Wednesday 13 November 2013

മൂസാ നബി(അ): വിമോചനവും വിപ്ലവവും തൌഹീദി പ്രബോധനതിലൂടെ...

                മുഹര്‍റം കടന്നു വരുന്നത് മൂസയുടെ ഗന്ധവും കൊണ്ടാണ്-അതെ അല്ലാഹുവുമായി ഭൂമിയില്‍ വെച്ച് സംസാരിച്ച മൂസാ നബി(അ)! എന്നാല്‍ മൂസാ നബി(അ)യുടെ ചരിത്രം നാം മനസ്സിലാക്കേണ്ട പോലെ മനസ്സിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്! സോഷ്യല്‍ മീടിയകളിലെ "മുഹര്‍റം സ്പെഷ്യല്‍ " പോസ്റ്റുകള്‍ അതാണ്‌ പലപ്പോഴും സൂചിപ്പിക്കുന്നത്,അവിടെ മൂസാ(അ) കേവലം ഒരു രാഷ്ട്രീയക്കാരനും ഭരണകൂടത്തിനെതിരെ വിപ്ലവം നയിച്ചവനുമാകുന്നു -എന്നാല്‍ എങ്ങനെയാണ് മൂസാ(അ) ഒരു വിമോചകനും വിപ്ലവകാരിയുമാകുന്നത്? ഫറോവയുടെ ഭരണം അട്ടിമറിച്ച, അത് തന്റെ ദൌത്യമായി കണ്ട വീരനായകനാണോ മൂസ? അല്ല, മൂസ നബി(അ) അതിലുമപ്പുറം മറ്റെന്തൊക്കെയോ ആണ്!ഈ വിഷയകമായി ഖുര്‍ആന്‍ എന്ത് പറയുന്നു? എങ്ങനെയായിരുന്നു മൂസാ(അ) ന്റെ വിമോചനം?

മൂസ(അ) വളരുന്നത് ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ! അതെ, ദിവ്യത്വ വാദിയായ, വലിയ ത്വാഗൂതായ ഫിര്‍ഔന്‍! അവിടെ അധര്‍മവും കുഫ്രും അരങ്ങു വാഴുന്നു-അവ കണ്ടു കൊണ്ടാണ് മൂസ വളരുന്നത്. അടിമത്തം, അടിച്ചമര്‍ത്തല്‍, ആണ്‍കുട്ടികളെ കൊന്നൊടുക്കല്‍ തുടങ്ങി സ്വന്തം സമുദായമായ ഇസ്രായീല്യര്‍ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും മൂസ(അ) നേരില്‍ കാണുകയാണ്.അല്ലാഹു പറയുന്നു, "തീര്‍ച്ചയായും ഫിര്‍ഔന്‍ നാട്ടില്‍ ഔന്നത്യം നടിച്ചു. അവിടത്തുകാരെ അവന്‍ വ്യത്യസ്ത കക്ഷികളാക്കിത്തീര്‍ക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ ദുര്‍ബലരാക്കിയിട്ട്‌ അവരുടെ ആണ്‍മക്കളെ അറുകൊല നടത്തുകയും അവരുടെ പെണ്‍മക്കളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തുകൊണ്ട്‌. തീര്‍ച്ചയായും അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു." (സൂറത്തുല്‍ ഖസസ് :4)

സ്വയം ദിവ്യത്വം വാദിച്ച ഫിര്‍ഔന്‍.ഫിര്‍ഔനിന്റെ ജനതയാകട്ടെ ശിര്‍ക്കിന്റെയും ബിംബ പൂജയുടെയും ആളുകളും! എവിടെ നിന്നാണ് മൂസ(അ) തന്റെ പ്രബോധനം ആരംഭിച്ചത്‌? ശിര്‍ക്കിന്റെ കുത്തൊഴുക്കില്‍ പെട്ട സമൂഹത്തിന്റെ വിശ്വാസം വിമലീകരിക്കാന്‍ ശ്രമിച്ചു കൊണ്ടോ അതോ ദിവ്യത്വ വാദിയായ ഫിര്‍ഔന്‍ നേതൃത്വം വഹിക്കുന്ന ത്വാഗൂതികളുടെ കയ്യില്‍ നിന്ന് അധികാരം പിടിച്ചെടുത്തു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടോ?അതോ ഇസ്രായീല്യരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി ഭരണകൂടത്തിനെതിരെ പോരാട്ടങ്ങളും വിപ്ലവങ്ങളും നയിച്ച്‌ കൊണ്ടോ?

പൂര്‍വികരായ പ്രവാചകന്മാര്‍ ഏതൊരു മാര്‍ഗമാണോ സ്വീകരിച്ചത്‌, അതെ മാര്‍ഗം തന്നെയാകുന്നു മൂസാ(അ)യും സ്വീകരിച്ച മാര്‍ഗം.അല്ലാഹു മൂസാ നബി(അ)യുമായി നടത്തിയ സംഭാഷണത്തിലൂടെ എന്തായിരുന്നു മൂസാ(അ)ന്റെ ലക്‌ഷ്യം എന്ന് സുവ്യക്തമാകുന്നു,"മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ?അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും.അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ ( ഇപ്രകാരം ) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു.ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കപ്പെടുന്നത്‌ നീ ശ്രദ്ധിച്ച്‌ കേട്ടുകൊള്ളുക.തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.തീര്‍ച്ചയായും അന്ത്യസമയം വരിക തന്നെ ചെയ്യും. ഓരോ വ്യക്തിക്കും താന്‍ പ്രയത്നിക്കുന്നതിനനുസൃതമായി പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടി ഞാനത്‌ ഗോപ്യമാക്കി വെച്ചേക്കാം.ആകയാല്‍ അതില്‍ ( അന്ത്യസമയത്തില്‍ ) വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിന്‍പറ്റുകയും ചെയ്തവര്‍ അതില്‍ ( വിശ്വസിക്കുന്നതില്‍ ) നിന്ന്‌ നിന്നെ തടയാതിരിക്കട്ടെ. അങ്ങനെ സംഭവിക്കുന്ന പക്ഷം നീയും നാശമടയുന്നതാണ്‌." (ത്വാഹാ 9-15 )

ഇതാ പ്രവാചകത്വതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അല്ലാഹുവിനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്ന തൌഹീദിന്റെ ലളിതവും എന്നാല്‍ സുശക്തവുമായ സന്ദേശം മൂസാ(അ) ഏറ്റെടുക്കുകയാണ്! മാത്രമല്ല, എവിടെ നിന്ന് പ്രബോധനം തുടങ്ങണമെന്നും എന്ത് പറയണമെന്നും അല്ലാഹു മൂസാ (അ)നു നിര്‍ദേശം നല്‍കുന്നു,"നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ?നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ?"  (നാസിആത്ത്‌ 17-19).

തന്റെ സഹോദരന്‍ ഹാരൂനുമായി മൂസാ(അ) ഫിര്‍ഔനിന്റെ രാജധാനിയില്‍ പ്രവേശിക്കുകയാണ്! അവര്‍ ആ അതിക്രമികാരിയായെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയാണ്!അതെ, പരിശുദ്ധി പ്രാപിക്കണം,അല്ലാഹുവേ ഭയക്കണം,ആരാധനകള്‍ അവനു മാത്രമാക്കണം! ശാന്തവും, യുക്തിഭദ്രവുമായ പ്രബോധനം! എന്നാല്‍ ഫിര്‍ഔനോ? "അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.അങ്ങനെ അവന്‍ ( തന്‍റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവന്‍ പറഞ്ഞു.അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി."(നാസിആത്ത്‌ 21-25)

ഫിര്‍ഔനിലേക്ക് മാത്രമല്ല, ആ ജനതയില്‍ മുഴുവന്‍ തൌഹീദിന്റെ സന്ദേശം മൂസാ(അ) പ്രബോധനം ചെയ്തു! പ്രമാണിമാര്‍ പരിഭ്രാന്തരായി! അവര്‍ പരാതിയുമായി അക്രമിയായ ഫിര്‍ഔനിന്റെ അരികിലെത്തി.എന്തായിരുന്നു അവരെ ഭയപ്പെടുത്തിയത്?"ഫിര്‍ഔന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കള്‍ മൂസായെയും അവന്‍റെ ആള്‍ക്കാരെയും ( അനുവദിച്ച്‌ ) വിടുകയാണോ? അവന്‍ ( ഫിര്‍ഔന്‍ ) പറഞ്ഞു: നാം അവരുടെ ( ഇസ്രായീല്യരുടെ ) ആണ്‍മക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്യുന്നതാണ്‌. തീര്‍ച്ചയായും നാം അവരുടെ മേല്‍ സര്‍വ്വാധിപത്യമുള്ളവരായിരിക്കും." (അഅ്റാഫ് 127)

അതെ,എന്തായിരുന്നു അവരെ ഭയപ്പെടുത്തിയത്? എന്തായിരുന്നു അവരുടെ കണ്ണില്‍ മൂസാ(അ) ചെയ്ത കുറ്റം?തങ്ങളുടെ ദൈവങ്ങളെ വിട്ടു കളയാന്‍ പറഞ്ഞത്‌! ഫിര്‍ഔനിനെയും അയാളുടെ ദൈവങ്ങളെയും ഇതാ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ തന്നെ വളര്‍ന്ന മൂസ തള്ളിക്കളഞ്ഞിരിക്കുന്നു!ശിര്‍ക്കിനെതിരെയുള്ള പടകാഹളം മൂസ(അ) മുഴക്കുന്നു! എന്നാല്‍ ഫിര്‍ഔന്‍ കൂടുതല്‍ അക്രമങ്ങളിലേക്ക് തിരിയുന്നു! അതിമൃഗീയവും ക്രൂരവുമായ പീഡന നടപടികള്‍ അതാ ഫിര്‍ഔന്‍ തുടരുകയാണ്! എന്തായിരുന്നു ഈ മര്‍ദ്ദന മുറകളോടു മൂസ(അ)ന്റെ നിലപാട്?വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശം! മാന്യമായ ക്ഷമ!സര്‍വ ശക്തനായ നാഥനോട് പ്രാര്‍ത്ഥന!പിന്നെ, ഈ സ്ഥിരതയ്ക്കും ക്ഷമയ്ക്കും കിട്ടാന്‍ പോകുന്നു ഉത്തമമായ പ്രതിഫലതിനും അന്തിമ വിജയതിനുമായുള്ള കാത്തിരിപ്പ്‌. നാം പലപ്പോഴും പല സന്ദര്‍ഭങ്ങളിലും മറക്കുന്ന ആ നിലാപാട് ഖുര്‍ആന്‍ വ്യക്തമാക്കുന്നു, "മൂസാ തന്‍റെ ജനങ്ങളോട്‌ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട്‌ സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്‍റെതാകുന്നു. അവന്‍റെ ദാസന്‍മാരില്‍ നിന്ന്‌ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക്‌ അനുകൂലമായിരിക്കും.അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ ( ദൂതനായി ) വരുന്നതിന്‍റെ മുമ്പും, താങ്കള്‍ ഞങ്ങളുടെ അടുത്ത്‌ വന്നതിന്‌ ശേഷവും ഞങ്ങള്‍ മര്‍ദ്ദിക്കപ്പെട്ടിരിക്കുകയാണ്‌. അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയില്‍ നിങ്ങളെ അവന്‍ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട്‌ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ അവന്‍ നോക്കുന്നതാണ്‌."(അഅ്റാഫ് 128,129)

തന്റെ സമുദായത്തോട് ആയുധങ്ങലെടുത്ത് ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നയിക്കാനല്ല മൂസാ(അ) ആവശ്യപ്പെട്ടത്‌, മറിച്ചു അനുഭവിക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക് മുന്‍പിലും ക്ഷമ പാലിക്കാനാണ്!ആ ക്ഷമക്കുള്ള, അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലത്തിന്റെ ഒരു പങ്ക് അവര്‍ക്ക്‌ ദുനിയാവില്‍ നിന്ന് തന്നെ ലഭിക്കുന്നു!"ഫിര്‍ഔന്‍റെ ആള്‍ക്കാരെ ( വരള്‍ച്ചയുടെ ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട്‌ നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി.എന്നാല്‍ അവര്‍ക്കൊരു നന്‍മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക്‌ അര്‍ഹതയുള്ളത്‌ തന്നെയാണിത്‌. ഇനി അവര്‍ക്ക്‌ വല്ല തിന്‍മയും ബാധിച്ചുവെങ്കിലോ അത്‌ മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്‌ എന്നാണവര്‍ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത്‌ വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല.വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു."   (അഅ്റാഫ്  130-133)

അതെ, അവരുടെ ക്ഷമയ്ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത അന്തിമ വിജയത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു! എന്നാല്‍ ഫിര്‍ഔനും കൂട്ടരും വിശ്വാസത്തോട് ഇനിയും പുറന്തിരിഞ്ഞു നില്‍ക്കുന്നു,മര്‍ദ്ദനമുറകള്‍ ശക്തിപ്പെടുന്നു-ഇനി മൂസ(അ)ന്റെ ലക്‌ഷ്യം ഇസ്രായീല്‍ സമുദായത്തിന്റെ സ്വാതന്ത്ര്യമാണ്-പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിന്റ്റ്‌ കല്പന പ്രകാരമുള്ള ഹിജ്റ!"അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത്‌ കളയുകയും ചെയ്തു."(അഅ്റാഫ്  136-137).  അതെ ക്ഷമ പാലിച്ചത് മൂലം അവര്‍ക്ക് നല്‍കപ്പെട്ട വിജയമത്രെ അത്!

മൂസാ(അ)ന്റെ ജീവിതം നല്‍കുന്ന സന്ദേശം അത്യുന്നതമായ പ്രബോധനത്തിന്റെ സന്ദേശമാണ്-ആ പ്രബോധനം എവിടെ നിന്ന് തുടങ്ങണമെന്നും എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നുമുള്ള മാര്‍ഗ നിര്‍ദേശമാണ്! ആ പ്രബോധനത്തില്‍ തൌഹീദിന്റെ പ്രകാശവും യുക്തിഭദ്രതയുമുണ്ട്, പ്രബോധിത സമൂഹത്തിന്റെ വിശ്വാസ വിശുദ്ധീകരനത്തിനും സന്മാര്‍ഗത്തിനുമായുള്ള അതീവ താല്പര്യവുമുണ്ട്,വിഷമഘട്ടങ്ങളില്‍ പതറാതെ ക്ഷമ പാലിച്ചതിനുള്ള മഹാത്തായ ഉദാഹരണമുണ്ട്, അതിലെല്ലാമുപരി ആദര്‍ശത്തില്‍ ക്ഷമയോടെ ഉറച്ചു നിന്നാല്‍ വിശ്വാസികളുടെ വിജയവും അക്രമികളുടെ പരാജയവും സംഭവിക്കുക തന്നെ ചെയ്യുമെന്ന ഗുണപാടവുമുണ്ട്!

തൌഹീദില്‍ ഉറച്ചു നില്‍ക്കൂ...തൌഹീദ് പ്രബോധനം ചെയ്യൂ..വിജയം നമ്മെ തേടി വരിക തന്നെ ചെയ്യൂ..മഹാന്മാരായ, പ്രമുഖരായ സ്വഹാബിമാരെ കൊണ്ട് പോലും നബി(സ) പ്രതിജ്ഞ വാങ്ങിയത്‌ തൌഹീദിന്റെ കാര്യത്തിലാണ് എന്നത് ഇക്കാര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതല്ലേ?എന്നാല്‍ ആ തൌഹീദി പ്രബോധനത്തിന് ഇന്ന് മുസ്ലിം ഉമ്മത്ത്‌ എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്?

അതെ, മൂസ(അ) യുടെ ജീവിതത്തില്‍ നമുക്ക്‌ ഒരു പാട് പാഠങ്ങളുണ്ട്-എന്നാല്‍ അത് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തിയ ഒരു സായുധ വിപ്ലവകാരിയുടെതല്ല, മറിച്ച് ഏതു വലിയവന്റെയും മുഖത്ത് നോക്കി ചങ്കൂറ്റത്തോടെ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് പറയുന്ന ധീരനായ പ്രബോധകന്റെതാണ്! അതെ, മൂസാ(അ) തന്റെ ജനതയെ അടിമത്തത്തില്‍ നിന്നും പീടനനഗളില്‍ നിന്നും മോചിപ്പിച്ചു-എന്നാല്‍ എല്ലാത്തിനും അടിത്തറയായി വര്‍ത്തിച്ചത് വിശ്വാസത്തിന്റെ ആഴവും ക്ഷമയും ഏകനായ നാഥനിലേക്കുള്ള പ്രബോധനവുമായിരുന്നു എന്ന വസ്തുത നാം മറക്കാതിരിക്കുക! അതാകുന്നു മുഹര്‍റം നല്‍കുന്ന സന്ദേശം!



(റഫരെന്‍സ്: പ്രവാചകന്മാരുടെ പ്രബോധനം- ഷെയ്ഖ്‌ റബീ ബ്നു ഹാദി ഉമൈര്‍ )