Wednesday 1 July 2015

മഴവില്ലഴകിനു പിന്നില്‍: ഇസ്ലാമും സ്വവര്‍ഗാനുരാഗവും

 കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ മിഴി തുറന്നത് മഴവില്ലഴകുള്ള ചിത്രങ്ങളിലേക്കാണ്. അമേരിക്കന്‍ കോടതി ഒരേ ലിംഗത്തില്‍ പെട്ടവരുടെ വിവാഹം നിയമവിധേയമാക്കിയതും ഈ ജൂണ്‍ മാസം "LGBT Celebrate Pride" മാസമായി കൊണ്ടാടുന്നതും വളരെ വലിയ വാര്‍ത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്.


ഉദ്ദേശം അര നൂറ്റാണ്ട് മുന്പ് സ്വവര്‍ഗാനുരാഗം പാപവും മാനസിക വൈകൃതവുമായിട്ടാണ് ലോക ജനത കണ്ടിരുന്നതെങ്കില്‍, ഇന്ന് സ്വവര്‍ഗാനുരാഗം മ്ലേച്ഛമാണ് എന്ന് പറയുന്നവരെ "homophobic" ആയി മുദ്ര കുത്തുകയും അവരെ മാനസിക രോഗികളായി കാണുകയും ചെയ്യുന്ന അവസ്ഥാ വിശേഷമാണ് നിലവിലുള്ളത്! ഒരു പക്ഷേ മത വിശ്വാസമായിരുന്നു സ്വവര്‍ഗാനുരാഗ ചിന്തകള്‍ക്ക് വിലക്കായി എല്ലാ രാജ്യങ്ങളിലും നില കൊണ്ടിരുന്നത്. എല്ലാ സെമിറ്റിക് മതങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങളെ പാപമായി കാണുന്നു. ക്രൈസ്തവ മത വിശ്വാസത്തില്‍ നിന്ന് മെല്ലെയെങ്കിലും, ആളുകള്‍ വ്യതിചലിച്ചു പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത് ചര്‍ച്ചുകള്‍  സ്വവര്‍ഗാനുരാഗതോട് വെച്ച് പുലര്‍ത്തുന്ന നിലപാടാണ്. അമേരിക്കയില്‍ നടന്ന ഒരു സര്‍വെയില്‍ ചെറുപ്പത്തിലെ മതവിശ്വാസം ഉപേക്ഷിച്ച ആളുകളില്‍ 24% പേര്‍ സ്വവര്‍ഗരതിയോടുള്ള ക്രൈസ്തവ നിലപാട് തങ്ങളുടെ മതനിരാസത്തിനു കാരണമായി എന്ന് ചൂണ്ടിക്കാണിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഇസ്ലാം മതത്തിനു സ്വവര്‍ഗ ലൈംഗികതയോടുള്ള നിലപാട് വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.


1967 വരെ  ബ്രിട്ടീഷ് നിയമം പ്രകാരം  സ്വവര്‍ഗാനുരാഗം കുറ്റകരമായിരുന്നു. 
സ്വവര്‍ഗാനുരാഗത്തെ ആളുകള്‍ മുന്പ് എതിര്‍ക്കാനുള്ള പ്രധാന കാരണം അത് പ്രകൃതി വിരുദ്ധമാണ് എന്നതായിരുന്നു. സ്വവര്‍ഗ ലൈംഗികത ജീവജാലങ്ങളുടെ സ്വാഭാവിക പ്രകൃതിക്ക് എതിരാണ് എന്ന സുപ്രധാന വാദത്തെ എതിരിടാന്‍ ഒരു പാട് ഗവേഷകര്‍ കിണഞ്ഞു ശ്രമിച്ചു! അങ്ങിനെയാണ് ജപ്പാന്‍ കടല്‍ തീരത്തെ ചില ആണ്‍ മത്സ്യങ്ങള്‍ തങ്ങളുടെ ഇണകളെ മറ്റുള്ള ആണ്‍ മത്സ്യങ്ങള്‍ സമീപിക്കാതിരിക്കാന്‍ സ്ത്രീയായി അഭിനയിക്കുമെന്നും ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ചില ശലഭങ്ങളും ഇതേ "സ്വവര്‍ഗാനുരാഗ" സ്വഭാവം പുറത്തെടുക്കുമെന്നും, അതിനാല്‍ ഇത് "പ്രകൃതിപരമാണ്" എന്നും ചില "ഗവേഷകര്‍" കണ്ടെത്തിയത്!  തെക്കേ അമേരിക്കയിലെ ചില പെണ്‍ ചിലന്തികള്‍ ഇണ ചേര്‍ന്ന ശേഷം സ്വന്തം ഇണയെ തന്നെ തിന്നു കളയുന്നത് ഈ ഗവേഷകര്‍ കാണാതെ പോയതില്‍ പുരുഷസമൂഹത്തിനു തന്നെ ആശ്വസിക്കാന്‍ വകയുണ്ട്!

പിന്നീട് എണ്‍പതുകളില്‍ തലച്ചോറുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥി സ്വവര്‍ഗാനുരാഗികളില്‍ ചെറുതായിരിക്കും എന്ന പഠനം പുറത്തു വന്നു. എന്നാല്‍ ഒരു പാട് ശാസ്ത്രജ്ഞര്‍ ഇതിനെതിരെ രംഗത്തെത്തി. മരണപ്പെട്ടവരുടെ തലച്ചോറിന്റെ ക്രോസ്-സെക്ഷനുകളില്‍ നിന്ന് നടത്തിയ പഠനം ശാസ്ത്രീയമല്ല എന്നും, ഇക്കാരണത്താല്‍ സ്വവര്‍ഗാനുരാഗികളില്‍ ഗ്രന്ഥിയുടെ വലിപ്പം അവരുടെ ജീവിത ശൈലിയാല്‍ ക്രമേണ കുറഞ്ഞതാണ്- അതല്ലാതെ ജനിച്ചപ്പോള്‍ തന്നെ അങ്ങനെയായിരുന്നില്ല എന്നും പഠനങ്ങള്‍ തെളിയിച്ചു.

ഈയിടെ ഗേ-ലെസ്ബിയന്‍ വിഭാഗക്കാര്‍ക്ക് അവരുടെ ഈ അവസ്ഥ ജനിതികമാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരുപാട് പഠനങ്ങള്‍ നടന്നു വരുന്നു. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. ഡീന്‍ ഹാമര്‍ ആണ് ആദ്യമായി "ഗേ ജീന്‍" ജനിതിക കോഡില്‍ ഉണ്ട് പഠനവുമായി രംഗത്തെത്തിയത്. അമ്മമാരുടെ എക്സ് ക്രോമോസോം (X-Chromosome) വഴിയാണ് പുരുഷന്മാരിലേക്ക് ഈ ജീന്‍ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന് പ്രശസ്തമായ "സയന്‍സ്" ജേര്‍ണലില്‍ 1993 ജൂലൈ മാസം അദ്ദേഹം എഴുതി. എന്നാല്‍ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയില്‍ ഇതേ വിഷയകമായി പഠനം നടത്തപ്പെട്ടപ്പോള്‍ എക്സ് ക്രോമോസോമും ഒരാളുടെ ലൈംഗികതയുമായി ബന്ധം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഡീന്‍ ഹാമറിന്റെ പഠനങ്ങള്‍ സംശയത്തിന്റെ നിഴലിലായി.1994 ജൂണില്‍ അദ്ദേഹത്തിന്റെ ഒരു ജൂനിയര്‍ ഡീന്‍ ഹാമര്‍ തന്റെ പഠനങ്ങളില്‍ ആവശ്യമായ ഫലങ്ങള്‍ക്കായി കൃത്രിമം നടത്തി എന്ന് വെളിപ്പെടുത്തിയത് ചിക്കാഗോ ട്രിബൂന്‍ പുറത്തു വിട്ടു.ഡോ. ഡീന്‍ ഹാമര്‍ പിന്നീട് താന്‍ ഒരു ഗേ ആണ് എന്ന് വെളിപ്പെടുത്തി. ഒടുവില്‍ 1999ല്‍ ജോര്‍ജ് റൈസ്, ജോര്‍ജ് എബെഴ്സ് എന്നിവര്‍ "സയന്‍സ്" മാഗസിനില്‍ തന്നെ എക്സ്-ക്രോമോസോമും സ്വവര്‍ഗപ്രേമവും തമ്മില്‍ ബന്ധമില്ല എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ ഡീന്‍ ഹാമറിന്റെ പഠനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ സമൂഹം ഇടപെടുന്നത് എന്തിനു എന്ന വ്യക്തി കേന്ദ്രീകത വാദങ്ങള്‍ സ്വവര്‍ഗാനുരാഗ പ്രസ്ഥാനങ്ങള്‍ മുഖ്യ വാദമാക്കി മാറ്റിയത് പിന്നീടാണ്. മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന കുടുംബമെന്ന സാമൂഹ്യ ഘടനയെ തന്നെ അപ്പാടെ തകര്‍ത്ത് കളയുന്ന ഇത്തരം വാദങ്ങള്‍, ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ സഹോദരീ സഹോദരന്മാര്‍  തമ്മില്‍ ഉഭയകക്ഷി ഉടമ്പടി പ്രകാരം ഒന്നിച്ചു താമസിച്ചാല്‍ കുഴപ്പമില്ല (incest) എന്ന മഹാ ദുരന്തകരമായ നിയമങ്ങള്‍ നിലവില്‍ വരുന്ന അവസ്ഥയില്‍ എത്തിച്ചു! ഇന്‍സെസ്റ്റ് ഒരു മൌലികാവകാശമാണ് (!!) എന്ന് പ്രസ്താവന പുറപ്പെടുവിച്ചത് ജര്‍മന്‍ എത്തിക്കല്‍ കൌണ്‍സില്‍ ആയിരുന്നു. 

സ്വവര്‍ഗാനുരാഗികളില്‍ ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയേറെ ആണ് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സാധാരണ ആളുകളെ അപേക്ഷിച്ച് ഇത്തരം ആളുകള്‍ക്ക് എയിഡ്സ് പിടിപെടാനുള്ള സാധ്യത 18 മടങ്ങാണ് എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.മാത്രമല്ല, ലോകമെമ്പാടും എയിഡ്സ് ബാധിതരുടെ ശതമാനം വര്‍ഷാവര്‍ഷം കുറഞ്ഞു വരുമ്പോള്‍ സ്വവര്‍ഗാനുരാഗികളിലെ എയിഡ്സ് ബാധിതരുടെ എണ്ണം ലോകത്ത് എല്ലാ രാജ്യങ്ങളിലും വര്‍ധിച്ചു വരികയാണ് എന്നാണു കഴിഞ്ഞ വര്ഷം വാഷിംഗ്‌ടണ്‍ ഡി സി യില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ എയിഡ്സ് കോണ്‍ഫറന്‍സ് ആശങ്ക പ്രകടിപ്പിച്ചത്. അമേരിക്കയില്‍ അഞ്ചില്‍ ഒരു സ്വവര്‍ഗാനുരാഗി എച്ച്ഐവി ബാധിതനാണ് എന്നാണു 2010ല്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ണൂറുകളില്‍ മാനവ കുലത്തില്‍ എയിഡ്സിന്റെ തുടക്കം തന്നെ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരില്‍ ആയിരുന്നു എന്നത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട വസ്തുതയാണ്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നടത്തുന്നവര്‍ക്ക്(അവരുടെ sexual orientation എന്തായാലും) ഒരു ഒര്‍മപ്പെടുതലായി ഇന്നും ആ മഹാവ്യാധി പതിനായിരങ്ങളെ കൊന്നൊടുക്കുന്നു!


ഇസ്‌ലാം ഈ വിഷയത്തില്‍ പുലര്‍ത്തുന്ന നിലപാട് മനസ്സിലാക്കുന്നതിനു ഉപോല്‍ബലകമായി എന്താണ്ന ന്മയും തിന്മയും എന്ന്  ഇസ്‌ലാം എങ്ങനെ വേര്‍തിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യ മനസിന്റെ ചാഞ്ചാട്ടങ്ങളുടെ അളവുകോലുകളില്‍ കാലഘട്ടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസൃതമായി നന്മകളും തിന്മകളും മാറിക്കൊണ്ടേയിരിക്കുന്നു. സ്വവര്‍ഗ ലൈംഗികത തന്നെ ഉദാഹരണമായെടുക്കാം. അരനൂറ്റാണ്ടു മുന്പ് വരെ സ്വവര്‍ഗ ലൈംഗികത പാശ്ചാത്യ സംസ്കാരത്തില്‍ മ്ലേച്ഛത ആയിരുന്നെങ്കില്‍ ഇന്ന് അതൊരു ഭരണഘടനാ പരമായ അവകാശമാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും തുര്‍ക്കി പോലുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇന്നും സ്വവര്‍ഗ ലൈംഗികത ഒരു പാപമായി കണക്കാപ്പെടുന്നു. മാത്രമല്ല, പല ചെയ്തികളും തിന്മയാണോ നന്മയാണോ എന്ന് ഇന്നും അന്ത്യമില്ലാത്ത ചര്‍ച്ചകള്‍ (ഉദാ: ദയാവധം) നാം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഇവിടെ, ഇസ്ലാം വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കാന്‍ ഉദ്ഗോഷിക്കുന്ന ഇസ്ലാം , അതോടൊപ്പം ഈ ലോകത്ത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നീതി  നടപ്പിലാക്കാന്‍ സാധിക്കില്ല എന്നും നാളെ മരണത്തിനു ശേഷം നമ്മുടെ എല്ലാ ചെയ്തികളും ചോദ്യം ചെയ്യപ്പെടും എന്നും പഠിപ്പിക്കുന്നു. നമ്മെ സൃഷ്ടിച്ചവനായ ദൈവത്തിനു മറ്റാരേക്കാളും നന്നായി നമുക്കെന്താണ് ഗുണം എന്നും ദോഷമെന്നും അറിയാമെന്നും നന്മ തിന്മകള്‍ എന്തെല്ലാമാണെന്ന് സ്രഷ്ടാവ് വ്യവച്ഛേദിചിട്ടുണ്ടെന്നും അവക്കനുസരിച്ചാണ് പരലോകത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുക എന്നും ഇസ്ലാം ഉദ്ഘോഷിക്കുന്നു. നന്മയും തിന്മയും വേര്‍തിരിക്കാന്‍ സത്യാസത്യവിവേചനമായ (അല്‍-ഫുര്‍ഖാന്‍) ഒരു വേദഗ്രന്ഥവും അതിന്റെ ജീവിക്കുന്ന സാക്ഷിയായ ഒരു മനുഷ്യനെയും ദൈവം നിയോഗിക്കുകയുണ്ടായി. (ചിലര്‍ക്ക് ഇത് കേട്ടുകേള്‍വിയും കെട്ടുകഥയും ആയി തോന്നാം.. എന്നാല്‍ ഇതിനു പിന്നിലെ യുക്തിയും തെളിവുകളും വിലയിരുത്താനും ചര്‍ച്ച ചെയ്യാനും സുമനസ്സോടെ സ്വാഗതം ചെയ്യുന്നു :) ) അതിനാല്‍ തന്നെ കാലഘട്ടത്തിനും പ്രദേശത്തിനും അനുസരിച്ച് നന്മയുടെയും തിന്മയുടെയും പേരില്‍ തര്‍ക്കിക്കേണ്ട കാര്യം വിശ്വാസികള്‍ക്കില്ല. ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം പൂര്‍ണാര്‍ഥത്തില്‍ നീതിമാനായിരിക്കണം- അതിനാല്‍ തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും വേര്‍തിരിച്ചു മനസ്സിലാക്കി തരേണ്ടതും അതിനനുസരിച്ച് വിധി പ്രഖ്യാപിക്കെണ്ടതും നീതിമാനായ സ്രഷ്ടാവിന്റെ ബാധ്യതയാണ്.

ഖുര്‍ആന്‍ സ്വവര്‍ഗാനുരാഗത്തെ ഒരു തിന്മയായി പ്രഖ്യാപിക്കുന്നു. ലൂത് പ്രവാചകന്റെ ദേശക്കാരുടെ (സദോം) നാശത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായും സ്വവര്‍ഗ ലൈംഗികതയെ പരിചയപ്പെടുത്തുന്നു. "ലൂത്വിനെയും ( നാം അയച്ചു. ) അദ്ദേഹം തന്‍റെ ജനതയോട്‌, നിങ്ങള്‍ക്ക്‌ മുമ്പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക്‌ നിങ്ങള്‍ ചെല്ലുകയോ? എന്ന്‌ പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക.) സ്ത്രീകളെ വിട്ട്‌ പുരുഷന്‍മാരുടെ അടുത്ത്‌ തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട്‌ പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു." (ഖുര്‍ആന്‍ 7:80,81)
ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് അയാള്‍ എങ്ങനെയാവണം എന്നത്.  ജനനത്തിലൂടെ തന്നെ ഒരാള്‍ സ്വവര്‍ഗാനുരാഗി ആകുന്നു എന്നതിന് ഇന്നും തെളിവുകളില്ല എന്നും നാം നേരത്തെ മനസ്സിലാക്കി(റഫറന്‍സുകള്‍ ശ്രദ്ധിക്കുക). ദൈവം സ്വവര്‍ഗ പ്രേമികളെ സൃഷ്ടിക്കുകയും അതിനെ ഒരു കുറ്റമായി പ്രഖ്യാപിക്കുകയും അതിനു പരലോകത്ത് ശിക്ഷ ഏര്‍പ്പെടുത്തുകയും  ചെയ്തു എന്നത് യുക്തിപരമായ കാര്യമല്ല. അങ്ങനെ പറയല്‍ ദൈവം അനീതി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നതിന് തുല്യമാണ്.വ്യത്യസ്തങ്ങളായ സാമൂഹ്യ സാഹചര്യങ്ങളാണ് ഒരാളെ ഇത്തരം അവസ്ഥയിലേക്കും ചോദനകളിലെക്കും എത്തിക്കുന്നത്. നാം മനുഷ്യര്‍ ബുദ്ധിയും ചിന്താ ശേഷിയും ഉള്ളവരാണ്. എന്ത് തിരഞ്ഞെടുക്കണം എന്ത് മാറ്റിവെക്കണം എന്ന് തീരുമാനിക്കുന്നത് നാമാണ്. എന്നാല്‍ അതിന്റെ പരിണിത ഫലങ്ങള്‍ നാം തന്നെ അനുഭവിക്കണം എന്ന് മാത്രം.

എന്നാല്‍ ഒരാള്‍ക്ക് അത്തരം ഒരു ചിന്ത ഉടലെടുക്കുക എന്നതിനെ ഒരു തിന്മയായി ഇസ്ലാം കാണുന്നില്ല. മനസ്സിന്റെ തോന്നലുകളെയല്ല, മറിച്ചു ശരീരത്തിന്റെ പ്രവൃത്തികളെയാണ് ഇസ്ലാം തിന്മയായി കാണുന്നത്. മറ്റുള്ളവര്‍ക്ക് അസാധാരണമായി തോന്നാവുന്ന തോന്നലുകള്‍ ചില ആളുകള്‍ക്ക് ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരം ചിന്തകള്‍ ഉണ്ടാവുന്നത് മൂലം അവ പ്രവര്‍ത്തിയില്‍ കൊണ്ട് വരാം എന്ന മനോഗതിയെ ന്യായീകരിക്കാവുന്നതല്ല. ഇത്തരം ചിന്തകളുടെ കാരണം പലതാകാം.   ഈ ലോകത്തെ ജീവിതം ഒരു പരീക്ഷണമായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അതിനാല്‍ തന്നെ കാരണങ്ങളെന്തായാലും അത്തരം ചിന്തകളും ഇച്ഛകളും  ഒരാളുടെ മനസ്സില്‍ ഉടലെടുക്കുന്നുണ്ടെങ്കില്‍ അവ  അല്ലാഹുവിന്റെ പരീക്ഷണമായിട്ടെ ഒരു മുസ്ലിമിന് കാണേണ്ടതുള്ളൂ. അത്തരം ചിന്തകള്‍ക്ക് കടിഞ്ഞാണിടുകയും ആത്യന്തികമായി നമുക്ക് തിന്മയായ പ്രവര്‍ത്തനങ്ങളിലേക്ക് ചിന്തകള്‍ എത്തിക്കാതെ അവയെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്. ഇനി ഈ ചോദനകള്‍  തനിക്ക് ജന്മനാ ഉള്ളതാണ് എന്ന് ഒരാള്‍ വാദിച്ചാലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് ന്യായീകരിക്കപ്പെടില്ലല്ലോ!

ഇസ്ലാം സ്വവര്‍ഗ ലൈഗികതയെ ഒരു തിന്മയായി കാണുന്നു- മദ്യപാനത്തെയും പലിശയെയും ബഹുദൈവാരാധനയെയും എല്ലാം ഇസ്ലാം തിന്മയായി വീക്ഷിക്കുന്നത് പോലെ.
ഇസ്ലാം എപ്പോഴും വെറുക്കുന്നത് തിന്മയെയാണ്, അല്ലാതെ തിന്മ പ്രവര്‍ത്തിക്കുന്നവനെയല്ല.   മറിച്ച് തിന്മകളില്‍ ഏര്‍പ്പെടുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാനും നന്മയുടെ പാതയില്‍ നയിക്കാനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇസ്ലാം അനുശാസിക്കുന്നു. ലൂത് പ്രവാചകന്റെ ചരിത്രം തന്നെ ശ്രദ്ധേയമാണ്. തന്റെ അതിഥികളെ ലൈംഗികമായി പ്രാപിക്കാന്‍ വന്ന സദോം ദേശക്കാരെ തെറി വിളിക്കുകയല്ല ലൂത് നബി ചെയ്തത്. മറിച്ചു അദ്ദേഹം അവരോടു പറഞ്ഞത് ഖുര്‍ആനിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം,"ലൂത്വിന്‍റെ ജനങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, ഇതാ എന്‍റെ പെണ്‍മക്കള്‍. അവരാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. ( അവരെ നിങ്ങള്‍ക്ക്‌ വിവാഹം കഴിക്കാമല്ലോ? ) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്‍റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ? അവര്‍ പറഞ്ഞു: നിന്‍റെ പെണ്‍മക്കളെ ഞങ്ങള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ നിനക്ക്‌ അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌."(11:78,79) .തിന്മ മനസ്സില്‍ വെച്ച് വന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും അവര്‍ക്ക് നേരായ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സ്വന്തം പെണ്മക്കളെ, അതല്ലെങ്കില്‍ ആ ഗോത്രത്തിലെ സ്ത്രീകളെ വിവാഹം കഴിച്ചു നല്‍കാം എന്നുമാണ് ലൂത് നബി(അ) അവരോടു പറഞ്ഞത്! ഇതാകുന്നു എല്ലാ തിന്മകളോടും ഇസ്ലാമിന്റെ നിലപാട്. ഇതിനെ "ഹോമോഫോബിയ" എന്ന് വിളിക്കുന്നവര്‍ക്ക് "ഇസ്ലാമോഫോബിയ"പിടിപെട്ടിട്ടുണ്ട് എന്നല്ലേ നാം മനസിലാക്കേണ്ടത്?
ഇത് വെറുപ്പില്‍ നിന്നുയരുന്ന സന്ദേശമല്ല, മറിച്ച് ബഹുദൈവ വിശ്വാസിയെയും നിരീശ്വരവാദിയെയും ഏതൊരു കാരണത്താല്‍ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നുവോ, പലിശക്കാരനെ ഏതൊരു കാരണത്താല്‍ അത് ഉപേക്ഷിക്കാന്‍ ഉപദേശിക്കുന്നുവോ, മദ്യപാനിയെ  ഏതൊരു ന്യായത്തിന്റെ പേരില്‍ മദ്യം വര്‍ജിക്കാന്‍ ആവശ്യപ്പെടുന്നുവോ- അതെ മനസ്ഥിതിയോടെ തന്നെയാണ് ഈ വാക്കുകളും എഴുതപ്പെട്ടിട്ടുള്ളത്. ഇത് വെറുപ്പിന്റെ സന്ദേശമല്ല-സ്നേഹത്തിന്റെതാണ്! മഴവില്ലിന്റെ നിറങ്ങള്‍ തീര്‍ക്കപ്പെടുന്നത് പലപ്പോഴും പേമാരിക്ക് ശേഷമാണ്. ഒരു പക്ഷേ നിങ്ങള്‍ രണ്ടുപേര്‍ക്ക് തീര്‍ക്കപ്പെടുന്ന മഴവില്ല് പതിനായിരങ്ങളുടെ നഷ്ടത്തിന്റെ പേമാരിക്ക് ശേഷമായിരിക്കും! ഓര്‍ക്കുക.. എന്തായാലും  മഴവില്ല് കേവലം മരീചിക മാത്രമല്ലേ!

Reference:

1)http://www.independent.co.uk/news/world/europe/german-ethics-council-calls-for-incest-between-siblings-to-be-legalised-by-government-9753506.html

2)Hamer et al. A linkage between DNA markers on the X chromosome and male sexual orientation. Science 1993 Jul 16; 261(5119):321-7.

3)Rice, et al. Male homosexuality: absence of linkage to microsatellite markers at Xq28. Science 1999 Apr 23; 284(5414):665-7.

4)Wickelgren I. Discovery of 'gay gene' questioned. Science 1999 Apr 23; 284(5414):571.

5)LeVay S. A difference in hypothalamic structure between heterosexual and homosexual men. Science 1991 Aug 30; 253(5023):1034-7.

6)http://healthland.time.com/2012/07/20/hiv-continues-to-spread-among-gay-men-studies-show/

7)https://www.psychologytoday.com/blog/fighting-fear/201305/homosexuality-and-aids

8) http://www.usatoday.com/story/news/nation/2014/02/26/homosexuality-opinion-survey/5828455/


Wednesday 17 June 2015

"നോമ്പ് എനിക്കുള്ളതാണ്!"

"നോമ്പ് എനിക്കുള്ളതാണ്!"

നാം ഏറെ കേള്‍ക്കാറുള്ള ഒരു ഹദീസാണ് താഴെ നല്‍കിയിരിക്കുന്നത്:
നബി(സ) പറഞ്ഞു:"അല്ലാഹു പറയുന്നു,"ആദമിന്റെ മകന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവനുള്ളതാണ്-നോമ്പ് ഒഴികെ. അതെനിക്കുള്ളതാണ്-നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്!"(ബുഖാരി, മുസ്‌ലിം)

എന്നാല്‍ എല്ലാ പ്രവര്‍ത്തനങ്ങളും നാം അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയല്ലേ ചെയ്യുന്നത്? നമ്മുടെ എല്ലാ അമലുകള്‍ക്കും പ്രതിഫലം നല്‍കുന്നത് അല്ലാഹു അല്ലേ? പിന്നെന്താണ് ഈ ഹദീസില്‍ നോമ്പിനെ കുറിച്ച് മാത്രം എടുത്തു പറഞ്ഞത്‌? ഇക്കാര്യങ്ങള്‍ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് നമുക്ക്‌ കാണാന്‍ കഴിയും.

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മഹത്വമേറിയ പ്രവര്‍ത്തനമാണ് നോമ്പ്. ഒരടിമയുടെ നോമ്പ് അല്ലാഹു അത്യധികം ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ഒരു വിശ്വാസിയുടെ ആത്മാര്‍ഥതയുടെ പ്രതീകമാണ് നോമ്പ്- കാരണം വ്രതം അവനും തന്റെ രക്ഷിതാവും മാത്രമറിയുന്ന ഒരു രഹസ്യമാകുന്നു. ഒരു നോമ്പുകാരന് ഒരു പക്ഷെ മറ്റാരും അറിയാതെ ഭക്ഷിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകാം- എന്നാല്‍ ആര് തന്നെ കണ്ടില്ലെങ്കിലും എല്ലാം അറിയുന്ന തന്റെ നാഥന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധ്യത്താല്‍ അവനതു ചെയ്യുന്നില്ല. അതിനാല്‍ തന്നെ ഈ ആത്മാര്‍ഥതയെ അല്ലാഹു അംഗീകരിക്കുകയും മറ്റു ആരാധന കര്‍മങ്ങളില്‍ നിന്ന് നോമ്പിന് പ്രത്യേകത കല്പിക്കുകയും "നോമ്പ് എനിക്കുള്ളതാണ്" എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
ഈ പ്രത്യേകത അന്ത്യ ദിനത്തില്‍ വ്യക്തമാക്കപ്പെടും എന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. സ്വഫവാന്‍ ബിന്‍ ഉനൈന പറഞ്ഞതായി കാണാം,"പുനരുഥാന നാളില്‍ അല്ലാഹു തന്റെ അടിമയെ വിചാരണ ചെയ്യുകയും നോമ്പ് ഒഴികെ മറ്റെല്ലാ കര്‍മങ്ങളുടെ മേലും വിഹി കല്പിക്കുകയും ചെയ്യും. നോമ്പ് മാത്രം ബാക്കി ആയിരിക്കെ, അവന്റെ വ്രതത്തിന്റെ മഹാത്വത്താല്‍ അല്ലാഹു അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും"

ഇനി, എന്ത് കൊണ്ടാണ് "നാമാണ് അതിനു പ്രതിഫലം നല്‍കുന്നത്" എന്ന് അല്ലാഹു പറഞ്ഞത്‌, എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അല്ലാഹു തന്നെയാണ് അര്‍ഹമായ പ്രതിഫലം നല്‍കുന്നത് എന്നിരിക്കെ? മറ്റെല്ലാ അമലുകള്‍ക്കും എത്രയാണ് പ്രതിഫലം എന്ന് വ്യക്തമാക്കപ്പെട്ടത്‌ നമുക്ക്‌ കാണാന്‍ കഴിയും. അല്ലാഹു സത്കര്‍മങ്ങള്‍ക്ക് പത്തിരട്ടി മുതല്‍ എഴുനൂറു ഇരട്ടി വരെ പ്രതിഫലം നല്‍കുന്നു. എന്നാല്‍ നോമ്പിന് ഇങ്ങനെ ഒരു കണക്ക്‌ വെച്ചിട്ടില്ല! അല്ലാഹു നോമ്പിന്റെ പ്രതിഫലത്തെ ഒരു നിശ്ചിത അളവുമായി ബന്ധപ്പെടുത്താതെ താനുമായി ബന്ധപ്പെടുത്തി എന്നത് നോമ്പിന്റെ മഹത്വത്തിന്റെ മറ്റൊരു തെളിവാണ്.നോമ്പ് എന്നാല്‍ ക്ഷമ പാലിക്കലാകുന്നു- അല്ലാഹുവിനെ അനുസരിക്കുന്നതില്‍, നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്കുന്നതില്‍, അല്ലാഹുവിന്റെ വിധിയില്‍, ദാഹത്തില്‍, വിശപ്പില്‍. ക്ഷമാശീലര്‍ക്കാകട്ടെ കണക്കില്ലാത്ത  പ്രതിഫലമാകുന്നു അല്ലാഹു വാഗ്ദാനം ചെയ്തത്!അല്ലാഹു ഖുര്‍ആനില്‍ പറയുന്നു,"ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌."(39:10)

അവലംബം: മജാലിസു ശഹ്റു റമദാന്‍ : ശൈഖ് ഇബ്ന്‍ ഉസൈമീന്‍



Sunday 5 April 2015

ദൈവവും ഡിങ്കനും!

"ദൈവമുണ്ട് എന്ന് വിശ്വസിക്കാമെങ്കില്‍ കാക്രീ കൂക്രീ യിലും പൂതാങ്കീരിയിലും വിശ്വസിക്കാം, ഡിങ്കനിലും വിശ്വസിക്കാം"

ദൈവ വിശ്വാസത്തെ കളിയാക്കി നിരീശ്വരവാദികള്‍ ഉന്നയിക്കുന്ന പ്രധാന വാദങ്ങളിലൊന്നാണ് ഇത്...ഈയിടെ കേരളത്തിലെ  പ്രധാന യുക്തന്മാരില്‍ ഒരാളായ രവിചന്ദ്രന്‍ മാഷും ഈ വാദം ഉന്നയിച്ചു കണ്ടു..

ദൈവവിശ്വാസം  എന്നത് സ്വതസിദ്ധമായ അല്ലെങ്കില്‍ സ്വയംപ്രത്യക്ഷമായ (axiomatic/self evident) ഒന്നാണെങ്കില്‍ എന്ത് കൊണ്ട് ഡിങ്കനില്‍ ഉള്ള വിശ്വാസവും അങ്ങനെയായിക്കൂടാ? 

കാരണം 1:
ഡിങ്കനില്‍ ഉള്ള വിശ്വാസം പ്രകൃതിപരമായ പ്രവണതയില്‍ പെട്ടതല്ല. അവ ഒരു പ്രത്യേക സംസ്കാരം/അല്ലെങ്കില്‍ ഭാഷയാല്‍ പരിമിതപ്പെട്ടതാണ്.ബാലമംഗളമില്ലാത്ത ഇറ്റാലിയന്‍ ഭാഷയില്‍ ഡിങ്കന്‍ ഇല്ല.. എന്നാല്‍ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ  ദൈവം എന്നാ അടിസ്ഥാന  സങ്കല്പം ഭാഷക്കും ദേശത്തിനും സംസ്കാരത്തിനും അതീതമാണ്!

കാരണം 2:
ദൈവ വിശ്വാസം നൈസര്‍ഗികമാണ്, അതിനു വിവരത്തിന്റെ കൈമാറ്റം ആവശ്യമില്ല..എന്നാല്‍ കാക്രീ കൂക്രിയെ കുറിച്ച് ഒരാള്‍ അറിയണമെങ്കില്‍ ഏതെങ്കിലും മാധ്യമത്തിലൂടെ information കൈമാറ്റം ചെയ്താലേ സാധ്യമാകൂ..അതിനാലാണ് ഒരു നിരീശ്വരവാദിയുടെ മക്കളെ പിടിച്ചു ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ട് പോയിട്ടാല്‍ ഈ ദ്വീപിനു ഒരു സ്രഷ്ടാവ് ഉണ്ട് എന്ന വിശ്വാസം അവരില്‍ രൂപപ്പെടും എന്ന്  സാമൂഹ്യ ശാസ്ത്രജ്ഞരും നരവംശശാസ്ത്രജ്ഞരും പറയുന്നത് (ref: http://news.bbc.co.uk/today/hi/today/newsid_7745000/7745514.stm)


അതിനാല്‍ തന്നെ ദൈവ വിശ്വാസത്തെ ഡിങ്കന്‍ , പൂതാങ്കീരി എന്നിവയുമൊക്കെയായി താരതമ്യം ചെയ്യുന്നത് മഹാ വിഡ്ഢിത്തമാണ്!

കൂട്ടി വായിക്കേണ്ടത്: ദൈവ വിശ്വാസം എന്നത് കൊണ്ടുദ്ദേശിച്ചത് കുട്ടിചാത്തനിലും ബാബ-ബീവിമാരിലുമുള്ള വിശ്വാസമല്ല, മറിച്ച് പ്രപഞ്ചത്തിന്റെ സംവിധായകനിലുള്ള വിശ്വാസമാണ്!

Sunday 15 March 2015

അല്ലാഹു:മുസ്ലിങ്ങളുടെ മാത്രം ദൈവമോ?

"അല്ലാഹു" എന്ന പദത്താല്‍ അര്‍ത്ഥമാക്കപ്പെടുന്നതെന്ത്? മുസ്ലിങ്ങളുടെ മാത്രം ആരാധനാ മൂര്‍ത്തിയാണോ അല്ലാഹു? അതോ അറബികളുടെ മാത്രം ദൈവമോ?
നിങ്ങളുടെ തെറ്റിദ്ധാരണകള്‍ തിരുത്തുക..ഈ രണ്ട് മിനിട്ടു സമയം കൊണ്ട്!

Saturday 7 March 2015

മുസ്ലിം സൈന്യത്തെ വരവേറ്റ ക്രൈസ്തവ ജനത!

എഡി ഏഴാം നൂറ്റാണ്ട്..

സിറിയയില്‍ ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ തന്നെ ഒരുപാട് അവാന്തര വിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നു-ജാക്കോബൈറ്റുകള്‍, നെസ്ടോറിയന്മാര്‍ തുടങ്ങിയവര്‍. ഇവരില്‍ എല്ലാ വിഭാഗങ്ങളും ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ ശക്തമായ പീഡനങ്ങള്‍ക്ക് വിധേയരായികൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.

മുഹമ്മദ്‌ നബി(സ)യുടെ കാല ശേഷം ഖലീഫ ഉമറിന്റെ കാലഘട്ടത്തിലാണ് ഇസ്ലാമിക ഭരണകൂടം സിറിയയുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും തങ്ങള്‍ക്ക് ഇഷ്ടമുള്ള മതമനുസരിച്ചു ജീവിതം മുന്നോട്ട് നയിക്കാനും സിറിയന്‍ ജനതക്ക് ഇസ്ലാമിക ഭരണകൂടം അവകാശം നല്‍കി.തിരിച്ചു  ഇസ്ലാമിക ഭരണത്തിന് കീഴിലെ അമുസ്ലിം പൌരന്മാര്‍ നല്‍കേണ്ട നികുതിയായ ജിസ്‌യ നല്‍കാന്‍  സിറിയന്‍ പൌരന്മാരും തീരുമാനമെടുത്തു. സിറിയ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് അകന്നു പോകുന്നു എന്ന് മനസ്സിലാക്കിയ ബൈസാന്റിയന്‍ ചക്രവര്‍ത്തി ഹിരാക്ലിയസ് മുസ്ലിങ്ങളെ തുരത്തിയോടിക്കാന്‍ സൈന്യത്തെ നിയോഗിചതായി ഡയോണിസിയസ് ഓഫ് ടെല്‍-മേഹ്രെ എന്ന ജക്കൊബൈറ്റ് ഗോത്രത്തലവന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക ഭരണകൂടം സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും സിറിയക്ക് പുറത്തു വെച്ച് ഹിരാക്ലിയസിന്റെ സൈന്യത്തെ നേരിടാനും തീരുമാനിച്ചു. ഏറ്റവും അദ്ഭുതകരമായ തീരുമാനം സിറിയയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ നിന്ന് വാങ്ങിയ ജിസ്‌യ മുസ്ലിം സേന പൂര്‍ണമായി തിരിച്ചു നല്‍കി എന്നതാണ്!

മുസ്ലിം സൈന്യാധിപനായിരുന്ന അബൂഉബൈദ(റ)ന്റെ പ്രതിനിധി ഹബീബ് ബിന്‍ മസ്ലമ നികുതിപ്പണം സിറിയക്കാര്‍ക്ക് തിരിച്ചു നല്‍കിയ ശേഷം പറഞ്ഞ വാചകങ്ങള്‍ ഡയോണിസിയസ് രേഖപ്പെടുത്തുന്നു,"നാം ഇരുകൂട്ടരും നാം ഏര്‍പ്പെട്ട കരാറുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.ഞങ്ങള്‍ റോമാക്കാരുമായി യുദ്ധതിലെര്‍പ്പെടാന്‍ പോകുകയാണ്.ഞങ്ങള്‍ തിരിച്ചു വന്നാല്‍ ഈ പണം തിരികെയെടുക്കാം. എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഈ കരാറില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയതായി നിങ്ങള്‍ കണക്കാക്കണം!"

ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തില്‍ വിശ്വാസ്യതയുടെയും നീതിയുടെയും മകുടോദാഹരണമാണ് ഈ സംഭവം. അല്ലെ? ഹിരാക്ലിയസിന്റെ ആക്രമണത്തില്‍ നിന്ന് സിറിയന്‍ ജനതയെ സംരക്ഷിക്കാന്‍ കഴിയും എന്ന് പൂര്‍ണമായും ഉറപ്പു നല്‍കാന്‍ സാധിക്കാത്തതിനാല്‍ നികുതി തിരിച്ചു നല്‍കിയ ഭരണകൂടം!ചിന്തിക്കുക- ഒരു മഹാ  സൈന്യത്തെ നേരിടാന്‍ പോകുന്ന, ഒരുപാട് പണത്തിനു അത്യാവശ്യമുള്ള സൈന്യമാണ്‌ തങ്ങളുടെ കയ്യിലെ പണം തിരിച്ചു നല്‍കുന്നത്! മാത്രമല്ല, ഭരണ വര്‍ഗത്തിനെ കടന്നാക്രമണവും കൊള്ളിവെപ്പുമെല്ലാം സാധാരണയായി മാറിയ,ചൂഷിതരായ ഒരു സമൂഹത്തിലാണ് മുസ്ലിം സൈന്യം മഹത്തരമായ നീതി നടപ്പിലാക്കി മാതൃക കാണിച്ചത്!ഏറെ ശ്രദ്ധേയമായ വസ്തുത ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളില്‍ ഏല്‍പ്പിച്ച ഈ വിശ്വാസം അവര്‍ കാത്തു സൂക്ഷിച്ചു എന്നെഴുതുന്നത് ഒരു ക്രിസ്ത്യന്‍ സ്ത്രോതസ് തന്നെയാണ്.

എന്തായിരുന്നു മുസ്ലിം സമൂഹത്തെ ഇതിനു പ്രേരിപ്പിച്ചത്? അറേബ്യന്‍ ജനതയെ അടിമുടി മാറ്റിമറിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ!ഖുര്‍ആന്‍ പറയുന്നു:


"അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്."(4:58)

  സിറിയയിലെ ക്രിസ്ത്യന്‍ ജനത തങ്ങളെ മുസ്ലിങ്ങള്‍ ഭരിക്കുന്നതാണ് ഇഷ്ടപ്പെട്ടത് എന്നും ഡയോണിസിയസ് എഴുതുന്നു. ബൈസാന്റിയന്മാരെ കീഴടക്കി ദമാസ്കസില്‍ തിരിച്ചെത്തിയ മുസ്ലിം സൈന്യത്തെ ക്രൈസ്തവര്‍ നഗരത്തിനു പുറത്തു ചെന്ന് സന്തോഷത്തോടെ സ്വീകരിച്ചത് ഡയോണിസിയസ് വിവരിക്കുന്നുണ്ട്!

അതെ, തങ്ങളെ ഭരിച്ച, പുറത്തു നിന്നുള്ള ഒരു സൈന്യത്തെ ഒരു ജനത വരവേറ്റത് ചരിത്രത്തില്‍ മറ്റെവിടെ കാണാന്‍ സാധിക്കും? ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ലവം!

Ref: 1) Dionysius of Tel-Mahre, The Seventh Century in the West-Syrian Chronicles, Liverpool, 1993, p. 156-7.
       2)www.onereason.org

Friday 6 March 2015

മാറ്റം സാധ്യമാണ്!

ഇതൊരു മാറ്റത്തിന്റെ കഥയാണ്...പ്രശ്ന കലുഷിതമായ,അതിക്രമങ്ങളും അനീതിയും നിറഞ്ഞ ഈ ലോകത്ത് മാറ്റം സാധ്യമാണ് എന്ന പ്രതീക്ഷ നല്‍കുന്ന മനോഹരമായ ചരിത്രം...

എ ഡി ആറാം നൂറ്റാണ്ട്...ചരിത്രകാരന്മാര്‍ ഇരുണ്ട കാലഘട്ടം എന്ന് വിളിക്കുന്ന യുഗം...

"ഈ ലോകത്ത് സന്തോഷിക്കാന്‍ വക നല്‍കുന്ന എന്താണുള്ളത്?"എന്ന് ചോദിച്ചത് അന്നത്തെ മാര്‍പ്പാപ്പ ഗ്രിഗറി ഒന്നാമന്‍ ആയിരുന്നു.ജർമൻ ഗോത്ര വംശജരായ ലൊംബാർടുകളുടെ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പോപ്പിനെ അത്തരമൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്‌. ഈയൊരു വിഷമസന്ധിയില്‍ റോം മാത്രമല്ല ഉണ്ടായിരുന്നത്.

സിറിയയിലെ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യാനികള്‍ തങ്ങളെ ഭരിക്കുന്ന ബൈസാന്റിയന്‍ രാജവംശവുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സമയം.ഈജിപ്തിലെ കോപ്റ്റിക്‌ വംശജരും ഇതേ ബൈസാന്റിയന്‍മാരുടെ ആക്രമണങ്ങളില്‍ പ്രയാസമാനുഭവിക്കുന്നു. ജൂതരാകട്ടെ, സ്പെയിനിലെ ചര്‍ച്ചിന്റെ ഭീഷണിയാല്‍ വംശനാശഭീഷണി തന്നെ നേരിടുന്നു!അനീതി കൊടികുത്തി വാഴുന്ന ലോകം.

അറബികളുടെ കാര്യമായിരുന്നു ഏറെ കഷ്ടം!ആണിനെയും പെണ്ണിനെയും മൃഗങ്ങളെ പോലെ ചന്തയില്‍ വിറ്റിരുന്ന ജനത.. നിരക്ഷരതയും മദ്യപാനവും വ്യഭിചാരവും പ്ലേഗ് പോലെ പടര്‍ന്നു പിടിച്ചിരിക്കുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു ജനതയെ കുറിച്ച് നമുക്ക്‌ ചിന്തിക്കാനാകുമോ? സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാനോ അനന്തരമെടുക്കാനോ അവകാശം നല്‍കാത്ത സമൂഹം. ഒരു കുഞ്ഞു ജനിച്ചാല്‍ തന്തയാര് എന്നറിയാന്‍ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയിരുന്നവര്‍. "ഞാന്‍ മരിച്ചാല്‍ മുന്തിരിവള്ളികള്‍ക്കടിയില്‍ എന്നെ മറമാടണം" എന്ന് ഒസ്യത്ത് നല്‍കിയ കവികള്‍ ജീവിച്ച മണ്ണ്.പിതാവ്‌ മരിച്ചാല്‍ മാതാവിനെ ഒഴികെ പിതാവിന്റെ മറ്റെല്ലാ ഭാര്യമാരെയും മകനുള്ള അനന്തരാവകാശ സ്വത്തായി കണ്ട ജനങ്ങള്‍ ജീവിച്ച മഹാമരുഭൂമി!

1920 ൽ ആണ് അമേരിക്കന്‍ ഐക്യ നാടുകളില്‍ സമ്പൂര്‍ണ മദ്യനിരോധന നിയമം കൊണ്ട് വന്നത്. എന്നാല്‍ ആ ഒരൊറ്റ നിയമം പൂര്‍ണമായി നടപ്പിലാക്കുന്നതില്‍-ജനങ്ങള്‍ക്കിടയില്‍ മാറ്റം സാധ്യമാക്കുന്നതില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഗവണ്മെന്റ്കളില്‍ ഒന്ന് അതിദയനീയമായി പരാജയപ്പെട്ടു. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും മാഫിയാ ഗാംഗുകളും മൂലം1933ല്‍ സര്‍ക്കാര്‍ തന്നെ ആ നിയമം പിന്‍വലിച്ചു.

ഒരൊറ്റ മാറ്റം പോലും സാധ്യമാക്കുന്നതില്‍ ഈ ഇരുപതാം നൂറ്റാണ്ടില്‍ നിയമവും സര്‍ക്കാരും പരാജയപ്പെട്ടെന്കില്‍ എത്ര കാലമെടുക്കും മേല്‍പറഞ്ഞ ലോകത്തെ മാറ്റിയെടുക്കാന്‍?പതിറ്റാണ്ടുകള്‍? അതോ തലമുറകളോ?അല്ല, ഒരുപക്ഷെ അത് അസാധ്യം തന്നെയാണ്.

ഈയൊരു സമൂഹത്തിലെക്കായിരുന്നു വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യിലൂടെ അവതരിക്കപ്പെട്ടത് . കേവലം അറബികല്‍ക്കല്ല- ലോകത്തിനു മുഴുവനായി ഒരു ഗ്രന്ഥം. ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളിൽ പ്രധാനമായിരുന്നു മനുഷ്യസമൂഹത്തെ ഒന്നടങ്കം സകല അനീതികളില്‍ നിന്നും അടിച്ചമര്‍ത്തളുകളില്‍ നിന്നും മോചിപ്പിക്കുക എന്നത്. ഖുര്‍ആന്‍ ഉച്ചത്തില്‍, വ്യക്തമായി പ്രഖ്യാപിച്ചു:
"മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌." (ഖുർആൻ 14:1)

സമാധാനത്തിന്റെയും ശാന്തിയുടെയും ഫലങ്ങള്‍ ഭക്ഷിച്ചത് അറബികള്‍ മാത്രമായിരുന്നില്ല-ലോകം ഒന്നടങ്കമായിരുന്നു. ചരിത്രത്തിലെ ഇരുണ്ട യുഗത്തിനു വാതിലുകള്‍ തുറക്കപ്പെട്ടത് നീതിയുടെയും വിജ്ഞാനതിന്റെയും വിഹായസ്സിലേക്കായിരുന്നു..

എങ്ങനെയായിരുന്നു ഖുര്‍ആനും ആദ്യകാല മുസ്ലിങ്ങളും സമൂഹത്തില്‍ മാറ്റം സാധ്യമാക്കിയത്? മുഹമ്മദ്‌ നബി(സ)യുടെ സഹചാരിയായിരുന്ന ജഹ്ഫര്‍ ബിന്‍ അബീത്വാലിബ്‌ അബ്സീനിയ(ഇന്നത്തെ എത്യോപ്യ)യിലെ അന്നത്തെ ഭരണാധികാരിയായിരുന്ന നജ്ജാശിയോടു പറഞ്ഞത് കേള്‍ക്കുക:
"രാജാവേ! ഞങ്ങള്‍ അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗമായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിച്ചു. ശവങ്ങള്‍ ഭക്ഷിച്ചു. ഹീനകൃത്യങ്ങള്‍ ചെയ്‌തു. കുടുംബബന്ധങ്ങള്‍ തകര്‍ത്തു. അയല്‍വാസിയെ ദ്രോഹിച്ചു. ശക്തന്‍ ദുര്‍ബ്ബലനെ കീഴ്‌പ്പെടുത്തി. ഈ സ്ഥിതിയില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക്‌ ഞങ്ങളില്‍പ്പെട്ട ഒരു പ്രവാചകനെ ദൈവം നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബബന്ധവും സത്യസന്ധതയും വിശ്വസ്‌തതയും ജീവിതവിശുദ്ധിയും ഞങ്ങള്‍ക്ക്‌ നേരിട്ടറിവുള്ളതാണ്‌. അദ്ദേഹം ഞങ്ങളെ ദൈവത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിച്ചു. അവന്‍ ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും, ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചിരുന്ന കല്ലിനെയും വിഗ്രഹങ്ങളെയും വര്‍ജിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചു. വാക്കില്‍ സത്യം പാലിക്കുക. വിശ്വാസവഞ്ചന ചെയ്യാതിരിക്കുക, കുടുംബബന്ധം പാലിക്കുക, അയല്‍പക്കബന്ധം നല്ല നിലക്ക്‌ പുലര്‍ത്തുക, നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുക, രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങള്‍ വെടിയുക, കള്ളംപറയുന്നതും അനാഥകളുടെ മുതല്‍ തിന്നുന്നതും, പതിവ്രതകളെപ്പറ്റി അപവാദം പറയുന്നതും വിലക്കി. ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം പതിവാക്കുക, സകാത്ത്‌ കൊടുക്കുക, റമളാനില്‍ വ്രതം അനുഷ്‌ഠിക്കുക തുടങ്ങിയവ ഞങ്ങളോട്‌ കല്‍പിച്ചു. ഞങ്ങള്‍ അതെല്ലാം അംഗീകരിച്ചു, വിശ്വസിച്ചു. പ്രവാചകനെ അനുസരിച്ചു. പിന്‍പറ്റി. ഞങ്ങള്‍ ദൈവത്തില്‍ പങ്കുചെര്‍ക്കാതെ ഏകദൈവത്തെ മാത്രം മാത്രം ആരാധിച്ചു. ...."

പതിറ്റാണ്ടുകള്‍ക്കകം അദ്ഭുതകരമാം വിധം ആ സമൂഹം മാറ്റത്തിന് വിധേയമായി.മാനവചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച തുല്യതയില്ലാത്ത ഒരു മഹത്തായ സംസ്കാരത്തിന്റെ ധ്വജവാഹകരായി ആ സമൂഹം മാറി!മുഹമ്മദ്‌ നബി(സ)യും അനുയായികളും കേവലം അറേബ്യയില്‍ മാത്രമല്ല-അയല്‍ രാജ്യങ്ങളിലെല്ലാം ഈ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ചു, പീഡനത്തില്‍ നിന്ന് അവരെ മോചിപ്പിച്ചു, അനീതിക്ക്‌ പകരം നീതി നല്‍കി. ഖുര്‍ആന്‍ അവരെ ഉദ്ബോധിപ്പിച്ചു:
"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)" (4:75)

സിറിയയിലെയും ഈജിപ്തിലെയും സ്പെയ്നിലെയുമെല്ലാം ബലഹീനരും അധസ്ഥിതരുമായ ഒരു വലിയ സമൂഹത്തെ ആദ്യ കാല മുസ്ലിം മോചിപ്പിച്ചു!


തുടരും...

Saturday 28 February 2015

MSM PROFCON 2015- The God Debate

കാസര്‍ഗോഡ്‌ വെച്ച് ഈ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന എം എസ് എം PROFCON-Professional students' National Conferenceഇല്‍ "The God Debate" എന്ന വിഷയത്തില്‍ ഞാന്‍ നടത്തിയ സംസാരം... ഒരു തുടക്കക്കാരനായതിനാല്‍ ഒരുപാട് പിഴവുകള്‍ വന്നിട്ടുണ്ട്-പ്രത്യേകിച്ച് വാക്കുകളില്‍.. സമയം ലഭിച്ചാല്‍ ശ്രവിക്കുക...അഭിപ്രായം അറിയിക്കുക...  വന്ന പാളിച്ചകള്‍ അല്ലാഹു പൊറുത്തു തരട്ടെ...



Thursday 26 February 2015

ഒരു കുരങ്ങന്‍ കണക്ക്!

ഈ പ്രപഞ്ചം കേവലം യാദൃശ്ചികതയുടെ സന്തതിയാകാനുള്ള സാധ്യത എത്രയാണ്?അനേകം കോടി നക്ഷത്രങ്ങളും,അവയെ വലം വെക്കുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും, അവര്‍ണനീയമായ പ്രപഞ്ചത്തില്‍ ഇന്നും നമുക്ക് അദൃശ്യമായിരിക്കുന്ന ഒട്ടനവധി അദ്ഭുതങ്ങളും...ഇവയെല്ലാം പ്രകൃതിയുടെ കേവലം വികൃതികളോ?

ഒരു കുരങ്ങന് ടൈപ് റൈറ്റര്‍ നല്‍കി,തലങ്ങും വിലങ്ങും ടൈപ് ചെയ്‌താല്‍ "ഹാംലെറ്റ് എന്ന വിശ്വവിഖ്യാതമായ ഷേക്സ്പിയര്‍ കൃതി ആകസ്മികമായി രൂപം കൊള്ളാനുള്ള സാധ്യത എത്രയാണ്? സാധ്യത വളരെ കുറവാണ്, അല്ലെ? എന്നാല്‍ സാധ്യത കുറവ് എന്നതിനര്‍ത്ഥം അത് അസാധ്യമാണ് എന്നല്ല! മറിച്ചു ആവശ്യത്തിനു കുരങ്ങന്മാരും ടൈപ്റൈറ്റരുകളുമുണ്ടെങ്കില്‍ അതിനുള്ള സാധ്യത തള്ളിക്കളയാവതല്ല!

26 ഇംഗ്ലീഷ് അക്ഷരങ്ങളും ഒരു space barഉം 5 (സാധാരണ ഉപയോഗിക്കുന്ന) ചിഹ്നങ്ങളുമടങ്ങിയ ഒരു ടൈപ് റൈറ്ററും ഒരു കുരങ്ങനും നമ്മുടെ അടുക്കലുണ്ട് എന്ന് സങ്കല്‍പ്പിക്കുക.കുരങ്ങന്‍ ക്രമമില്ലാതെ ടൈപ് ചെയ്യുന്നു. ഏതായാലും ഹാംലെറ്റ് ഒന്നും ടൈപ് ഇതിലൂടെ ലഭിക്കണം എന്ന് നാം വാശി പിടിക്കുന്നില്ല. Hamletലെ പ്രസിദ്ധമായ ഒരു വാചകമായ "TO BE OR NOT TO BE, THAT IS THE QUESTION." യാദൃശ്ചികമായി നമ്മുടെ കുരങ്ങന്‍ ടൈപ് ചെയ്യാനുള്ള സാധ്യത എന്താണ്? ഒന്ന് പരിശോധിക്കാം....

41 കീ സ്ട്രോക്കുകള്‍ (key strokes) ആണ് ഈ വാചകം ടൈപ് ചെയ്യാന്‍ വേണ്ടത്. മിടുക്കനായ നമ്മുടെ കുരങ്ങച്ചന്‍ ഒരു സെക്കന്‍ഡില്‍ 41 അക്ഷരങ്ങള്‍ അമര്‍ത്തും എന്ന് സങ്കല്‍പ്പിക്കാം!

32 keys ആണല്ലോ ടൈപ് റൈറ്ററില്‍ ഉള്ളത്! ആദ്യ അക്ഷരം T ശരിയായി ലഭിക്കാനുള്ള സാധ്യത അതിനാല്‍ തന്നെ 1/32 (ഒന്നില്‍ മുപ്പത്തിരണ്ട് ഭാഗം) ആണ്. ഇനി ഇതിന്റെ കൂടെ തന്നെ അടുത്ത അക്ഷരം O കൂടി കുരങ്ങന്‍ ടൈപ്പ് ചെയ്യാനുള്ള സാധ്യത എത്രയാണ്? (1/32)*(1/32)=1/1024. അങ്ങനെയെങ്കില്‍ ആദ്യ മൂന്നു keys stokes - "TO " ശരിയാകാനുള്ള സാധ്യത  (1/32)*(1/32)*(1/32)=1/32768 ആണ്! "ഹാംലെറ്റ്" ഈ വാചകം നമുക്ക് ലഭിക്കണമെങ്കില്‍ 41 അക്ഷരങ്ങള്‍/ചിഹ്നങ്ങള്‍ തുടര്‍ച്ചയായി ക്രമത്തില്‍ കുരങ്ങന്‍ ടൈപ് ചെയ്യണം. എന്താണ് അതിനുള്ള സാധ്യത?
Keys   സാധ്യത
   ------------------------------------
    1     32 ല്‍ ഒന്ന്

    2     32*32 = 1024 ല്‍ ഒന്ന്

    3     32*32*32 = 32768 ല്‍ ഒന്ന്

    4     32*32*32*32 = 1048576 ല്‍ ഒന്ന്

    5     32^5 = 33554432 ല്‍ ഒന്ന്

    6     32^6 = 1073741824 ല്‍ ഒന്ന്

    7     32^7 = 34359738368 ല്‍ ഒന്ന്

    8     32^8 = 1099511627776 ല്‍ ഒന്ന്

    9     32^9 = 3.518437208883e+013 ല്‍ ഒന്ന്

    10    32^10 = 1.125899906843e+015 ല്‍ ഒന്ന്

    ...
    20    32^20 = 1.267650600228e+030 ല്‍ ഒന്ന്

    ...
    30    32^30 = 1.427247692706e+045 ല്‍ ഒന്ന്

    ...
    41    32^41 = 5.142201741629e+061 ല്‍ ഒന്ന്
   
ഇനി ഒരു കുരങ്ങന്‍ ഒരു തുടര്‍ച്ചയായി ഒരു സെക്കന്‍ഡില്‍ ഒരു വരി എന്ന നിലയില്‍ ടൈപ്പ് ചെയ്തുകൊണ്ടേയിരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക.(ഒരു വരി = 41 keys strokes) ഒരു സെക്കന്‍ഡില്‍ ഒരു വരി ടൈപ്പ് ചെയ്യുമെങ്കില്‍ ഒരു വര്ഷം കൊണ്ട്  31556736 വരികള്‍ ടൈപ്പ് ചെയ്യാം! ഇനി ഈ  31556736 വരികളില്‍ "TO BE OR NOT TO BE, THAT IS THE QUESTION." എന്ന വരി ഉണ്ടാകാതിരിക്കാനുള്ള സാധ്യത എത്രയാണ്?
ആദ്യ സെക്കന്‍ഡില്‍ ലഭികാതിരിക്കാനുള്ള സാധ്യത(Probability) = 1 - 1/(32^41)
 ഒരു മിനിറ്റ് തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability) = (1 - 1/(32^41)) ^ 60
 ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability)  = ((1 - 1/(32^41)) ^ 60) ^ 60
 ഒരു ദിവസം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability) = (((1 - 1/(32^41)) ^ 60) ^ 60) ^ 24
  ഒരു വര്‍ഷം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ലഭികാതിരിക്കാനുള്ള സാധ്യത(Probability)= ((((1 - 1/(32^41)) ^ 60) ^ 60) ^ 24) ^ 365

അതെ, ഒരു വര്‍ഷം തുടര്‍ച്ചയായി ടൈപ്പ് ചെയ്താലും ഈ ഒരൊറ്റ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത   0.999999999999999999999999999999999999999999999999999999386721844366784484760952487499968756116464000 ആണ്!!

ഇനി, ഒരു പക്ഷെ ഈ പ്രപഞ്ചത്തിന്റെ പ്രായവുമായി തുലനം ചെയ്യുമ്പോള്‍ ഒരു വര്‍ഷം എന്നത് വളരെ ചെറിയ കാലയളവാണ്.. നമ്മുടെ പ്രപഞ്ചത്തിനു ഉദ്ദേശം 15 ബില്ല്യൻ, അഥവാ 1500  കോടി വയസ്സായി! കുരങ്ങന് 
നമുക്ക് അല്പം കൂടി അധികം സമയം നല്കാം- 1700 കോടി വര്‍ഷം...

1700 കോടി വർഷം , ഒരു സെക്കൻഡിൽ  ഒരു വരി വീതം കുരങ്ങൻ ടൈപ്പ്  ചെയ്ത്  കൊണ്ടെയിരുന്നാൽ  ഈ ഒരൊറ്റ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത ഇതേ പ്രകാരം നാം കണക്കു കൂട്ടിയാൽ 0.999999999999999999999999999999999999999999989463961512816564762914005246488858434168051444149065728 ആണ്!

അതെ, 99.999999999995% ഉറപ്പാണ്  "TO BE OR NOT TO BE, THAT IS THE QUESTION." എന്ന വാചകം നമുക്ക് ലഭിക്കില്ല എന്ന്! ചിലർ  ഇനിയും പറഞ്ഞേക്കാം- അനേകം ലക്ഷം, അതെല്ലെങ്കിൽ കോടി പരീക്ഷണങ്ങളുടെ പരിണിത ഫലമാണ് പ്രപഞ്ചം എന്ന്- ന്യായമായ വാദം. അങ്ങനെയെങ്കിൽ  നമുക്ക് ഒരു കുരങ്ങനല്ല, ഒട്ടനേകം കുരങ്ങന്മാർ ടൈപ്പ്  റൈറ്ററു മായി ഇരിക്കുന്നു എന്ന് സങ്കല്പ്പിക്കുക..എത്ര കുരങ്ങന്മാർ?

1700 കോടി ഗാലക്സികൾ, ഇവയിൽ ഓരോന്നിലും 1700 കോടി ഗ്രഹങ്ങൾ , ഓരോ ഗ്രഹതിലും 1700 കോടി കുരങ്ങന്മാർ- ഓരോ കുരങ്ങനും സെക്കൻഡിൽ  ഒരു വരി വീതം 1700 കോടി വർഷങ്ങൾ റ്റൈപ്പ് ചെയ്യുന്നു എന്ന് സങ്കല്പ്പിക്കുക, എന്താണ് "TO BE OR NOT TO BE, THAT IS THE QUESTION." എന്നാ വാചകം ലഭിക്കാതിരിക്കാനുള്ള സാധ്യത?
0.999999999999946575937950778196079485682838665648264132188104299326596142975867879656916416973433628!!

അതെ, നാം ഉറപ്പിച്ചു പറയും ഈ ഒരു വാചകം യാദൃശ്ചികമായി ഉണ്ടാകാന്‍ സാധ്യത ഇല്ല എന്ന്! ഷേക്സ്പിയര്‍ കൃതിയിലെ ഒരു വരി പോലും യാദൃശ്ചികമായി ഒരു കുരങ്ങന്റെ വികൃതിയുടെ ഭാഗമായി പ്രത്യക്ഷപ്പെടില്ല എന്ന് ഉറപ്പാണെങ്കില്‍ ഷേക്സ്പിയര്‍ തന്നെ ഒരു ആകസ്മികതയുടെ ഭാഗമാണ് എന്ന് എങ്ങനെ എനിക്ക് വാദിക്കാന്‍ കഴിയും? എങ്ങനെയാണ് എത്രയോ സങ്കീര്‍ണമായ പ്രപഞ്ചവും അതിലെ നിയമങ്ങളും ജീവനുമെല്ലാം യാദൃശ്ചികമായി ഉരുത്തിരിയുക എന്ന് ഞാന്‍ ചിന്തിക്കുന്നു!

ഞാന്‍ ഒരു മഹാസംവിധായകനില്‍ വിശ്വസിക്കുന്നു..നിങ്ങളോ?


അജ്മല്‍

കടപ്പാട് : The Famous Brett Watson, nutters.org

Friday 9 January 2015

ചാര്‍ളി ഹെബ്ദോയും ഭീകരരും കാണാതെ പോയ മനുഷ്യന്‍!

AD 631.. മക്കാ നഗരത്തിലെ മസ്ജിദുല്‍ ഹറമില്‍ ഒരുപാട് പേര്‍ തലതാഴ്ത്തി നില്കുന്നു. അവര്‍ക്ക് മുന്‍പിലേക്ക് മുഹമ്മദ്‌ എന്ന മനുഷ്യന്‍ കടന്നു വരുന്നു. ഏകനായ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഉദ്ഘോഷിച്ചതിന്റെ പേരില്‍ തന്നെ ദ്രോഹിച്ച, ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ അണിയിച്ച, താന്‍ പറഞ്ഞത് അംഗീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ സുമയ്യ എന്ന വനിതയുടെ ഗുഹ്യസ്ഥാനതിലൂടെ ഇരുമ്പ് ദണ്ട് കയറ്റി വധിച്ച, നട്ടുച്ച നേരത്ത് ചുട്ടുപഴുത്ത മരുഭൂമിയില്‍ മലര്‍ത്തിക്കിടത്തി നീഗ്രോ അടിമയായ ബിലാലിന്റെ നെഞ്ചത്ത്‌ കല്ല്‌ കയറ്റി   വെച്ച , തന്നെ കൊല്ലാന്‍ പദ്ധതിയിട്ട , ഒടുവില്‍ ജന്മനാട്ടില്‍ നിന്ന് പുറത്താക്കിയ, എന്നിട്ടും മതിയാകാതെ മദീനയിലേക്ക് പട നയിച്ച മക്കയിലെ പൌരപ്രമുഖര്‍ - അവരാണ് തല താഴ്ത്തി നില്‍ക്കുന്നത്! ഒരു പക്ഷെ ആ രംഗങ്ങളെല്ലാം ഒരു മിന്നായം പോലെ മുഹമ്മദ്‌ നബിയുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകാം! ഇന്ന് മക്ക അദ്ദേഹത്തിന്റെ കാല്‍ക്കീഴിലാകുന്നു- ഒരൊറ്റ തുള്ളി രക്തം പോലും പൊടിയാതെ!

"നിങ്ങള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?" എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നമ്രശിരസ്കരായി നിന്ന അവര്‍ പറഞ്ഞു,"താങ്കള്‍ മാന്യനാണ്, മാന്യന്റെ മകനും!"

ശിക്ഷാവിധിയും കാത്തു നിന്ന അവരോടായി മുഹമ്മദ്‌ നബി(സ) പറഞ്ഞു," പോകുക, നിങ്ങള്‍ സ്വതന്ത്രരാണ്,അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ. കാരുണ്യവാന്മാരില്‍ പരമ കാരുണികന്‍ അല്ലാഹുവാകുന്നു.!"