Saturday 7 September 2013

മനുഷ്യരേ, നാമൊന്നാണ്!!!

എവിടെയും പ്രശ്നങ്ങളാണ്! സഹോദരങ്ങള്‍ തമ്മില്‍ , സുഹൃത്തുക്കള്‍ തമ്മില്‍ , കുടുംബങ്ങള്‍ തമ്മില്‍ , രാഷ്ട്രീയക്കാര്‍ തമ്മില്‍ ,രാജ്യങ്ങള്‍ തമ്മില്‍ !!

"ഐക്യം" എന്ന വാക്ക്‌ എങ്ങും മുഴങ്ങിക്കേള്‍ക്കുന്നു! "സാഹോദര്യം" എന്നാ വാക്ക്‌ നാട് മുഴുവന്‍ അലയടിക്കുന്നു! മനുഷ്യരെല്ലാവാരും ഏകോദര സഹോദരങ്ങളാണ്! ജാതി മത ദേശ വര്‍ണ ഭേദമന്യേ ഐക്യം വേണം! പരസ്പരം സ്നേഹിക്കണം, വിശ്വസിക്കണം, കലഹങ്ങളിലെര്‍പ്പെടരുത്- ഇവ മത രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രഭാഷണങ്ങളില്‍ , ചര്‍ച്ചകളില്‍ മുഴങ്ങി കേള്‍ക്കുന്നു...മത സാഹോദര്യ സദസ്സുകള്‍ സംഘടിപ്പിക്കപ്പെടുന്നു, ആഘോഷങ്ങളില്‍ ഏവരും ഒന്നിക്കുന്നു! മതസാഹോദര്യത്തിന്റെ വിശുദ്ധ പ്രഘോഷകന്മാര്‍ സ്നേഹത്തിന്റെ സന്ദേശം മുഴക്കുന്നു!

ഇങ്ങനെയെല്ലാമായിട്ടും ഇന്ത്യാ മഹാരാജ്യത്ത് ഗുജരാത്തുകളും മാറാടുകളുംആസാമുകളും ആവര്‍ത്തി ക്കപ്പെടുന്നു..കൊടും ക്രൂരതയടങ്ങാത്ത മനസ്സുകളില്‍ നിന്ന് വിദ്വേഷത്തിന്റെ രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്നു, മതങ്ങള്‍ തമ്മില്‍ - രാഷ്ട്രങ്ങള്‍ തമ്മില്‍ ഭൂമിയുടെയും അവകാശത്തിന്റെയും താന്‍പോരിമയുടെയും പേരില്‍ സംഘട്ടനങ്ങള്‍ മുറുകുമ്പോള്‍ മനുഷ്യ ജീവന്റെ വില മറക്കപ്പെടുന്നു!

എവിടെയാണ് നമുക്ക്‌ പിഴച്ചത്? ഒരുമിച്ച് ഓണമോ ക്രിസ്തുമസോ പെരുന്നാളോ ആഘോഷിച്ചാല്‍ തീരുന്നതായിരുന്നു നമുക്കിടയിലെ ചിദ്രതകളെങ്കില്‍ ഈ പ്രശ്നങ്ങളെല്ലാം എന്നോ തീരേണ്ടവയായിരുന്നു, അല്ലെ?

എനിക്കും മുന്നോട്ട് വെക്കാനുള്ളത് ഐക്യത്തിന്റെ സന്ദേശമാണ്!
ഖുര്‍ആന്‍  മുന്നോട്ട് വെക്കുന്ന ഐക്യത്തിന്റെ സന്ദേശം,ഏകമാനവികതയുടെ സന്ദേശം സുവ്യക്തവും ലളിതവുമാണ്-അവിടെ അപ്രായോഗിക മുദ്രാവാക്യങ്ങളില്ല, നീക്കുപോക്കുകളുടെ ഐക്യ"ഫോര്‍മുലകള്‍ " ഇല്ല-പകരം ഖുര്‍ആന്‍ മുഴുവന്‍ മാനവരാഷിയോടും ഒന്നിക്കാന്‍ ആവശ്യപ്പെടുന്നു-ഒരൊറ്റ കാര്യത്തിന്റെ മേല്‍ !

"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍ " (ഖുര്‍ആന്‍ 4:1) 
അതെ മനുഷ്യരെല്ലാം ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും വ്യാപിച്ചവരാണ്!എന്നിട്ടും മനുഷ്യര്‍ ഭിന്നിച്ചു!എന്നാല്‍ ഖുര്‍ആന്‍ പ്രയോഗവത്കരിക്കുന്നത് ഏക മാനവികതയുടെ ആശയമാണ്-
"തീര്‍ച്ചയായും ഇതാണ്‌ നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍ "(23:52)

അതെ ഏകനായ നമ്മുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിക്കുക..നമ്മില്‍ പലരും പലതിനെയും ആരാധിക്കുന്നവരാണ്-കൃഷ്ണനെയും യേശുവിനെയും അല്ലാഹുവിനെയും രാമനെയും മുഹമ്മദിനെയും എല്ലാം ആരാധിക്കുന്നവര്‍ ! എങ്കിലും നമുക്കറിയാം നമ്മുടെ സ്രഷ്ടാവ്‌ ഏകനാണ്! അല്ലേ? ഹിന്ദുവിനെ സൃഷ്ടിച്ചത് ബ്രഹ്മാവും മുസ്ലിമിനെ സൃഷ്ടിച്ചത് അല്ലാഹുവും ക്രിസ്ത്യാനിയെ സൃഷ്ടിച്ചത് യേശുവും സിക്കുകാരെ സൃഷ്ടിച്ചത് ഗുര നാനക്കുമാണ് എന്നാരെങ്കിലും വാദിച്ചാല്‍ അവനൊരു വിഡ്ഢിയാണ്! അല്ലേ? അല്ല, മനുഷ്യരെ ഏവരെയും സൃഷ്ടിച്ചത് ഏകനായ സ്രഷ്ടാവാകുന്നു! ഈ ഭൂമിയിലെ മുഴുവന്‍ മണല്‍ത്തരികളെക്കാളും അധികമുള്ള നക്ഷത്രകോടികളെ സംവിധാനിച്ച നാഥന്‍ ! അവര്‍ണനീയമായ പ്രപഞ്ചത്തില്‍ ഒരു കടുക് മണിയേക്കാള്‍ ചെറിയ ഭൂമിയെ വാസയോഗ്യമാക്കി ജീവന്റെ അദ്ഭുതം നിറച്ച തമ്പുരാന്‍ ! എല്ലാത്തിന്റെയും കാരണം തേടിയുള്ള യാത്ര അവസാനിക്കുന്നത് അവനിലാണ്.ഇങ്ങനെ പരമാണു മുതല്‍ ആകാശഗംഗകള്‍ വരെയുള്ള സകലതിന്റെയും സ്രഷ്ടാവിനെ ഖുര്‍ആന്‍ "അല്ലാഹു" എന്ന് പരിചയപ്പെടുത്തുന്നു.ഇത് ഒരു ഗോത്ര ദൈവത്തിന്റെ നാമമല്ല-ഏതെന്കിലും നാട്ടുകാരുടെ മാത്രം സ്രഷ്ടാവല്ല-"അല്ലാഹു" എന്നാ പദത്തിന്റെ അര്‍ഥം 'സകല വിധ ആരാധനകളും അര്‍ഹിക്കുന്നവന്‍" എന്നത്രേ! അതിനാല്‍ തന്നെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ദൈവമായിട്ടല്ല ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്, മറിച്ച് ലോകത്താകമാനമുള്ള മനുഷ്യരുടെ ദൈവമായിട്ടാണ്.ഏറവും ചുരുങ്ങിയ-എന്നാല്‍ മനോഹരമായ വാക്കുകളില്‍ ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നു-
"പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.അവന്ന്‌ തുല്യനായി ആരും ഇല്ലതാനും"(112:1-4). എത്ര സുവ്യക്തം !അതുല്യന്‍ ,അജയ്യന്‍. ,അന്യൂന്യന്‍ ,സര്‍വശക്തന്‍,സര്‍വജ്ഞാനി!

ക്ഷമിക്കണം,നാം സംസാരിച്ചത്‌ ഐക്യത്തെ സംബന്ധിച്ചായിരുന്നു! അത്യന്താപേക്ഷിതമായ ഒരു വ്യതിചലനം വിഷയത്തില്‍ വന്നത്തില്‍ ഖേദിക്കുന്നു.അതെ, നമ്മുടെ ദൈവം ഏകാനല്ലേ? ഒന്നില്‍ കൂടുതല്‍ ദൈവങ്ങള്‍ നമുക്കുണ്ടായിരുന്നെങ്കിലുള്ള സ്ഥിതി വളരെ രസാവഹവും അതോടൊപ്പം ദുരന്തപൂര്‍ണവുമായിരിക്കും  അല്ലേ?
"അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍ "(23:91)

ഏകനായ സ്രഷ്ടാവ്! ആ ഏകത്വം അവനു നാം ആരാധനയിലും വകവെച്ചു നല്‍കേണ്ടതില്ല..നമ്മെ സൃഷ്ടിച്ച നാഥന്‍ നമ്മെ കുറിച്ച് എല്ലാം അറിയുന്നവനാകുന്നു!നമ്മുടെ പ്രയാസങ്ങളറിഞ്ഞു നമ്മുടെ ഉള്ളിന്റെയുള്ളിലെ പ്രാര്‍ഥനകള്‍ ഉത്തരം നല്‍കാന്‍ കഴിവുള്ളവന്‍ അവനാണോ അതോ മനുഷ്യന്‍ തീര്‍ത്ത വിഗ്രഹങ്ങളാണോ? ...നമ്മുടെ മനസ്സിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ ശേഷിയുള്ളവന്‍ ആ സ്രഷ്ടാവായ തമ്പുരാനാണോ അതോ മരിച്ചു മണ്ണടിഞ്ഞു
പോയവരാണോ? യേശുവും  മുഹമ്മദും കൃഷ്ണനും അല്ല ആരാധിക്കപ്പെടെണ്ടവര്‍ -മറിച്ചു അവരെയും സൃഷ്ടിച്ച ദൈവമാകുന്നു!

വീണ്ടും വിഷയം വഴി തെറ്റിപ്പോകുന്നു! അതെ, ഖുര്‍ആന്‍ മുന്നോട്ട് വെച്ച ഐക്യത്തിന്‍റ്റെ സന്ദേശം-എന്തായിരുന്നു അത്?
" ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത് "
 അതെ,നമുക്കെല്ലാ അനുഗ്രഹങ്ങളും ചെയ്തു തന്ന ആ സ്രഷ്ടാവിന് സമന്മാരെ ഉണ്ടാക്കരുത്.എല്ലാ കാര്യത്തിലും വന്‍ ഏകനായ പോലെ ആരാധനയുടെ കാര്യത്തിലും അവന്‍ ഏകനാകുന്നു.യേശു പ്രബോധനം ചെയ്ത ആദ്യ സന്ദേശമായി ഖുര്‍ആന്‍ പഠിപ്പിക്കുന്നതും ഇത് തന്നെ
"( ഈസാ പറഞ്ഞു: ) തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം."
അതെ ഇതാണ് നേരായ മാര്‍ഗം! അത് തന്നെയാണ് ഐക്യത്തിന്റെ മാര്‍ഗവും...മനുഷ്യര്‍ എല്ലാവരും ഒരൊറ്റ ദൈവത്തിന്റെ സൃഷ്ടികള്‍ ! അതിനാല്‍ തന്നെ നാമെല്ലാവരും അവനോടു കടപ്പെട്ടവര്‍ ! എന്റെ പ്രാര്‍ഥനകള്‍ ഇനി സൃഷ്ടികളോടല്ല-ഏകനായ സ്രഷ്ടാവിനോടാകുന്നു-കാരണം എന്റെ പ്രയസങ്ങലറിയുന്നവന്‍ അവന്‍ മാത്രം-എന്റെ ഭാവി അറിയുന്നവന്‍ അവന്‍ മാത്രം -എന്റെ ചിന്തകളും വ്യാധികളും ആകുലതകളും ആഗ്രഹങ്ങളും അറിയുന്നവന്‍ അവന്‍ മാത്രം! എന്റെ പ്രാര്‍ഥനകള്‍ അവനോടു മാത്രം! അവന്റെ നിയമങ്ങള്‍ അനുസരിക്കുക! അതാണ്‌ ചൊവ്വായ മാര്‍ഗം! അതാണ്‌ ഐക്യത്തിന്റെ മാര്‍ഗം! പിന്നെ വര്‍ഗീയ കലാപങ്ങളില്ല..ഹിന്ദുവിന്റെ രക്തം മുസ്ലിമിന്റെയും മുസ്ലിമിന്റെ രക്തം ഹിന്ദുവിന്റെയും കൈകളില്‍ പുരളില്ല! അതെ ദേശ ഭാഷാ വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി നമ്മെ സൃഷ്ടിച്ച നാഥനെ അംഗീകരിച്ചവരാകുന്നു നാമെല്ലാവരും!അവന്റെ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചാല്‍ പിന്നെ കലഹങ്ങളില്ല തന്നെ! അതെ, നമുക്ക്‌ ഒന്നിക്കാം..

"നിങ്ങളൊന്നിച്ച്‌ അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച്‌ പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന്‌ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്‌ വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി. നന്‍മയിലേക്ക്‌ ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന്‌ ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍ .
വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം പല കക്ഷികളായി പിരിഞ്ഞ്‌ ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്‌. അവര്‍ക്കാണ്‌ കനത്ത ശിക്ഷയുള്ളത്"(3:103-105)

അതെ, ഈ ഐക്യത്തിന്റെ സന്ദേശമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്! നമുക്കൊന്നിച്ച് കൂടെ സോദരരെ?