Monday 24 March 2014

"കാര്യമൊക്കെ ശരി തന്നെ! എന്നാലും......."


പല കാര്യങ്ങളോടും പലപ്പോഴും നമുക്കുള്ള പ്രതികരണമാണ് മുകളില്‍ കൊടുത്തത്‌. പ്രത്യേകിച്ച് മതപരമായ കാര്യങ്ങളില്‍.  പ്രാവര്‍ത്തികമാക്കുന്നതില്‍ നിന്ന് നമ്മുടെ ഇച്ഛകള്‍ നമ്മെ തടയുന്ന, നമ്മുടെ മനസ്സിന് ഒരു പക്ഷെ പൂര്‍ണമായും സമ്മതിച്ചു തരാനാകാത്ത കാര്യങ്ങളില്‍ നമ്മുടെ നിലപാടുകളെ നാം ന്യായീകരിക്കാന്‍ തുടങ്ങുന്നത് ഇത്തരമൊരു തടസ്സവാദം ഉന്നയിച്ചാണ്!

"ഞെരിയാണിക്ക് താഴെ പുരുഷന്മാര്‍ വസ്ത്രം താഴ്ത്തരുത് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്"- "ഹദീസോക്കെ ഉണ്ട് എന്നത് ശരി തന്നെ, പക്ഷെ അത് അഹങ്കാരത്തോടെ അങ്ങനെ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ്! അല്ലാഹു വസ്ത്രത്തിലെക്കല്ലല്ലോ, നമ്മുടെ മനസ്സിലെക്കല്ലേ നോക്കുക?"

"ലഹരിയുണ്ടാക്കുന്നതിനാല്‍ സിഗരറ്റ്‌ ഹറാം ആണ്"-
"സിഗരറ്റ്‌ ഹറാം ആണ് എന്ന് പറഞ്ഞ ആയത്തോ ഹദീസോ കാണിച്ചു തരാമോ? മദ്യം ഹറാം ആണ് എന്നല്ലേ ഖുര്‍ആനില്‍ വന്നിട്ടുള്ളൂ?"
"സ്ത്രീകള്‍ തല മറക്കണം!" -
"ശരിയാകും, പക്ഷെ അത് ആ കാലത്ത് മരുഭൂമിയില്‍ മണല്‍ കാറ്റടിച്ചു മനലോക്കെ മുടിയില്‍ കയറാതിരിക്കാന്‍ ഉണ്ടാക്കിയ പ്രായോഗിക നിയമമാകാന്‍ അല്ലെ സാധ്യത? അല്ലെങ്കിലും ഈ കാലത്ത് ഇത്തരം പിന്തിരിപ്പന്‍ വാദങ്ങള്‍ ഒക്കെ വേണോ?"

ഇങ്ങനെയൊക്കെയാണ് നമ്മുടെ കാര്യം! പ്രവാചകനായിരുന്നു ഇബ്രാഹീം(അ)നെ സംബന്ധിച്ച് വന്ന ഖുര്‍ആനിലെ ഒരു വചനം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ!
إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ ﴿١٣١
"നീ കീഴ്പെടുക എന്ന്‌ അദ്ദേഹത്തിന്‍റെരക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു."(2:131)

അതെ,തന്റെ നാഥന്‍ കീഴ്പെടുക-അഥവാ മുസ്ലിമാകുക എന്ന് പറഞ്ഞപ്പോള്‍ ഇബ്രാഹീമിന്റെ മറുപടി-യാതൊരു ന്യായവാദങ്ങളുമില്ലാതെ ഞാനിതാ നിരുപാധികമായി കീഴ്പെടുന്നു!

നമ്മളും പറയുന്നു-നാം മുസ്ലിങ്ങളാണ് എന്ന്,ഞങ്ങളിതാ കീഴ്പെടുന്നു എന്ന്!എന്നാല്‍ എവിടെയാണ് നാമും ഇബ്രാഹീം(അ)യും തമ്മിലുള്ള വ്യത്യാസം?

"ഇബ്രഹീമേ, നിന്റെ കുടുംബത്തെ വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കുക" എന്ന് അല്ലാഹു കല്പിച്ചപ്പോള്‍ "ഏയ്‌ , ഭാര്യയേയും പറക്കുമുറ്റാത്ത കുഞ്ഞിനേയും സഹായത്തിനാരുമില്ലാത്ത,കുടിക്കാന്‍ വെള്ളമില്ലാത്ത മരുഭൂമിയില്‍ ഉപേക്ഷിക്കുകയോ? വേറെ എന്ത് വേണമെങ്കിലും അനുസരിക്കാം, ഇത് പറ്റില്ല!" എന്ന് പറഞ്ഞില്ല എന്നതാണ് ഇബ്രാഹീം(അ)നെ നമ്മളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്!

"ഇബ്രാഹീമേ, നിന്റെ കുഞ്ഞു മകനെ ബലിയറുക്കുക"എന്ന് നാഥന്‍ കല്പിച്ചപ്പോള്‍ "പടച്ചവനെ, ആറ്റുനോറ്റുണ്ടായ കുഞ്ഞു മകനെ കൊന്നു കളയാനോ?പകരം വേറെ എന്ത് വേണമെങ്കിലും ചെയ്യാം!" എന്ന് ഇബ്രാഹീം പറഞ്ഞില്ല എന്നതാണ് അദ്ദേഹത്തെ നമ്മളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്, അദ്ദേഹത്തെ "ഖലീലുല്ലാഹ്" ആക്കുന്നത്!

നമ്മോട് നമ്മുടെ കുടുംബങ്ങളെ ഉപേക്ഷിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല! നമ്മുടെ മക്കളെ ബലി നല്‍കാന്‍ പറഞ്ഞിട്ടില്ല,നമുക്ക്‌ മുന്‍പില്‍ നംറൂദുമാര്‍ തീര്‍ത്ത പ്രതിബന്ധങ്ങലില്ല,തീക്കുണ്ടങ്ങളില്ല!നമ്മോട് ആവശ്യപ്പെട്ടത്‌ പൂര്‍ണമായും കീഴോതുങ്ങാന്‍ മാത്രമാകുന്നു!അവിടെയും നാം ന്യായ വാദങ്ങള്‍ തീര്‍ക്കുന്നോ?



وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ    لَمِنَ الصَّالِحِينَ
"സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ്‌ ഇബ്രാഹീമിന്‍റെമാര്‍ഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും." (2:130)

Tuesday 11 March 2014

നാസ്തികതയില്‍ നിന്ന് ദൈവ വിശ്വാസത്തിലേക്ക്-അഥവാ- ബുദ്ധിശൂന്യതയില്‍ നിന്ന് യുക്തി ചിന്തയിലേക്ക്!

കഴിഞ്ഞ പോസ്റ്റില്‍ നാം ബിഗ്‌ ബാംഗ് തിയറിയെ കുറിച്ച് വായിച്ചു. അതിലൂടെ പ്രപഞ്ചം ഉണ്ട് എന്ന് മനസ്സിലായി. എങ്കില്‍ മഹാവിസ്ഫോടനത്തിനു പിന്നിലുള്ള സാധുതകള്‍ എന്തെല്ലാമാണ്? നമുക്കൊന്ന് വിശകലം ചെയ്യാം!
നില നില്‍കുന്ന ഇതൊരു വസ്തുവിന്റെയും(അതെന്തുമാകട്ടെ) ഉദ്ഭവത്തിനു നാല് സാധ്യതകളാണ് നിലനില്‍ക്കുന്നത്:-
  1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി
  2. സ്വയം സൃഷ്ടിച്ചു
  3. സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലുംകാര്യത്തില്‍ നിന്നുണ്ടായി
  4. സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു
ഇതിലോരോ സാധ്യതയും നമുക്കൊന്ന് പരിശോധിക്കാം!

ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി

നമുക്കറിയാം-ഈ പ്രപഞ്ചം ഒന്നുമില്ലായ്മയില്‍നിന്നല്ല -കാരണം ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുമുണ്ടാകില്ല! ശ്രദ്ധിക്കുക:നാമിന്നു കാണുന്ന സ്ഥലം (space),സമയം (time) എന്നിവയെല്ലാം രൂപപ്പെട്ടത് മഹാവിസ്ഫോടനത്തിനു ശേഷമാണ് എന്ന് ശാസ്ത്രം പറയുന്നു. നിങ്ങള്‍ക്കറിയുന്ന എന്തെങ്കിലും കാര്യം ശൂന്യതയില്‍ നിന്ന് രൂപം കൊണ്ടിട്ടുണ്ടോ?

സ്വയം സൃഷ്ടിച്ചു


പ്രപഞ്ചം സ്വയം സൃഷ്ടിക്കപ്പെട്ടു എന്നത് വിരോധാഭാസകരവുംവൈരുധ്യവും നിറഞ്ഞ വാദമാണ്. കാരണം, പ്രപഞ്ചം ഒരേ സമയം നിലകൊള്ളുകയും നിലകൊള്ളാതിരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വരും!നിങ്ങളുടെ അമ്മ നിങ്ങളുടെ അമ്മയെ ഗര്‍ഭം ധരിച്ചു ജനനം നല്‍കി എന്ന് പറഞ്ഞാല്‍ എന്തു വിഡ്ഢിത്തമാകും അത്! അല്ലെ?

 സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലും കാര്യത്തില്‍ നിന്നുണ്ടായി

പ്രപഞ്ചത്തെ  സംബന്ധിച്ചിടത്തോളം ഇത് സാധ്യമാണോ? പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് കാരണമായത്‌ മറ്റൊരു ഭൌതികമായ അവസ്ഥയാണ് എന്ന് വെച്ചാല്‍-അതിനു കാരണമായതെന്തു? ഇങ്ങനെ കാരണങ്ങളുടെ ഒരനന്ത ശ്രേണി തന്നെ നമ്മുക്ക് രൂപീകരിക്കാന്‍ കഴിയും!ഇത് പ്രായോഗികമാണോ? അനന്തത(infinity) എന്നത് യാഥാര്‍ത്യം അല്ല- നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ പോകുന്നു.അത് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരാളുടെ സമ്മതം വേണം, അയാള്‍ നിങ്ങള്‍ക്ക്‌ സമ്മതം തരണമെങ്കില്‍ മറ്റൊരാള്‍ അയാള്‍ക്ക്‌ സമ്മതം നല്‍കണം-ഈ ശൃംഖല ഇങ്ങനെ അനന്തത വരെ നീളുന്നു എന്ന് സങ്കല്പിക്കുക-നിങ്ങളെന്നെങ്കിലും അക്കാര്യം ചെയ്യുമോ?അത് പോലെയാണ് ഈ പ്രപഞ്ചമെങ്കില്‍ നിങ്ങള്‍ ആ കാര്യം ചെയ്യാത്തത് പോലെ ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് വിശ്വസിക്കേണ്ടി വരും! ഇല്ല,പ്രപഞ്ചം നില നില്‍കുന്നു!..അതിനാല്‍ തന്നെ ഈ വാദവും നിരര്‍ത്ഥകമാണ്.

 സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു

മുന്‍പ്  പറഞ്ഞ മൂന്നു വാദങ്ങളുടെയും നിരര്‍ത്ഥകത നാം മനസ്സിലാക്കി-ശേഷിക്കുന്ന ഏക വാദം-ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്! അത് തന്നെയാണ് ഏറ്റവും നല്ല വിശദീകരണവും!നമ്മുടെ സാമാന്യ ബോധം വെച്ച് ചിന്തിക്കുക-നില നില്‍ക്കുന്ന എന്തിനും ഒരു സ്രഷ്ടാവ്‌ ആവശ്യമാണ്‌! ഇനി എന്താകണം ആ സ്രഷ്ടാവിന്റെ പ്രത്യേകത? അവന്‍ സൃഷ്ടിക്കപ്പെട്ടവനാകരുത്! എല്ലാത്തിനും കാരണമായ നാഥന്‍-എന്നാല്‍ അവനു കാരണങ്ങളില്ല-അതല്ലെങ്കില്‍ നാം ഇനിയും  അനന്തമായ കാരണങ്ങള്‍ തേടി ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് ഈ പ്രപഞ്ചത്തിലിരുന്നു വിശ്വസിക്കേണ്ടി വരും! അതെ-കാരണങ്ങള്‍ക്കതീതനായ ഒരു സ്രഷ്ടാവാകുന്നു ഈ പ്രപഞ്ചത്തിനു കാരണം എന്നതാണ് ഏറ്റവും യുക്തിപരമായ വിശദീകരണം!ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുന്ടെന്കില്‍, അതിന്റെ കാരണങ്ങള്‍ തേടിപ്പോകുമ്പോള്‍ നമുക്ക്‌ ലഭിക്കുന്ന യുക്തിപരമായ ഉത്തരം അതാണ്‌!

അദ്ഭുതകരമെന്നു പറയട്ടെ-ഇതേ ചോദ്യങ്ങള്‍ വിശുദ്ധ ഖുര്‍ആനും നമ്മോട് ചോദിക്കുന്നു, എന്നിട്ട് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു: "അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്‌? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല."(സുറത്തു ത്വൂര്‍ 35,36)

കാരണങ്ങള്‍ക്ക് അതീതനായ ആ സ്രഷ്ടാവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു,
"അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല."(സൂറത്തുല്‍ ഇഖ്‌ലാസ് 3).

തീര്‍ച്ചയായും അത്തരമൊരു സ്രഷ്ടാവ്‌ പദാര്‍ത്ഥങ്ങള്‍ക്കതീതനും സൃഷ്ടികളില്‍ നിന്ന് വിഭിന്നനും ആകണം. ഖുര്‍ആന്‍ ഇത് ശരി വെക്കുന്നു:
"അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു."(സൂറത്ത് ശൂറ 11)

അതെ, ആ സ്രഷ്ടാവിനെ ആകുന്നു വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്! അവനാകുന്നു അല്ലാഹു! അല്ലാഹു എന്നാല്‍ ഏതെന്കിലും ഗോത്രത്തിന്റെ ദൈവമല്ല, ഏതെന്കിലും ദേശക്കാരുടെയോ ഭാഷക്കാരുടെയോ ദൈവമല്ല, മുസ്ലിങ്ങളുടെ മാത്രം ദൈവമല്ല- മറിച്ച് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ, സകല ചരാചരങ്ങളെയും സംരക്ഷിച്ചു പോരുന്ന നാഥന്‍!