Sunday 8 June 2014

വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍!

മനുഷ്യന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടു ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ വിശകലനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ശാസ്ത്രീയമായ ഒരു പഠനം എന്നതിനപ്പുറം ഖുര്‍ആനില്‍ നല്‍കപ്പെട്ടിട്ടുള്ള ഓരോ പദങ്ങള്‍ക്കും പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ക്ലാസിക്‌ അറബി ഭാഷാ ഗ്രന്ഥങ്ങളും നല്‍കിയ അര്‍ഥങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഖുര്‍ആനിന്റെ അമാനുഷികത ബോധ്യപ്പെടുത്തുന്നതാണ് ഈ പഠനത്തില്‍ നിന്ന് നമുക്ക്‌ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍!

ഖുർആൻ ഇരുപത്തിമൂന്നാം അദ്ധ്യായമായ സൂറത്തുൽ മു'മിനൂനിലെ 12 മുതൽ 14 വരെയുള്ള വചനങ്ങളിലൂടെ മനുഷ്യഭ്രൂണത്തിന്റെ പടിപടിയായുള്ള വളർച്ചയെ വശ്യവും എന്നാൽ സംക്ഷിപ്തവുമായി അവതരിപ്പിക്കുന്നു.

" തീർച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ടമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ടത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു . പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു."

നുത്വുഫ: ആദ്യ ഘട്ടം: ഖുര്‍ആന്‍ എന്ത് പറയുന്നു?

ثم جعلناه نطفة
" പിന്നീട് നാം അവനെ ഒരു ദ്രാവകതുള്ളിയായി നിക്ഷേപിച്ചു."

മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടമായി ഖുർആൻ "നുത്വുഫ"യെ പരിചയപ്പെടുത്തുന്നു.

എന്താണ് "നുത്വുഫ"?

*അറബി ഭാഷ പ്രകാരം ഇറ്റിറ്റ് വീഴുന്ന തുള്ളികൾക്കും അതല്ലെങ്കിൽ ബീജതിനുമാണ് നുത്വുഫ എന്ന് പറയുക. പ്രസിദ്ധ അറബി നിഘണ്ടുവായ ലിസാനുൽ അറബ് നുത്വുഫക്ക് നൽകിയ അർഥം " ഒരു കാലി പാത്രത്തിൽ ബാക്കിയായ ഏക ജലകണം" എന്നാണ്.

*ഒരു വലിയ കൂട്ടത്തിൽ നിന്നുള്ള ഒരു കണം എന്ന അർഥം ഖുർആനിൽ നിന്ന് തന്നെ നമ്മുക്ക് ലഭിക്കുന്നു.എഴുപത്തിയഞ്ചാം അദ്ധ്യായമായ സൂറത്തുൽ ഖിയാമയിലെ മുപ്പത്തേഴാം വചനം ഇങ്ങനെയാണ്,
" അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്ന് ഒരു കണമായിരുന്നില്ലേ? "
ഇവിടെ ശ്രദ്ധേയമായ കാര്യം ഖുർആൻ ഈ വചനത്തില്‍ ബീജത്തിന് ഉപയോഗിച്ച പദം 'മനിയ്യ് ' എന്നതും കണത്തിനു "നുത്വുഫ" എന്നതുമാകുന്നു.

*സ്വഹീഹ് മുസ്ലിമിലെ ഒരു പ്രവാചക വചനത്തിൽ നുത്വുഫയെ മുഹമ്മദ്‌ നബി (സ ) പരിചയപ്പെടുത്തിയത് സ്ത്രീ പുരുഷ പ്രത്യുത്പാദന ദ്രാവകങ്ങളുടെ മിശ്രിതമായാണ്.
ഈ വീക്ഷണങ്ങളിൽ നിന്ന് "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് ബീജമല്ല എന്നും മറിച്ചു ബീജത്തിൽ നിന്നുള്ള ഒരു കോശത്തെയാണെന്നും മനസ്സിലാകാം. പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ ഇബ്നു കഥീർ നൽകിയ വിവരണവും ഇപ്രകാരം തന്നെ.

*ഖുറാനിലെ തന്നെ മറ്റൊരു വചനത്തിൽ കാണാം
" പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽ (സുലാല ) നിന്ന് അവൻ ഉണ്ടാക്കി " (32:8).
ഇവിടെയും ഖുർആൻ പ്രയോഗിച്ചത് "സുലാല " എന്നാണ്. "സുലാല" എന്നാൽ "സത്ത" (extract) എന്നാണ് അർഥം എന്ന് നാം മുൻപ് മനസ്സിലാക്കിയല്ലോ.

മുകളിൽ പറഞ്ഞ അർഥങ്ങളും വിശദീകരണങ്ങളും "നുത്വുഫ" എന്നത് ബീജത്തിന്റെ പര്യായപദമല്ല എന്നും മറിച്ചു ശുക്ലത്തിന്റെയോ അണ്ഡത്തിന്റെയോ സത്തയിൽ നിന്ന് ഒരു ഭാഗത്തെ മാത്രമാണ് ഉദ്ദേശിക്കുന്നത് എന്നും വ്യക്തം. ബീജം എന്നതിന് ഖുർആനിലും പ്രവാചക വചനങ്ങളിലും ഉപയോഗിക്കപ്പെട്ട പദം "നുത്വുഫ" അല്ല , മറിച്ച് "മനിയ്യ് " എന്നും ആണെന്ന് നമുക്ക് മനസ്സിലാകാം
ഇതിനു കൂടെ തന്നെ സൂറത്തുൽ ഇന്‍സാനിൽ ഖുർആൻ പറയുന്നു
" തീർച്ചയായും നാം കൂടിക്കലർന്നുണ്ടായ ( അംഷാജ്) "നുത്വുഫ"യിൽ നിന്ന് മനുഷ്യനെ സൃഷ്ട്ടിചിരിക്കുന്നു" (75:2)
"അംഷാജ്" (കൂടിച്ചേർന്ന ) എന്നത് ഭാഷാവ്യാകരണ പ്രകാരം ഒരു ബഹുവചന വിശേഷണമാണ് ( plural adjective). അതിനാൽ വ്യാകരണ പ്രകാരം "നുത്വുഫ" എന്നത് വിവിധ വസ്തുക്കൾ കൂടിച്ചേർന്ന ഒരു ദ്രാവകത്തിന്റെ തുള്ളിയാണ് എന്ന് മനസ്സിലാകാം. അപ്പോൾ നുത്വുഫ എന്നത് പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ബീജത്തിന്റെയും അണ്ഡത്തിന്റെയും മിശ്രിതത്തിൽ നിന്നുള്ള ഒരു ചെറിയ തുള്ളിയാകുന്നു.
എത്ര അത്ഭുതകരം! വിശുദ്ധ ഖുർആനിൽ പ്രയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും പ്രയോഗം വരെ എത്ര സൂക്ഷ്മമാണ്‌ എന്ന് ഒരൊറ്റ വചനത്തിന്റെ വിശകലനത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.


നുത്വുഫ-ശാസ്ത്രീയ വിശകലനം 


ഖുർആനും പ്രവാചക വചനങ്ങളും "നുത്വുഫ"യുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന അർഥതലങ്ങൾ ആധുനിക ഭ്രൂണശാസ്ത്രവുമായി കൃത്യമായി യോജിക്കുന്നു . "നുത്വുഫ" എന്ന ഘട്ടം പുരുഷ ബീജത്തിന്റെയും സ്ത്രീ അണ്ഡത്തിന്റെയും "കൂടിച്ചേരൽ "(അംശാജ് ) നടക്കുന്ന ബീജസംയോഗ പ്രക്രിയയെ (Fertilisation) ധ്വനിപ്പിക്കുന്നതാണ് . ഇത് "സിക്താണ്ഡം"(zygote) എന്ന ഏക കോശമായി മാറുന്നു. ഇവ്വിഷയകമായി ഭ്രൂണശാസ്ത്രജ്ഞരായ ജോണ്‍ അലൻ, ബെവര്‍ലി ക്രാമർ എന്നിവർ ഇപ്രകാരം പറയുന്നു
"പിതാവിൽ നിന്നും മാതാവിൽ നിന്നുമുള്ള ഓരോ കോശങ്ങളുടെ സംയോജനത്തിൽ നിന്നാണ് മനുഷ്യഘടനയുടെ ഉത്ഭവം.ഈ കോശങ്ങളെ "ഗാമേറ്റ്സ്" (Gametes) എന്ന് വിളിക്കുന്നു .ഈ രണ്ട് കോശങ്ങളും യോജിച്ച് സിക്താണ്ഡം (zygote) എന്ന ഏക കോശമായി മാറുന്നു."
ശാരീരിക ശാസ്ത്ര പ്രകാരം ബീജ സംയോജനം നടക്കണമെങ്കിൽ ഈ രണ്ട് കോശങ്ങളും ദ്രാവകങ്ങളിലായിട്ടാണ് വേണ്ടത്. പുരുഷബീജം (spermatozoon) ശുക്ലത്താലും (semen), സ്ത്രീഅണ്ഡം (oocyte) ഫോളിക്കുലാർ ദ്രാവകതിലുമാണുള്ളത്‌. ഈ ദ്രാവകങ്ങൾ പ്രത്യുത്പാദനതിന് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദത്തിന്റെ അർത്ഥവ്യാപ്തി നാം മുമ്പ് പരിശോധിച്ചല്ലോ. ഈ വിവരണവുമായി "നുത്വുഫ" എന്ന ഖുർആൻ വിവരിച്ച ഘട്ടം അക്ഷരാർത്ഥത്തിൽ ഒത്തു പോകുന്നതായി കാണാം. ചുരുക്കത്തിൽ "നുത്വുഫ" എന്ന ഘട്ടം സ്ത്രീ - പുരുഷ ദ്രാവകങ്ങൾ കൂടിക്കലർന്നു അവയിലെ രണ്ട് കോശങ്ങൾ ചേർന്ന് ഏക കോശമായ സിക്താണ്ഡമായി മാറുന്നതിനെ സൂചിപ്പിക്കുന്നു.


ഭദ്രമായ സ്ഥാനം

ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَكِينٍ
"പിന്നീട് നാം അവനെ നുത്വുഫ ആക്കിക്കൊണ്ട് ഭദ്രമായ സ്ഥാനത്ത് വെച്ചു ( ഖറാറിൻ മകീൻ )"

മനുഷ്യ വികാസത്തിന്റെ അടുത്ത ഘട്ടമാണ് "ഖാറാറിൻ മകീൻ" (ഭദ്രമായ സ്ഥാനം ). " ഖറാറിൻ" എന്ന വാക്കിന്റെ ഭാഷാർത്ഥം നിശ്ചലമാക്കുക , ഉറപ്പിക്കുക, നിർണയിക്കുക, വ്യവസ്ഥ ചെയ്യുക എന്നെല്ലാമാണ്. " മകീൻ" എന്നാ വാക്കിന് സ്ഥാപിക്കുക, ഉറപ്പിച്ചു വെക്കുക എന്നീ അർത്ഥങ്ങളുമാണുള്ളത് . ഈ രണ്ടു വാക്കുകളുടെ സമ്മിശ്രണം നമുക്ക് നൽകുന്ന അർഥങ്ങൾ ഭദ്രമായ സ്ഥാനം , ഒരു സ്ഥലത്ത് ഉറപ്പിച്ചു വെക്കുക, അടിയുറച്ച നിശ്ചലസ്ഥാനം തുടങ്ങിയവയാകുന്നു .

ശാസ്ത്രീയ വിശകലനം: 


ഭ്രൂണശാസ്ത്ര പഠനങ്ങൾ പ്രകാരം സിക്താണ്ഡം വിഭജിച് കോശങ്ങളുടെ ഒരു ഗോളമാകുന്നു. ഇതിനെ നാം ബ്ലാസ്ടോസൈറ്റ് (Blastocyte) എന്ന് വിളിക്കുന്നു. ബീജസംയോജനത്തിന്റെ ആറാം ദിവസം "ബ്ലാസ്ടോസൈറ്റ്" സ്വയം ഗർഭപാത്രത്തിന്റെ ഭിത്തിയിൽ സ്ഥാനം ഉറപ്പിക്കുന്നു ! 10 മുതൽ 12 വരെ ദിവസങ്ങൾക്കുള്ളിൽ ബ്ലാസ്ടോസൈറ്റ് എൻഡോമെട്ട്രിയത്താൽ (Endometrium) പൂർണമായി പരിരക്ഷിക്കപ്പെട്ട അവസ്ഥയിലാകുന്നു.എത്ര സുരക്ഷിതമായ സ്ഥാനം! ഖുർആനിന്റെ പ്രയോഗവും ആധുനിക ശാസ്ത്രവും തമ്മിൽ യാതൊരു വൈരുധ്യങ്ങളുമില്ല തന്നെ!



"അലഖ"-ഖുര്‍ആനിന്റെ ദൈവികത തെളിയിക്കുന്നു...


ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً

"പിന്നീട് നാം ആ "നുത്വുഫ"യെ "അലഖ"യാക്കി മാറ്റി."

മനുഷ്യ വളർച്ചയുടെ അടുത്ത ഘട്ടമായി വിശുദ്ധ ഖുർആൻ "അലഖ"യെ പരിചയപ്പെടുത്തുന്നു.

"അലഖ"യുടെ അർഥഭേദങ്ങൾ 

1)തൂങ്ങിക്കിടക്കുക, അള്ളിപ്പിടിക്കുക, പറ്റിചേർന്നിരിക്കുക എന്നീ അർഥങ്ങൾ "അലഖ" എന്ന പദത്തിനുണ്ട്.
2) പിടിക്കുക ,ഘടിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങളും "അലഖ" എന്ന പദത്തിനുണ്ട്.
3)അട്ടയെപ്പോലുള്ള വസ്തുക്കൾക്കും രക്തം ഊറ്റിക്കുടിക്കുന്നവക്കും അറബിയിൽ "അലഖ" എന്ന് പറയും.
4) അവസാനമായി, കയ്യിൽ ഒട്ടിപ്പിടിച്ച് തൂങ്ങിനിൽക്കുന്ന കളിമണ്ണിനും കട്ട പിടിച്ച രക്തത്തിനും "അലഖ" എന്ന് പറയുന്നു. പ്രമുഖ ഖുർആൻ വ്യാഖ്യതാവായ ഇബ്നുകഥീർ "തൂങ്ങിനിൽക്കുന്ന രക്തക്കട്ട" എന്ന അർത്ഥമാണ് "അലഖ"ക്ക് നൽകിയത് (Dangling clot).

അപ്പോൾ അലഖ എന്ന പദത്തിന് നമുക്ക് നൽകാവുന്ന അർത്ഥങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു
*തൂങ്ങിനിൽക്കുന്നത്
*രക്തം വലിച്ചുകുടിക്കുന്നത്
*അട്ടയെപ്പോലുള്ള വസ്തു
*കട്ട പിടിച്ച രക്തം

ശാസ്ത്രീയ വിശകലനം: 

12 ദിവസം വരെയുള്ള ഭ്രൂണത്തിന്റെ അവസ്ഥ നാം വിശദീകരിച്ച് കഴിഞ്ഞു.ആധുനിക ഭ്രൂണശാസ്ത്ര പ്രകാരം പതിനഞ്ചാം ദിനം മുതൽ ഭ്രൂണം ഗർഭാശയ ഭിത്തിയിൽ തൂങ്ങിനിൽക്കുന്ന രൂപത്തിലാണ് ഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഭ്രൂണം അമ്മയുടെ രക്തത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുകയും ചെയ്യുന്നു.ഇതിന് ശേഷം, നാലാമത്തെ ആഴ്ച്ച "ന്യൂറുലേഷൻ" (Neurulation) എന്ന പ്രക്രിയ നടക്കുകയും,ഭ്രൂണത്തിന്റെ "ഫോൾഡിംഗ്"(Folding) - ആദ്യ ഘട്ടം തുടങ്ങുകയും ചെയ്യുന്നു. ഇതോടു കൂടി മനുഷ്യ ഭ്രൂണത്തിന് അട്ടയുമായി സാദ്രശ്യം വരുന്നു (ചിത്രങ്ങൾ കാണുക). ഈയവസ്ഥയിലുള്ള ഭ്രൂണത്തിന്റെ മറ്റൊരു ബാഹ്യാവസ്ഥ എന്തെന്നു വെച്ചാൽ അത് കട്ടപിടിച്ച രക്തവുമായി സാദ്രശ്യം പുലർത്തുന്നു എന്നതാണ് . ഈ സമയത്താണ് മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ രൂപം കൊള്ളുന്നത് - എന്നാൽ മൂന്നാമത്തെ ആഴ്ച്ചക്ക് ശേഷം മാത്രമെ രക്തം ചംക്രമണം ആരംഭിക്കു. അതിനാൽ തന്നെ ഈയൊരവസ്ഥയിൽ ഭ്രൂണം അള്ളിപിടിച്ചു നിൽകുന്ന ഒരു രക്തക്കട്ടയുമായി സാദൃശ്യം പുലർത്തുന്നു.

വിമര്‍ശനം:

ഭ്രൂണത്തിന്റെ ബാഹ്യരൂപത്തെ ദുര്‍വ്യാഖ്യാനിക്കുന്നുവോ?

ഭ്രൂണവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള യോക് സാക് ( yolk sac) ഒഴിവാക്കിയാൽ മാത്രമേ ഭ്രൂണത്തെ അട്ടയുമായി സാദ്രിശ്യപ്പെടുത്താനാവൂ എന്നും അതിനാൽ തന്നെ ഇത് ദുർവ്യാഖ്യാനമാണ് എന്നും സമകാലിക വിമർശകർ ആരോപിക്കുന്നു. എന്നാൽ ഇത്തരക്കാർ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യം യോക് സാക് ( yolk sac - അണ്ഡമധ്യത്തിനാണ് yolk എന്ന് പറയുക, ഉദാഹരണംമുട്ടയുടെ മഞ്ഞക്കുരു) ഭ്രൂണത്തിന്റെ ആന്തരിക ഘടനയിൽ പെട്ടതല്ലെന്നും മറിച്ച് ഭ്രൂണത്തിന്റെ വളർച്ചയിൽ സഹായിക്കുന്നു, എന്നാൽ ഭാഗ്യമായ ഒരു ഘടകമാണ് എന്നതാണ്. ഇവ്വിഷയകമായി പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ വിവരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണിത്. പല ശാസ്ത്രഞ്ജരും " എക്സ്ട്രാ എംബ്രയൊണിക് മെംബ്രെയിൻ (extra embryonic membrane)" എന്ന അധ്യായത്തിലാണ് യോക് സാകുമായി (Yolk Sac) ബന്ധപ്പെട്ട പഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി യോക് സാക്(Yolk Sac) ഭ്രൂണത്തിന്റെ ഭാഗമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നതെങ്കിൽ കൂടി അത് ഖുർആൻ പറഞ്ഞതിന് വിരുധമാവുന്നില്ല കാരണം യോക് സാക് ഉണ്ടെങ്കിൽകൂടി ഭ്രൂണം അട്ടയുമായി സാദൃശ്യമുള്ളതാണ് , ഒരു ബാഹ്യ വസ്തുവുമായി അള്ളിപ്പിടിച്ചിരിക്കുന്ന ഘടന കൂടി അതോടൊപ്പം നാം കാണുന്നു എന്ന വ്യത്യാസമേ വരുന്നുള്ളൂ .അതിനാല്‍ തന്നെ ഇതൊരിക്കലും ദുര്‍വ്യാഖ്യാനമല്ല, മറിച്ച് ആധുനിക ശാസ്ത്രവുമായി ഒത്ത്തുപോകുന്നതാണ്‌.


മുദ്ഗ-ചവച്ചരക്കപ്പെട്ടത്..


فَخَلَقْنَا الْعَلَقَةَ مُضْغَةً
"അനന്തരം നാം ആ ഭ്രൂണത്തെ (അലഖ) "മുദ്ഗ"യാക്കി രൂപപ്പെടുത്തി."


ഖുർആനിന്റെ ഭാഷ്യപ്രകാരം "മുദ്ഗ"യാണ് മനുഷ്യ ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം. ചവച്ചരക്കപ്പെട്ടത്, മാംസപിണ്ഡം എന്നീ അർത്ഥങ്ങളാണ് അറബി ഭാഷയിൽ "മുദ്ഗ"ക്ക് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ചവച്ചരക്കപ്പെട്ട ശേഷം വായിൽ ബാക്കിയാവുന്ന പദാർഥത്തിനാണ് സാധാരണ "മുദ്ഗ" എന്ന് പറയപ്പെടുക. ചവച്ചരച്ച പല്ലിന്റെ അടയാളം ബാക്കി വെക്കപ്പെട്ട വസ്തുക്കൾക്കും ചവച്ചരക്കപ്പെടുന്തോറും അടയാളങ്ങൾ മാറപ്പെടുന്ന വസ്തുക്കൾക്കും "മുദ്ഗ" എന്ന് പറയപ്പെടുന്നു. സൂറത്തുൽ മു'മിനൂനിൽ മാത്രമല്ല, സൂറത്തുൽ ഹജ്ജിലും "മുദ്ഗ" എന്ന പദം ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
" അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും" ( ഹജ്ജ് :5)

രൂപം നൽകപ്പെട്ടത്‌ എന്ന അർത്ഥത്തിൽ ഇവിടെ ഉപയോഗിക്കപ്പെട്ട വാക്ക് "മുഖല്ലക്കത്" (مخلقة) എന്നതാണ്.

ശാസ്ത്രീയ വിശകലനം :


ഈ വാക്കിന്റെ വിശകലനവുമായി ബന്ധപ്പെട്ട് നാം വിവരിച്ച അർത്ഥതലങ്ങൾ പരിശോധിച്ചാൽ ഭ്രൂണവികാസത്തിന്റെ നാലാമത്തെ ആഴ്ചയിലേക്കാണ് ഈ വചനം വിരൽ ചൂണ്ടുന്നത് എന്ന് കാണാം. ഈ സന്ദർഭത്തിലാണ് സൊമൈറ്റുകൾ (somites ) ന്യൂറൽ ട്യൂബിനെയും (Neural Tube) നോട്ടോകോർടിനേയും (Notochord ) ആവരണം ചെയ്യാനായി സ്ഥാനം മാറുന്നത്. ഈയവസ്ഥയിൽ ഭ്രൂണത്തിന്മേൽ പല്ലുകളാൽ ചവക്കപ്പെട്ടത് പോലുള്ള അടയാളങ്ങൾ ബാക്കിയാകുന്നു.
"മുദ്ഗ" എന്ന പദത്തിന്റെ മറ്റൊരർത്ഥമായ മാംസപിണ്ഡം എന്നതും ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടുന്നതാണ്. മാത്രമല്ല "രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡം " എന്ന സൂറത്തുൽ ഹജ്ജിലെ പ്രയോഗം ഈയൊരു സമയത്ത് തന്നെയുള്ള ഓർഗാനോ ജെനറ്റിക് അവസ്ഥയെ ( Organo genetic period ) സംബന്ധിച്ചാവാനും സാധ്യതയുണ്ട്. കാരണം ഓർഗാനോ ജെനറ്റിക് പീരിയഡിലാണ് മനുഷ്യാവയവങ്ങൾ രൂപം കൊള്ളാൻ തുടങ്ങുന്നത്- എന്നാൽ അവ ഈ സമയത്ത്‌ പൂർണരൂപം പ്രാപിക്കുകയുമില്ല!

ചവക്കപ്പെട്ട വസ്തു?


വിമർശകർ ഉയർത്തുന്ന ഒരു വാദം ചവച്ചരക്കപ്പെട്ട മാംസവുമായി സാദൃശ്യം പുലർത്തുന്ന ഒരു ഘട്ടവും ഭ്രൂണവുമായി ബന്ധപ്പെട്ട് ആധുനിക ഭ്രൂണശാസ്ത്രം വിവരിക്കുന്നില്ല എന്നതാണ്. ഇവിടെയാണ്‌ "മുദ്ഗ" എന്ന വാക്കിന്റെ ഭാഷാപരമായ വിശകലനം പ്രസക്തമാവുന്നത്. "മുദ്ഗ"യുടെ ധാതുപദമായ "മാദിഗൻ" ചവച്ചരക്കാൻ സഹായിക്കുന്ന താടിയെല്ലിനെ (mandible) സൂചിപ്പിക്കുന്നു. "മുദ്ഗ" എന്ന പദം നൽകുന്ന അർത്ഥം "ചവക്കപ്പെട്ട മാംസം" എന്നതല്ല, മറിച്ച് ചവക്കപ്പെട്ട മാംസത്തിൽ ബാക്കിയായ അടയാളങ്ങൾ" എന്നതാണ്. ഈ ഘട്ടത്തിലെ ഭ്രൂണത്തിന്റെ ചിത്രങ്ങൾ പരിശോധിച്ചാൽ ഖുർആനിന്റെ ദൈവികത അക്ഷരാർത്ഥത്തിൽ ബോധ്യപ്പെടുന്നതാണ്.


എല്ലുകൾ


فَخَلَقْنَا الْمُضْغَةَ عِظَامًا

"പിന്നീട് നാം ആ മാംസപിണ്ഡത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി."


ഖുർആനിക വീക്ഷണ പ്രകാരം "മുദ്ഗ" ഘട്ടത്തിൽ നിന്ന് "ഇളാമ" ( عِظَامًا) എന്ന ഘട്ടത്തിലേക്കുള്ള രൂപാന്തരമാണ് മനുഷ്യ സൃഷ്ട്ടിപ്പിന്റെ അടുത്ത ഘട്ടം. ഈ വാക്കിന്റെ അര്ത്ഥം എല്ലുകൾ എന്നതാകുന്നു. പ്രത്യേകിച് ഒരു ജീവിയുടെ കാലുകളിലെയും കൈകളിലെയും മാംസമുള്ള എല്ലുകൾക്ക് "ഇളാം" എന്ന വാക്ക് പ്രത്യേകം ബാധകമാണ്.

ശാസ്ത്രീയ വിശകലനം.

ഭ്രൂണ വികാസത്തിന്റെ അഞ്ചാം ആഴ്ചയിലാണ് ആക്സിയൽ അസ്ഥികളുടെയും(Axial Skeleton) കാലിലെ എല്ലുകളുടെയും (Limb Skeleton) വളർച്ചയുടെ തുടക്കം. ഈ അവസ്ഥയെ സംബന്ധിച്ച് ശാസ്ത്രഞ്ജർ ഇപ്രകാരം വിശദീകരിച്ചു .
"The limb mesenchyme is at first a homogenous mass but soon condensations occur in it and these
chondrify to form cartilaginous models of the various bones. Each cartilage model is surrounded by perichondrium which is a condensation of mesenchyme. An ossific centre is formed upon each cartilage model by the ingrowth of ostoblasts (bone forming cells) from the surrounding mesenchyme. The surrounding mesenchyme is now termed periosteum. Osteoblasts now produce bones which give rise to the skeletal elements of the limb. ( John Allen & Beverely)

ഖുറാനിലെ വാകുകളുടെ പ്രയോഗവും ആധുനിക ശാസ്ത്രവുമായുള്ള പൊരുത്തം ഇവിടെ പ്രകടമാകുന്നു.

മാംസപിണ്ഡത്തിൽ നിന്ന് അസ്ഥികളോ?

ഇവിടെ അറബി ഭാഷയുമായി പരിചയക്കുറവുള്ളവർ ഒരു തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കാറുണ്ട് - ഈ വചനത്തിനു അവർ പദാനുപദമായി അര്ത്ഥം നൽകും. - "പിന്നീട് നാം ആ |മാംസപിണ്ടത്തെ അസ്ഥികളാക്കി രൂപപ്പെടുത്തി." എന്നിട്ട് മാംസപിണ്ഡം ഒരിക്കലും അസ്ഥികളായി മാറില്ലെന്നും അതിനാൽ ഈ വചനം അശാസ്ത്രീയമാണെന്നും വാദിക്കാൻ അവർ ഈ വചനം ഉപയോഗിക്കുന്നു. യഥാർത്ഥത്തിൽ അറബി വ്യാകരണവും ഖുരാനിന്റെ ശൈലിയും കൃത്യമായി മനസ്സിലാക്കാതെയുള്ള വാദമുഖമാണിത്. വ്യാകരണപ്രകാരം ഈ വചനത്തിന് നൽകാവുന്ന അര്ത്ഥം |മാംസപിന്ടത്തിൽ| നിന്ന് അസ്ഥികൾ ഉണ്ടാക്കി എന്നതാണ്. അതിനാലാണ് പ്രമുഖ ഖുർആൻ പരിഭാഷകൻ യൂസുഫലി "then we made out of that lump bones" എന്നും എം. എച് ശാകിർ "then we made (in) the lump of flesh bones" എന്നും അര്ത്ഥം നല്കിയത്. എന്തിനേറെ, ബ്രിട്ടീഷ്‌ അറബി പണ്ഡിതൻ എ ജെ ആർബെറി തന്റെ പരിഭാഷയിൽ നൽകിയ അര്ത്ഥം "then we created the tissue bones" എന്നതാണ്.

വസ്ത്രം ധരിപ്പിക്കപ്പെട്ട എല്ലുകള്‍


فَكَسَوْنَا الْعِظَامَ لَحْمًا
" എന്നിട്ട് നാം ആ അസ്ഥികളെ മാംസം കൊണ്ട് പൊതിഞ്ഞു"


ഖുരാനിന്റെ വിശദീകരണ പ്രകാരം, ഭ്രൂണ വികാസത്തിന്റെ അടുത്ത ഘട്ടം അസ്ഥികളെ മാംസത്താൽ പൊതിയലാണ്. "കസൗന" (كسونا) എന്ന വാക്കിന്റെ അർത്ഥം ഉടുപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, പൊതിയുക ബാഗ്യരൂപം നൽകുക എന്നെല്ലാമാണ്. "ലഹ്മ്" (لحم) എന്ന വാക്കിന് മാംസം എന്നാണ് അർത്ഥം.

ശാസ്ത്രീയ വിശകലനം:

ഈ ഘട്ടത്തിൽ "മയോബ്ലാസ്റ്റ്" (Myoblast) | ക്ലേശങ്ങൾ| മുൻലേഖനത്തിൽ വിവരിച്ച രൂപം കൊള്ളുന്ന അസ്ഥികളുടെ അടുത്തേക്ക് സ്ഥാനം മാറുകയും അവക്ക് ചുറ്റും കൂടിച്ചേരുകയും ചെയ്യുന്നു. ചുരുക്കത്തിൽ രൂപം പ്രാപിക്കാൻ തുടങ്ങിയ അസ്ഥികൾക്ക് ചുറ്റും മാംസം പൊതിയാൻ തുടങ്ങുന്നു. "കസൗന" എന്ന വാക്ക് എത്ര മാത്രം ആധുനിക ശാസ്ത്രവുമായി യോജിച്ചു പോകുന്നു എന്ന് ചിന്തിക്കൂ!

എന്ത് കൊണ്ട് ലഹ്മ് (لحم) എന്ന പദം?

ലഹ്മ് (മാംസം, flesh) എന്ന പദത്തേക്കാൾ കൃത്യം അദ്ലത്ത് (പേശി, muscles) എന്നതാനെന്ന്, ആയതിനാൽ ഭ്രൂണ വികാസത്തിന്റെ ഈ ഘട്ടത്തെ കുറിക്കാൻ ഖുർആൻ ഉപയോഗിച്ച പദം കൃത്യമല്ല എന്നും വിമർശകർ അഭിപ്രായപ്പെടുന്നു. ലഹ്മ് (لحم)എന്ന പദത്തിൻ പേശികൾ മാത്രമല്ല |സ്തായുക്കളും| (tendons) കണക്ടീവ് ടിഷ്യൂസും ( Connective Tissues) ഉൾപ്പെടും. ഈ ഘട്ടത്തിൽ തന്നെ ഇവയെല്ലാം രൂപം കൊള്ളുന്നതായി ശാസ്ത്രഞ്ജർ വിവരിക്കുന്നു.
" Ultimately, the muscles and tendons become attached to the bony structures so that they can produce their actions across the joints"
( Beverely Kramer & John Allen)
അതിനാൽ തന്നെ ഖുർആനിന്റെ പരാമർശം വളരെ കൃത്യമാണ് എന്ന് നമുക്ക് മനസ്സിലാക്കാം


ثُمَّ أَنْشَأْنَاهُ خَلْقًا آخَرَ

"പിന്നീട് മറ്റൊരു സൃഷ്ട്ടിയായി നാം അവനെ വളർത്തിയെടുത്തു"

(ഖൽക്) خلق എന്ന പദത്തിന്റെ അര്ത്ഥം സൃഷ്ട്ടി, രൂപം എന്നിവയെല്ലാമാണ്. "ആഖറ" (اخر) എന്ന പദത്തിന് "മറ്റൊന്ന്" എന്നാണ് അര്ത്ഥം. പ്രവാചകാനുയായിയും സുപ്രസിദ്ധ ഖുർആൻ വ്യാക്യാതാവുമായ ഇബ്നു കഥീർ (റ) "ആഖർ" എന്ന പദം കൊണ്ടുദേശിക്കുന്നത് ഗർഭകാലഘട്ടത്തെയും, ശൈശവത്തെയും, ബാല്യത്തെയും ആണ് എന്ന് പറഞ്ഞതായി ഇമാം റാസി രേഖപ്പെടുത്തുന്നു. ഗർഭകാലഘട്ടത്തിലേ എട്ടാമത്തെ ആഴ്ച മുതൽ അവസാനം വരെ ഭ്രൂണത്തെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ കാലമാണ്‌. ഈ സമയത്തെ foetal stage എന്ന് വിളിക്കുന്നു. ഇവിടെ രൂപമില്ലാത്ത അവസ്ഥയിലുള്ള മനുഷ്യഭ്രൂണം കൃത്യമായ രൂപത്തിലേക്കുള്ള മാറ്റം ആരംഭിക്കുന്നു. മനുഷ്യ രൂപത്തിന്റെ ബാഗ്യസവിശേഷതകൾ രൂപം കൊള്ളുന്നത് ഈ സമയത്താണ് എന്ന് വ്യക്തം. അതെ, മനുഷ്യഭ്രൂണത്തിന്റെ വളർച്ചയുടെ മറ്റൊരു ഘട്ടം ആരംഭിക്കുകയായി.


വിശുദ്ധ ഖുർആനിലെ സൂറത്തു മു'മിനൂനിൽ വിവരിക്കപ്പെട്ട ഭ്രൂണവികാസവുമായി ബന്ധപ്പെട്ട വസ്തുതകളും ഉപയോഗിച്ച പദങ്ങളും അവയുടെ അർത്ഥഭേദങ്ങളും നാം മനസ്സിലാക്കിക്കഴിഞ്ഞു. ഓരോ വാക്കും എത്രമാത്രം അനുയോജ്യവും ഉചിതവുമാണ് എന്നും നമുക്ക് മനസ്സിലായി. അറേബ്യൻ മരുഭൂമിയിൽ ആറാം നൂറ്റാണ്ടിൽ ജീവിച്ച ഒരു വ്യക്തിയാൽ എഴുതപ്പെട്ടതാണോ ഈ വചനങ്ങൾ? ഖുർആനിൽ ഉപയോഗിക്കപ്പെട്ട ഓരോ വാക്കുകളുടെയും കൃത്യതയാൽ അല്ല എന്നു വേണം മനസ്സിലാക്കാൻ കാരണം ശാസ്ത്രം 1400 വർഷങ്ങൾക്കപ്പുറം വിശദീകരിച്ച വസ്തുതകളിലെക്കാണ് വിരൽ ചൂണ്ടുന്നതാണ് ഈ വചനങ്ങൾ. അതിനാൽ തന്നെ ഖുർആൻ ദൈവീകമാണ് എന്നതിന് ഉത്തമമായ തെളിവാകുന്നു ഈ വചനങ്ങൾ.

ഇനി ഈ വിവരങ്ങള്‍ അന്നെ അറിയപ്പെട്ടതാണോ?
ഇവ മുഹമ്മദ്‌ നബി ഗ്രീക്ക് ഭ്രൂണശാസ്ത്രജ്ഞരില്‍ നിന്ന് പഠിച്ചതാണോ?
എന്തായിരുന്നു ഭ്രൂണസംബന്ധമായ ഗ്രീക്ക് പരിജ്ഞാനം?അരിസ്റ്റോട്ടിലും ഗാലനുമെല്ലാം പറഞ്ഞതെന്താണ്?
തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വായിക്കാം....

No comments:

Post a Comment