Wednesday 4 June 2014

എനിക്ക് വേണ്ടി ഒരു ചെറിയ കാര്യം ചെയ്യാമോ?

പ്രിയപ്പെട്ട സുഹൃത്തേ,

എനിക്ക് വേണ്ടി താങ്കള്‍ ഒരു ചെറിയ കാര്യം ചെയ്യാമോ?
ഇസ്ലാം  മതത്തെ സംബന്ധിച്ച ചില കാര്യങ്ങള്‍  ഒരു  സുഹൃത്ത്‌ എന്ന നിലക്ക് താങ്കളെ  അറിയിക്കുക  എന്നത് എന്റെ ബാധ്യതയാണ്..ഇല്ല  എങ്കില്‍   നാളെ മരണശേഷം  ദൈവസന്നിധിയില്‍,  അടുത്ത സുഹൃത്തായിരുന്നിട്ടു  പോലും  ഞാനെന്തു കൊണ്ട്  ഈ സന്ദേശം താങ്കള്‍ക്ക് അറിയിച്ചു തരിക പോലും ചെയ്തില്ല എന്ന് താങ്കള്‍ പറഞ്ഞാല്‍ എനിക്കന്നു ഉത്തരമില്ലാതായിപ്പോകും!

ഒരു പക്ഷേ ഞാന്‍  എന്റെ വിശ്വാസത്തെ സംബന്ധിച്ച് താങ്കളോട്  നേരിട്ട് സംസാരിച്ചാല്‍ അത് നമുക്കിടയില്‍ ഒരു തരം വൈഷമ്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്-അത്തരമൊരു അവസ്ഥ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.. അതിനാലാണ് ഞാന്‍ ഇതെഴുതുന്നത്-ദൈവത്തിങ്കല്‍  നിന്ന് മനുഷ്യര്‍ക്ക്‌ അവതീര്‍ണമായത് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഖുര്‍ആനിലെ ചില വചനങ്ങളുടെ അര്‍ത്ഥമാണ് ഞാന്‍  ഈ  എഴുത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് വായിക്കാന്‍ അല്പ സമയം വിനിയോഗിക്കേണമേ എന്ന് ഞാന്‍ അപേക്ഷിക്കുകയാണ്! ഭാവിയില്‍  ഇത് സംബന്ധമായ ചര്‍ച്ചകള്‍ക്ക് താത്പര്യം ഉണ്ടെങ്കില്‍ എന്നെ  സമീപിക്കാന്‍ യാതൊരു മടിയും കാണിക്കേണ്ട.ഇനി  ഇല്ല എങ്കിലും ഞാന്‍ താങ്കളോട് കടപ്പെട്ടവനാണ്-കാരണം ഇത് വായിക്കുന്നതിലൂടെ ഒരു സഹജീവി എന്ന നിലയില്‍ താങ്കളോടും അതോടൊപ്പം  നമ്മുടെ സ്രഷ്ടാവിനോടുമുള്ള കടമ നിര്‍വഹിക്കാന്‍ താങ്കള്‍ എന്നെ സഹായിച്ചതിന് നന്ദി പറയുന്നു...

നിങ്ങള്‍ എവിടെ നിന്നാണ് വന്നത്?

  • "മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?"  (76:1)
  • "നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി." (76:18)
  • "ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട്‌ ആലോചിച്ചു നോക്കുന്നില്ല."  (56:62)

ജീവിതം കേവലം കളിതമാശയോ?

  • "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?"   (23:115)
  • "നിങ്ങള്‍ അറിയുക: ഇഹലോകജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്‌- ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന്‌ ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീടതു തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത്‌ ( ദുര്‍വൃത്തര്‍ക്ക്‌ ) കഠിനമായ ശിക്ഷയും ( സദ്‌വൃത്തര്‍ക്ക്‌ ) അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്‌. ഐഹികജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല."  (57:20)
  • "ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌?  നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍."   (82:6-8)

നിങ്ങള്‍ ചുറ്റുപാടും നോക്കിയിട്ടുണ്ടോ?

  • "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌."  (3:190)
  • "അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല."  (52:35,36)
  • "എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു." (24:45)
  • "നിങ്ങള്‍ക്ക്‌ കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ അവന്‍ ഉറച്ച പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവന്‍ അതില്‍ പരത്തുകയും ചെയ്തിരിക്കുന്നു. ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ചൊരിയുകയും, എന്നിട്ട്‌ വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതില്‍ മുളപ്പിക്കുകയും ചെയ്തു."  (31:10)
  • "നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌."  (30:21)

  • "ദൃഢവിശ്വാസമുള്ളവര്‍ക്ക്‌ ഭൂമിയില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.നിങ്ങളില്‍ തന്നെയും ( പല ദൃഷ്ടാന്തങ്ങളുണ്ട്‌. )എന്നിട്ട്‌ നിങ്ങള്‍ കണ്ടറിയുന്നില്ലെ?"  (51:20-21)

നിങ്ങള്‍ ആ സ്രഷ്ടാവിനെ സംബന്ധിച്ച് ചിന്തിക്കുന്നുണ്ടോ?

  • "പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.അവന്ന്‌ തുല്യനായി ആരും ഇല്ലതാനും" (112:1-4)
  • "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക."  (20:14)
  • "എന്‍റെ ഉല്‍ബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക." (20:124)
  • "അതായത്‌ വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട്‌ മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌."  (13:28)
  • "ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട്‌ നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട്‌ നന്ദികേട്‌ കാണിക്കരുത്‌."   (2:152)

അവന്‍ നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചു തന്നില്ലേ?

  • "അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌(മുഹമ്മദ്‌ നബിക്ക്‌) അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു." (3:3)
  • "നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന്‌ ഞങ്ങള്‍ക്ക്‌ അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ്‌ സന്തതികള്‍ക്കും അവതരിപ്പിച്ച്‌ കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക്‌ നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതി ( സന്ദേശങ്ങളി )ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന്‌ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ട്‌ ജീവിക്കുന്നവരുമാകുന്നു"   (2:136)
  • "(നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ."  (18:110)

തടുക്കാനാകാത്ത വിരാമം!

  • "നിങ്ങള്‍ക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?"   (26:129)
  • "പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ വരേക്കും." (102:1-2)
  • "ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."  (21:35)

ലക്‌ഷ്യം തേടി.....

  • "തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച്‌ ഉണ്ടാക്കുന്നതും.അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനുമാണ്"(85:13-14)
  • "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും." (16:97)
  • "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല"   (3:185)
എന്റെ ബാധ്യത നിര്‍വഹിക്കാന്‍ സഹായിച്ചതിനുള്ള നന്ദി അറിയിച്ചു കൊള്ളട്ടെ!


    1 comment: