ്കിലും ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നാല്‍ ഖുര്‍ആനും ഹദീസുമാണ്. എന്നാല്‍ സ്വന്തം വാദം പിനീട് തന്റെ വിഷയാവതരണത്തില്‍ ഉടനീളം നിഷാദ് മറന്നു പോയി. അറിയാത്ത സുഹൃത്തുക്കള്‍ക്ക്- ഹദീസ് എന്നാല്‍ മുഹമ്മദ്‌ നബി(സ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ്.

2) എന്താണ് ഹദീസിന്റെ പ്രാധാന്യം? ഖുര്‍ആനിന്റെ വിശദീകരണമാണ് പ്രവാചക ജീവിതം. ഇസ്ലാമിലെ എല്ലാ കാര്യങ്ങളും ഒരിക്കലും ഖുര്‍ആനില്‍ നിന്ന് മാത്രം നിര്‍ദ്ധരിക്കാന്‍ ആവില്ല. ഉദാഹരണത്തിന് ഖുര്‍ആന്‍ നമസ്കരിക്കാന്‍ പറയുന്നു- എന്നാല്‍ എങ്ങനെ നിസ്കരിക്കണം എന്ന് പഠിപ്പിക്കുന്നത് പ്രവാചകനാണ്‌. നമ്മുടെ സമ്പാദ്യത്തില്‍ നിന്ന് ദരിദ്രരുടെ അവകാശമായ സകാത്ത് നല്‍കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ എത്ര ശതമാനം, എങ്ങനെ സകാത്ത് നല്‍കണം എന്ന് ഹദീസുകലാണ് നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം നിഷാദ് മറന്നു പോയ പോലെ തോന്നി!

3) ഖുര്‍ആനില്‍ സൂറത്തു നിസാഇലെ 11,12 വചനങ്ങളില്‍ പരാമര്‍ശിച്ചത് സ്വത്ത് വിഭജനത്തിന്റെ അടിസ്ഥാനങ്ങലാണ്, അതോടൊപ്പം ആര്‍ക്കെല്ലാം മുന്‍ഗണന നല്‍കണം എന്നും നമുക്ക് മനസ്സിലാകുന്നു. എന്നാല്‍ ഇവയില്‍ വരുന്ന പ്രായോഗികമായ പ്രശ്നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നത് മുഹമ്മദ്‌ നബി(സ)യുടെയും അദ്ദേഹത്തിന്റെ കൂടെ ജീവിചിരുന്നവരുടെയും വചനങ്ങളില്‍ നിന്നാണ്. ഖുര്‍ആന്‍ തന്നെ പറയുന്നത് ശ്രദ്ധിക്കുക:
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും." (4:59).

4) ഇനി നിഷാദ് പറഞ്ഞ ആരോപണം. ഇത് നിഷാദ് സ്വയം ആലോചിച്ചു കണ്ടെത്തിയ എന്തോ ഒന്നല്ല. ഈ വിഷയത്തിനു ഇസ്ലാമിക പണ്ടിതന്മാര്‍ മറുപടി പറഞ്ഞത് ഏതെങ്കിലും വിമര്‍ശനങ്ങള്‍ നിരീശ്വരവാദികളില്‍ നിന്നോ ഇസ്ലാം വിമര്‍ശകരില്‍ നിന്നോ വന്നപ്പോഴുമല്ല. മറിച്ച്, മുഹമ്മദ്‌ നബി(സ)യുടെ ഉത്ടമിത്രവും രണ്ടാം ഖലീഫയുമായിരുന്ന ഉമര്‍ ബിന്‍ ഖത്താബ്(റ) ഈ വിഷയത്തെ പരിഹരിച്ചത് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇതിനു ഇസ്ലാമിക കര്മശാസ്ത്രത്തില്‍ "മസ്അലത്തുല്‍ ഔല്‍" എന്ന് പറയുന്നു. ഇത് തന്നെയാണ് ഈ വിഷയത്തില്‍ മുസ്ലിം സമൂഹത്തിന്റെ മറുപടിയും മാതൃകയും. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ മാത്രമാണ് "മസ്അലത്തുല്‍ ഔല്‍"ന്റെ പരിധിയില്‍ വരിക.  മുകളില്‍ പരാമര്‍ശിച്ച പ്രശ്നം തന്നെയെടുക്കാം. മേല്‍ പറഞ്ഞ സംഭവത്തില്‍ ഓഹരി 24 ഭാഗം ആക്കുന്നതിനു പകരം 27 ഭാഗം ആക്കുന്നു.  "ഔല്‍" പ്രകാരം മക്കള്‍ക്ക് 16/27ഉം മാതാപിതാക്കള്‍ക്ക് 8/27ഉം ഭാര്യക്ക് 3/27ഉം ലഭിക്കുന്നു. അതായത് ഖുര്‍ആന്‍ വചനത്തില്‍ മുന്‍ഗണന നല്‍കിയ പെണ്മക്കള്‍ക്ക് അവരുടെ 2/3 ഉറപ്പാക്കുന്നു. മറ്റുള്ളവര്‍ക്ക് നീതിയുക്തമായ ഓഹരി നല്‍കുകയും ചെയ്യുന്നു.

അതായത് ഖുര്‍ആന്‍ വചനങ്ങളെ പ്രവാചക ജീവിതത്തിന്റെ ഭൂമികയില്‍ നിന്ന് എങ്ങനെ മനസ്സിലാക്കണം എന്നും പ്രായോഗികമായ പ്രശ്നങ്ങള്‍ക്ക് എങ്ങനെ പരിഹാരം തേടണം എന്നുമാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്.

പ്രിയപ്പെട്ട നിഷാദിനോട്,
(നിന്റെ അക്കൌണ്ടില്‍ നിന്ന് ഞാന്‍ ബ്ലോക്ക് ചെയ്യപ്പെട്ടത് കൊണ്ടോ, അതോ നീ ഇപ്പോള്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തത് കൊണ്ടോ ടാഗ് ചെയ്യാന്‍ കഴിയുന്നില്ല. എങ്കിലും ഇത് നിഷാദ് വായിക്കും എന്നെനിക്കറിയാം.-)
വിമര്‍ശനങ്ങള്‍ക്കപ്പുറം അവക്ക് ഇസ്ലാമിക പ്രബോധകര്‍ നല്‍കിയ മറുപടികള്‍ കൂടി വായിക്കുന്നത് നന്നായിരിക്കും- എങ്കിലേ പുതിയ വിമര്‍ശങ്ങളിലെക്ക് ചിന്തിക്കാന്‍ പറ്റൂ..ഒന്നേ പറയാനുള്ളൂ.."മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു." (ഖുര്‍ആന്‍ 2:257) ആശയപരമായ സംവാദം ഇനിയും തുടരാം..

സമയം കിട്ടുന്ന മുറക്ക് മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യാം...
 അബ്ദുല്ലഹ് അബ്ദുല്‍ ഫാദി എന്ന പാതിരിയുടെ ഇസ്ലാം വിമര്‍ശങ്ങളെയും ചേകന്നൂര്‍ മൌലവിയുടെ ഹദീസ് നിഷേധത്തെയും പുതു തലമുറയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ജബ്രാ മാഷും കുട്ട്യോളും മൂക്ക് കൊണ്ട് "ക്ഷ" വരക്കല്‍ തുടര്‍ന്ന്‍ കൊണ്ടേയിരിക്കും.

NB:സഹോദരന്‍ Aqel ആണ് എങ്ങനെയാണ് 24 ഓഹരി 27 ആക്കിയത് എന്ന് ചോദിച്ചത്.. പണ്ടേ കണക്ക് എഴുതാന്‍ മടിയാണ്..അത് കൊണ്ടാണ് എഴുതാരിതുന്നത് tongue emoticon . മുഴുവന്‍ ഓഹരിയുടെ അനുപാതം 1/8:2/3:1/3. അതായത്, 3:16:8 . അതായത് 27 ഓഹരി. അപ്പോള്‍, പടച്ചവനു കണക്ക് അറിയാത്ത പ്രശ്നമല്ല, പറഞ്ഞു തന്ന കണക്ക് കഴിയുന്ന അനുപാതത്തില്‍ പ്രയോഗിച്ചാല്‍ മതി