Tuesday 7 October 2014

ഒരു കല്ല്‌ വളര്‍ന്ന കഥ....

ഞാനും ഉപ്പയും കോട്ടക്കലില്‍ നിന്ന് പാലക്കാട്ടേക്ക് പോകുന്ന വഴി മണ്ണാര്‍ക്കാട് എത്താറായപ്പോള്‍ ആണ് ഡ്രൈവര്‍ സുധാകരേട്ടന്‍ പറഞ്ഞത്‌,"ഇവിടെ നിങ്ങളുടെ സമുദായത്തിന്റെ ഒരു പുണ്യ സ്ഥലമുണ്ട്".. സുധേട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്ന് തോന്നി.സ്ഥലമെത്തിയപ്പോള്‍ മൂപ്പര്‍ വണ്ടി സൈടാക്കി..റോഡിന്റെ എതിര്‍വശത്തെ കെട്ടിടത്തില്‍ "നാട്ടുകല്‍ വലിയുല്ലാഹി മഖാം" എന്നെഴുതി വെച്ചിരിക്കുന്നു..പോകുന്ന വാഹനങ്ങളില്‍ മിക്കതും വണ്ടി നിര്‍ത്തി സംഭാവന നല്‍കിയേ പോകുന്നുള്ളൂ.. എന്നാല്‍ പിന്നെ കണ്ടിട്ട് തന്നെ കാര്യം എന്നായി..
റോഡു ക്രോസ് ചെയ്തു അപ്പുറത്ത് കടന്നു..കെട്ടിടത്തിനു മുന്‍പിലായി ഒരു വലിയ പാറക്കല്ല് നീണ്ടു നിവര്‍ന്നു കിടക്കുന്നു. അതിന്മേല്‍ "ഇവിടെ ചവിട്ടരുത്" എന്ന് എഴുതി വെച്ചിട്ടുണ്ട്..ഉള്ളിലോട്ട് കടന്നു. ഒരു ശവകുടീരം സിമന്റ് ഇട്ടു തേച്ചു പച്ച പെയിന്റ് അടിച്ചു വെച്ചിരിക്കുന്നു. അടുത്ത് തന്നെ വലിയൊരു പാറക്കല്ല് കുത്തനെ നിവര്‍ന്നു നില്‍ക്കുന്നു. നിലവിളക്ക്, ചന്ദനത്തിരി എന്നിത്യാദി സംഭവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല(ഒരു പാട് ട്യൂബ് ലൈറ്റ്‌ ഉള്ളിടത് എന്തിനാണ് ഇത്തിരിപ്പോന്ന നിലവിളക്ക് വെക്കുന്നത് എന്നത് ഇത് വരെ ഉത്തര കിട്ടാത്ത ഒരു ചോദ്യമാണ്!).
സംഭവം തിരിയാതെ നില്‍കുന്ന ഞങ്ങള്‍ മാപ്പിളമാരുടെ നിസ്സയാവസ്ഥ മനസ്സിലാക്കി ഹൈന്ദവ വിശ്വാസിയായ സുധേട്ടന്‍ കാര്യം വിശദമാക്കി തന്നു," പേരോ ഊരോ അറിയാത്ത ഒരാളുടെ ശവകുടീരമാണിത്. മരിച്ചു ശവമടക്കിയപ്പോള്‍ കുത്തിവെച്ച മീസാന്‍ കല്ല്‌(മീസാന്‍ കല്ല്‌- ഒരിടത്ത് ഒരു ഖബര്‍(ശവകുടീരം) ഉണ്ട് എന്ന് സൂചിപ്പിക്കാന്‍ വെക്കുന്ന കല്ല്‌) അദ്ഭുതകരമായി വളരാന്‍ തുടങ്ങി! ബഷീറിന്റെ മൂക്കനെ പോലെ ഇങ്ങേരുടെ മീസാന്‍ കല്ല്‌ അനുദിനം വളരുകയാണ്! ഒടുവില്‍ ആ വഴി വന്ന ഒരു മഹാദിവ്യനോട് നാട്ടുകാര്‍ പരാതി പറഞ്ഞു. ദിവ്യന്‍ കയ്യിലെ വടിയെടുത്ത് "മതി കല്ലേ വളര്‍ന്നത്‌" എന്നും പറഞ്ഞു ഒറ്റയടി. കല്ല്‌ രണ്ടു കഷണമായി പിളര്‍ന്നു-ഒരു പീസ്‌ റോഡ്‌ സൈഡില്‍ വീണു കിടക്കുന്നു-മറ്റേ പീസ്‌ കബരിന്റെ അടുത്ത് തന്നെ നീണ്ടു നിവര്‍ന്നു നില്‍ക്കുന്നു. അതോട് കൂടി കല്ലിന്റെ വളര്‍ച്ചയും നിന്നു!"
ഏകദൈവാരാധനയില്‍ അധിഷ്ടിതമായ ഒരു മതത്തില്‍ ഇമ്മാതിരി കള്ളക്കഥകളും വ്യാജ ദിവ്യന്മാരും വ്യാപകമാകുന്നു..മരണപ്പെട്ട മനുഷ്യരെ വിളിച്ചു പ്രാര്‍ഥിചിട്ടോ, അവരോട് ആവലാതികള്‍ ബോധിപ്പിചിട്ടോ ഒരു കാര്യവുമില്ല എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ്‌ പോലുമില്ലാത്ത ആളുകള്‍! അവരോടു ഇത്രയേ പറയാനുള്ളൂ..ഏറ്റവും മിനിമം ശോകേസില്‍ ഭദ്രമായി വെച്ചിരിക്കുന്ന ഖുര്‍ആന്‍ എടുത്തു തുറന്നു എന്നും മിനിമം പതിനേഴു തവണ നിസ്കാരത്തില്‍ ഓതുന്ന ഫാത്തിഹ എന്ന ഒന്നാമത്തെ അധ്യായത്തിലെ അഞ്ചാം വചനത്തിന്റെ അര്‍ഥം പഠിക്കുക...
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു."
മാപ്പിളമാരേ, എന്ട്രന്സിനു റാങ്ക് നേടുന്ന ആ തലമണ്ട ഉപയോഗിച്ച് ഈ ചെറിയ കാര്യമെന്കിലും ഒന്ന് ചിന്തിക്കൂ...പ്ലീസ്‌....

മൂന്ന് വക്ത് നിസ്കാരവും ഖുര്‍ആനും: ഒരു ഐ ഐ ടി മദ്രാസ്‌ ചരിതം..

ഉദ്ദേശം ഒന്നര കൊല്ലം മുന്‍പ്‌ നടന്ന സംഭവം...ഐ ഐ ടി ചെന്നൈയില്‍ ആദ്യമായി ഒരു പബ്ലിക്‌ ഇസ്ലാമിക്‌ ലെക്ചര്‍-അതും മലയാളത്തില്‍ നടക്കുന്നു(വിഷയം: എന്ത് കൊണ്ട് മതം)..ബഹുമാന്യരായ എം എം അക്ബര്‍, മുസ്തഫ തന്‍വീര്‍ എന്നിവരാണ് പങ്കെടുത്തത്..
സമയം രാത്രി പതിനൊന്നു മണിയായിട്ടണ്ട്.പരിപാടി കഴിഞ്ഞ ഉടനെ ഒരു മുസ്ലിം പേരുള്ള ചങ്ങാതി വന്നു അക്ബര്‍ക്കയോട് ഹദീസുമായി ബന്ധപ്പെട്ടു ഒരുപാട് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അക്ബര്‍ക്ക അദ്ദേഹത്തോട് നാളെ വരാന്‍ പറഞ്ഞു.
പിറ്റേന്ന് അക്ബര്‍ക്ക തിരിച്ചു പോകാന്‍ നേരമാണ് മൂപ്പര്‍ വന്നത്. ഈ ചങ്ങായിയെ മുസ്തഫ തന്‍വീറിന് വിട്ടു കൊടുത്തു അക്ബര്‍ക്ക പോയി. ഞങ്ങള്‍ കുറച്ചാളുകള്‍ ചുറ്റും ഇരിക്കെ രണ്ടാളും സംവദിക്കാന്‍ തുടങ്ങി. ഹദീസുകളുടെ പ്രാമാനികതയെ ചോദ്യം ചെയ്യല്‍ ഖുര്‍ആനിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യലാണ് എന്ന് തന്‍വീര്‍ക സ്ഥാപിച്ചതോടെ ഹദീസ്‌ നിഷേധി വിഷയം മാറ്റാന്‍ തുടങ്ങി. അങ്ങനെ കറങ്ങി തിരിഞ്ഞു വിഷയം നമസ്കാരത്തിന്റെ വക്തുകളുടെ എണ്ണമായി..തുടര്‍ന്ന് സംഭവിച്ചത് ഇങ്ങനെ:(സംഭാഷണത്തിന്റെ ആകത്തുക)
മു.ത(മുസ്തഫ തന്‍വീര്‍):നിങ്ങള്‍ എന്ത് കൊണ്ട് മൂന്നു വക്ത് മാത്രം നമസ്കരിക്കുന്നു?
ഹ.നി(ഹദീസ്‌ നിഷേധി):ഖുര്‍ആനില്‍ മൂന്നു വക്ത് നമസ്കാരം മാത്രമേ പറയുന്നുള്ളൂ..
മു.ത: ഖുര്‍ആനില്‍ നിന്ന് തന്നെ മൂന്നു വക്തില്‍ കൂടുതല്‍ നമസ്കാരം ഉണ്ട് എന്ന് തെളിയിച്ചാല്‍?
ഹ.നി: അതിനു കഴിയൂല...
മു.ത:സൂറത്തുല്‍ ബഖരയിലെ 238ആം ആയത്ത്..حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ
الصَّلَوَاتِ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?
ഹ.നി: നമസ്കാരങ്ങള്‍..സ്വലാത്തിന്റെ ബഹുവചനമാണ് "സ്വലവാത്"
മു.ത: വെറും നമസ്കാരങ്ങള്‍ അല്ല, അറബിയില്‍ രണ്ടില്‍ കൂടുതല്‍ ഉള്ള എണ്ണങ്ങള്‍ക്കാണ് ബഹുവചനം ഉപയോഗിക്കുക..അതായത് ഏറ്റവും ചുരുങ്ങിയത്‌ മൂന്നു നമസ്കാരങ്ങള്‍..അല്ലെ?
ഹ.നി: അതെ..
മു.ത:ഇനി, അടുത്ത വാക്യം: وَالصَّلَاةِ الْوُسْطَىٰ. "വ" എന്ന വാക്കിന്റെ അര്‍ഥം എന്താണ്?
ഹ.നി:ഇംഗ്ലിഷില്‍ and എന്നതിന് സമാനം..
മു.ത: അതെ,ഇനി الصَّلَاةِ الْوُسْطَىٰ എന്നതിന്റെ ഭാഷാര്‍ഥം "മധ്യത്തിലുള്ള നമസ്കാരം" എന്നാണു..അല്ലെ?
ഹ.നി: അതെ..
മു.ത: അപ്പൊ മിനിമം മൂന്നു നമസ്കാരങ്ങളും, അത് കൂടാതെ മധ്യത്തിലുള്ള നമസ്കാരവും..മധ്യത്തില്‍ ഒരു നമസ്കാരം വേണമെങ്കില്‍ മൊത്തം നമസ്കാരങ്ങളുടെ എണ്ണം ഒറ്റ സംഖ്യ ആവണോ അതോ ഇരട്ടയാവാണോ?
ഹ.നി: ഒറ്റ..
മു.ത: അപ്പൊ നിങ്ങള്‍ പറഞ്ഞത് തെറ്റിയില്ലേ? ഖുര്‍ആന്‍ പ്രകാരം മിനിമം 5, അല്ലെങ്കില്‍ 7 എന്നിങ്ങനെയാണ് നമസ്കാരങ്ങളുടെ എണ്ണം!
ഹ.നി: ബ ബ്ബ ബ്ബ ...
ആ സംഭവത്തിന്‌ ശേഷം മൂപ്പര്‍ പോയ വഴി പുല്ലു മുളചിട്ടില്ല!!