Friday 9 January 2015

ചാര്‍ളി ഹെബ്ദോയും ഭീകരരും കാണാതെ പോയ മനുഷ്യന്‍!

AD 631.. മക്കാ നഗരത്തിലെ മസ്ജിദുല്‍ ഹറമില്‍ ഒരുപാട് പേര്‍ തലതാഴ്ത്തി നില്കുന്നു. അവര്‍ക്ക് മുന്‍പിലേക്ക് മുഹമ്മദ്‌ എന്ന മനുഷ്യന്‍ കടന്നു വരുന്നു. ഏകനായ സ്രഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് ഉദ്ഘോഷിച്ചതിന്റെ പേരില്‍ തന്നെ ദ്രോഹിച്ച, ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ അണിയിച്ച, താന്‍ പറഞ്ഞത് അംഗീകരിച്ചു എന്ന ഒറ്റക്കാരണത്താല്‍ സുമയ്യ എന്ന വനിതയുടെ ഗുഹ്യസ്ഥാനതിലൂടെ ഇരുമ്പ് ദണ്ട് കയറ്റി വധിച്ച, നട്ടുച്ച നേരത്ത് ചുട്ടുപഴുത്ത മരുഭൂമിയില്‍ മലര്‍ത്തിക്കിടത്തി നീഗ്രോ അടിമയായ ബിലാലിന്റെ നെഞ്ചത്ത്‌ കല്ല്‌ കയറ്റി   വെച്ച , തന്നെ കൊല്ലാന്‍ പദ്ധതിയിട്ട , ഒടുവില്‍ ജന്മനാട്ടില്‍ നിന്ന് പുറത്താക്കിയ, എന്നിട്ടും മതിയാകാതെ മദീനയിലേക്ക് പട നയിച്ച മക്കയിലെ പൌരപ്രമുഖര്‍ - അവരാണ് തല താഴ്ത്തി നില്‍ക്കുന്നത്! ഒരു പക്ഷെ ആ രംഗങ്ങളെല്ലാം ഒരു മിന്നായം പോലെ മുഹമ്മദ്‌ നബിയുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകാം! ഇന്ന് മക്ക അദ്ദേഹത്തിന്റെ കാല്‍ക്കീഴിലാകുന്നു- ഒരൊറ്റ തുള്ളി രക്തം പോലും പൊടിയാതെ!

"നിങ്ങള്‍ എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?" എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നമ്രശിരസ്കരായി നിന്ന അവര്‍ പറഞ്ഞു,"താങ്കള്‍ മാന്യനാണ്, മാന്യന്റെ മകനും!"

ശിക്ഷാവിധിയും കാത്തു നിന്ന അവരോടായി മുഹമ്മദ്‌ നബി(സ) പറഞ്ഞു," പോകുക, നിങ്ങള്‍ സ്വതന്ത്രരാണ്,അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ. കാരുണ്യവാന്മാരില്‍ പരമ കാരുണികന്‍ അല്ലാഹുവാകുന്നു.!"