Monday 24 March 2014

"കാര്യമൊക്കെ ശരി തന്നെ! എന്നാലും......."


പല കാര്യങ്ങളോടും പലപ്പോഴും നമുക്കുള്ള പ്രതികരണമാണ് മുകളില്‍ കൊടുത്തത്‌. പ്രത്യേകിച്ച് മതപരമായ കാര്യങ്ങളില്‍.  പ്രാവര്‍ത്തികമാക്കുന്നതില്‍ നിന്ന് നമ്മുടെ ഇച്ഛകള്‍ നമ്മെ തടയുന്ന, നമ്മുടെ മനസ്സിന് ഒരു പക്ഷെ പൂര്‍ണമായും സമ്മതിച്ചു തരാനാകാത്ത കാര്യങ്ങളില്‍ നമ്മുടെ നിലപാടുകളെ നാം ന്യായീകരിക്കാന്‍ തുടങ്ങുന്നത് ഇത്തരമൊരു തടസ്സവാദം ഉന്നയിച്ചാണ്!

"ഞെരിയാണിക്ക് താഴെ പുരുഷന്മാര്‍ വസ്ത്രം താഴ്ത്തരുത് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്"- "ഹദീസോക്കെ ഉണ്ട് എന്നത് ശരി തന്നെ, പക്ഷെ അത് അഹങ്കാരത്തോടെ അങ്ങനെ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ്! അല്ലാഹു വസ്ത്രത്തിലെക്കല്ലല്ലോ, നമ്മുടെ മനസ്സിലെക്കല്ലേ നോക്കുക?"

"ലഹരിയുണ്ടാക്കുന്നതിനാല്‍ സിഗരറ്റ്‌ ഹറാം ആണ്"-
"സിഗരറ്റ്‌ ഹറാം ആണ് എന്ന് പറഞ്ഞ ആയത്തോ ഹദീസോ കാണിച്ചു തരാമോ? മദ്യം ഹറാം ആണ് എന്നല്ലേ ഖുര്‍ആനില്‍ വന്നിട്ടുള്ളൂ?"
"സ്ത്രീകള്‍ തല മറക്കണം!" -
"ശരിയാകും, പക്ഷെ അത് ആ കാലത്ത് മരുഭൂമിയില്‍ മണല്‍ കാറ്റടിച്ചു മനലോക്കെ മുടിയില്‍ കയറാതിരിക്കാന്‍ ഉണ്ടാക്കിയ പ്രായോഗിക നിയമമാകാന്‍ അല്ലെ സാധ്യത? അല്ലെങ്കിലും ഈ കാലത്ത് ഇത്തരം പിന്തിരിപ്പന്‍ വാദങ്ങള്‍ ഒക്കെ വേണോ?"

ഇങ്ങനെയൊക്കെയാണ് നമ്മുടെ കാര്യം! പ്രവാചകനായിരുന്നു ഇബ്രാഹീം(അ)നെ സംബന്ധിച്ച് വന്ന ഖുര്‍ആനിലെ ഒരു വചനം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ!
إِذْ قَالَ لَهُ رَبُّهُ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ الْعَالَمِينَ ﴿١٣١
"നീ കീഴ്പെടുക എന്ന്‌ അദ്ദേഹത്തിന്‍റെരക്ഷിതാവ്‌ അദ്ദേഹത്തോട്‌ പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന്‌ ഞാനിതാ കീഴ്പെട്ടിരിക്കുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു."(2:131)

അതെ,തന്റെ നാഥന്‍ കീഴ്പെടുക-അഥവാ മുസ്ലിമാകുക എന്ന് പറഞ്ഞപ്പോള്‍ ഇബ്രാഹീമിന്റെ മറുപടി-യാതൊരു ന്യായവാദങ്ങളുമില്ലാതെ ഞാനിതാ നിരുപാധികമായി കീഴ്പെടുന്നു!

നമ്മളും പറയുന്നു-നാം മുസ്ലിങ്ങളാണ് എന്ന്,ഞങ്ങളിതാ കീഴ്പെടുന്നു എന്ന്!എന്നാല്‍ എവിടെയാണ് നാമും ഇബ്രാഹീം(അ)യും തമ്മിലുള്ള വ്യത്യാസം?

"ഇബ്രഹീമേ, നിന്റെ കുടുംബത്തെ വിജനമായ മരുഭൂമിയില്‍ ഉപേക്ഷിക്കുക" എന്ന് അല്ലാഹു കല്പിച്ചപ്പോള്‍ "ഏയ്‌ , ഭാര്യയേയും പറക്കുമുറ്റാത്ത കുഞ്ഞിനേയും സഹായത്തിനാരുമില്ലാത്ത,കുടിക്കാന്‍ വെള്ളമില്ലാത്ത മരുഭൂമിയില്‍ ഉപേക്ഷിക്കുകയോ? വേറെ എന്ത് വേണമെങ്കിലും അനുസരിക്കാം, ഇത് പറ്റില്ല!" എന്ന് പറഞ്ഞില്ല എന്നതാണ് ഇബ്രാഹീം(അ)നെ നമ്മളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്!

"ഇബ്രാഹീമേ, നിന്റെ കുഞ്ഞു മകനെ ബലിയറുക്കുക"എന്ന് നാഥന്‍ കല്പിച്ചപ്പോള്‍ "പടച്ചവനെ, ആറ്റുനോറ്റുണ്ടായ കുഞ്ഞു മകനെ കൊന്നു കളയാനോ?പകരം വേറെ എന്ത് വേണമെങ്കിലും ചെയ്യാം!" എന്ന് ഇബ്രാഹീം പറഞ്ഞില്ല എന്നതാണ് അദ്ദേഹത്തെ നമ്മളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്, അദ്ദേഹത്തെ "ഖലീലുല്ലാഹ്" ആക്കുന്നത്!

നമ്മോട് നമ്മുടെ കുടുംബങ്ങളെ ഉപേക്ഷിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടിട്ടില്ല! നമ്മുടെ മക്കളെ ബലി നല്‍കാന്‍ പറഞ്ഞിട്ടില്ല,നമുക്ക്‌ മുന്‍പില്‍ നംറൂദുമാര്‍ തീര്‍ത്ത പ്രതിബന്ധങ്ങലില്ല,തീക്കുണ്ടങ്ങളില്ല!നമ്മോട് ആവശ്യപ്പെട്ടത്‌ പൂര്‍ണമായും കീഴോതുങ്ങാന്‍ മാത്രമാകുന്നു!അവിടെയും നാം ന്യായ വാദങ്ങള്‍ തീര്‍ക്കുന്നോ?



وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ ۚ وَلَقَدِ اصْطَفَيْنَاهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ    لَمِنَ الصَّالِحِينَ
"സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ്‌ ഇബ്രാഹീമിന്‍റെമാര്‍ഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും." (2:130)

5 comments:

  1. Masha Allah.. Good.

    - Sayoob

    ReplyDelete
  2. thanks..jazakumullahu khairan Abdulsamad and Sayoobka..

    ReplyDelete
  3. സത്യം..!! അല്ലാഹു നമ്മെ സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ... ആമീൻ

    ReplyDelete