Saturday 7 March 2015

മുസ്ലിം സൈന്യത്തെ വരവേറ്റ ക്രൈസ്തവ ജനത!

എഡി ഏഴാം നൂറ്റാണ്ട്..

സിറിയയില്‍ ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ തന്നെ ഒരുപാട് അവാന്തര വിഭാഗങ്ങള്‍ നിലവിലുണ്ടായിരുന്നു-ജാക്കോബൈറ്റുകള്‍, നെസ്ടോറിയന്മാര്‍ തുടങ്ങിയവര്‍. ഇവരില്‍ എല്ലാ വിഭാഗങ്ങളും ബൈസാന്റിയന്‍ ചക്രവര്‍ത്തിമാരുടെ ശക്തമായ പീഡനങ്ങള്‍ക്ക് വിധേയരായികൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.

മുഹമ്മദ്‌ നബി(സ)യുടെ കാല ശേഷം ഖലീഫ ഉമറിന്റെ കാലഘട്ടത്തിലാണ് ഇസ്ലാമിക ഭരണകൂടം സിറിയയുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും തങ്ങള്‍ക്ക് ഇഷ്ടമുള്ള മതമനുസരിച്ചു ജീവിതം മുന്നോട്ട് നയിക്കാനും സിറിയന്‍ ജനതക്ക് ഇസ്ലാമിക ഭരണകൂടം അവകാശം നല്‍കി.തിരിച്ചു  ഇസ്ലാമിക ഭരണത്തിന് കീഴിലെ അമുസ്ലിം പൌരന്മാര്‍ നല്‍കേണ്ട നികുതിയായ ജിസ്‌യ നല്‍കാന്‍  സിറിയന്‍ പൌരന്മാരും തീരുമാനമെടുത്തു. സിറിയ തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് അകന്നു പോകുന്നു എന്ന് മനസ്സിലാക്കിയ ബൈസാന്റിയന്‍ ചക്രവര്‍ത്തി ഹിരാക്ലിയസ് മുസ്ലിങ്ങളെ തുരത്തിയോടിക്കാന്‍ സൈന്യത്തെ നിയോഗിചതായി ഡയോണിസിയസ് ഓഫ് ടെല്‍-മേഹ്രെ എന്ന ജക്കൊബൈറ്റ് ഗോത്രത്തലവന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇസ്ലാമിക ഭരണകൂടം സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനും സിറിയക്ക് പുറത്തു വെച്ച് ഹിരാക്ലിയസിന്റെ സൈന്യത്തെ നേരിടാനും തീരുമാനിച്ചു. ഏറ്റവും അദ്ഭുതകരമായ തീരുമാനം സിറിയയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ സിറിയന്‍ ക്രിസ്ത്യാനികളില്‍ നിന്ന് വാങ്ങിയ ജിസ്‌യ മുസ്ലിം സേന പൂര്‍ണമായി തിരിച്ചു നല്‍കി എന്നതാണ്!

മുസ്ലിം സൈന്യാധിപനായിരുന്ന അബൂഉബൈദ(റ)ന്റെ പ്രതിനിധി ഹബീബ് ബിന്‍ മസ്ലമ നികുതിപ്പണം സിറിയക്കാര്‍ക്ക് തിരിച്ചു നല്‍കിയ ശേഷം പറഞ്ഞ വാചകങ്ങള്‍ ഡയോണിസിയസ് രേഖപ്പെടുത്തുന്നു,"നാം ഇരുകൂട്ടരും നാം ഏര്‍പ്പെട്ട കരാറുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.ഞങ്ങള്‍ റോമാക്കാരുമായി യുദ്ധതിലെര്‍പ്പെടാന്‍ പോകുകയാണ്.ഞങ്ങള്‍ തിരിച്ചു വന്നാല്‍ ഈ പണം തിരികെയെടുക്കാം. എന്നാല്‍ ഞങ്ങള്‍ പരാജയപ്പെട്ടാല്‍ ഈ കരാറില്‍ നിന്ന് ഞങ്ങള്‍ പിന്മാറിയതായി നിങ്ങള്‍ കണക്കാക്കണം!"

ചരിത്രത്തില്‍ തുല്യതയില്ലാത്ത തരത്തില്‍ വിശ്വാസ്യതയുടെയും നീതിയുടെയും മകുടോദാഹരണമാണ് ഈ സംഭവം. അല്ലെ? ഹിരാക്ലിയസിന്റെ ആക്രമണത്തില്‍ നിന്ന് സിറിയന്‍ ജനതയെ സംരക്ഷിക്കാന്‍ കഴിയും എന്ന് പൂര്‍ണമായും ഉറപ്പു നല്‍കാന്‍ സാധിക്കാത്തതിനാല്‍ നികുതി തിരിച്ചു നല്‍കിയ ഭരണകൂടം!ചിന്തിക്കുക- ഒരു മഹാ  സൈന്യത്തെ നേരിടാന്‍ പോകുന്ന, ഒരുപാട് പണത്തിനു അത്യാവശ്യമുള്ള സൈന്യമാണ്‌ തങ്ങളുടെ കയ്യിലെ പണം തിരിച്ചു നല്‍കുന്നത്! മാത്രമല്ല, ഭരണ വര്‍ഗത്തിനെ കടന്നാക്രമണവും കൊള്ളിവെപ്പുമെല്ലാം സാധാരണയായി മാറിയ,ചൂഷിതരായ ഒരു സമൂഹത്തിലാണ് മുസ്ലിം സൈന്യം മഹത്തരമായ നീതി നടപ്പിലാക്കി മാതൃക കാണിച്ചത്!ഏറെ ശ്രദ്ധേയമായ വസ്തുത ക്രിസ്ത്യാനികള്‍ മുസ്ലിങ്ങളില്‍ ഏല്‍പ്പിച്ച ഈ വിശ്വാസം അവര്‍ കാത്തു സൂക്ഷിച്ചു എന്നെഴുതുന്നത് ഒരു ക്രിസ്ത്യന്‍ സ്ത്രോതസ് തന്നെയാണ്.

എന്തായിരുന്നു മുസ്ലിം സമൂഹത്തെ ഇതിനു പ്രേരിപ്പിച്ചത്? അറേബ്യന്‍ ജനതയെ അടിമുടി മാറ്റിമറിച്ച വിശുദ്ധ ഖുര്‍ആന്‍ തന്നെ!ഖുര്‍ആന്‍ പറയുന്നു:


"അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്."(4:58)

  സിറിയയിലെ ക്രിസ്ത്യന്‍ ജനത തങ്ങളെ മുസ്ലിങ്ങള്‍ ഭരിക്കുന്നതാണ് ഇഷ്ടപ്പെട്ടത് എന്നും ഡയോണിസിയസ് എഴുതുന്നു. ബൈസാന്റിയന്മാരെ കീഴടക്കി ദമാസ്കസില്‍ തിരിച്ചെത്തിയ മുസ്ലിം സൈന്യത്തെ ക്രൈസ്തവര്‍ നഗരത്തിനു പുറത്തു ചെന്ന് സന്തോഷത്തോടെ സ്വീകരിച്ചത് ഡയോണിസിയസ് വിവരിക്കുന്നുണ്ട്!

അതെ, തങ്ങളെ ഭരിച്ച, പുറത്തു നിന്നുള്ള ഒരു സൈന്യത്തെ ഒരു ജനത വരവേറ്റത് ചരിത്രത്തില്‍ മറ്റെവിടെ കാണാന്‍ സാധിക്കും? ഖുര്‍ആന്‍ സൃഷ്ടിച്ച വിപ്ലവം!

Ref: 1) Dionysius of Tel-Mahre, The Seventh Century in the West-Syrian Chronicles, Liverpool, 1993, p. 156-7.
       2)www.onereason.org

No comments:

Post a Comment