Friday 22 March 2013

ഖുർആൻ


ഖുർആൻ എന്ന പദത്തിന്റെ ഭാഷാപരമായ അർഥം "വായിക്കപ്പെടുന്നത് " എന്നാണു. "എഴുതപ്പെട്ട പുസ്തകം " എന്നർത്ഥം വരുന്ന " അൽ- കിതാബ് " എന്ന അറബി പദത്താൽ ഖുർആൻ സ്വയം വിശേഷിപ്പിക്കുന്നു. ഖുർആൻ 114 അധ്യായങ്ങളായി (സൂറത്തുകൾ ) വിഭജിക്കപ്പെട്ടിരിക്കുന്നു. ചരിത്രകാരനായ ഫിലിപ്പ് ഹിട്ടി വിശുദ്ധ ഖുർആനിനെ വിശേഷിപ്പിച്ചത് ഐതിഹാസികവും ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നതുമായ ഗ്രന്ഥം എന്നാണു .

ഇസ്ലാമിക വിശ്വാസത്തിന്റെയും കർമാനുഷ്ഠനങ്ങളുടെയും നിയമസംഹിതയുടെയും മാർഗ്ഗദർശനത്തിന്റെയും അടിസ്ഥാന സ്ത്രോതസ്സാകുന്നു ഖുർആൻ.ദൈവദൂതനായ മുഹമ്മദ്‌ നബി (സ)യിലൂടെ മനുഷ്യർക്ക് ഈ ലോകത്തിന്റെ സ്രഷ്ടാവ് അവതരിപ്പിച്ച വചനങ്ങളാകുന്നു ഖുർആനിലുള്ളത് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു.

മറ്റേതൊരു ആധ്യാത്മികവും നിയമസംബന്ധിയുമായ പുസ്തകത്തെ പോലെ ഖുർആൻ പൂര്‍ണമായി മനസ്സിലാക്കാനും വ്യാഖ്യാനം ആവശ്യമാണ്‌. ഖുർആൻ വ്യാഖ്യാനത്തെ അറബിയിൽ തഫ്സീർ എന്ന് വിളിക്കുന്നു.

ഖുർആന്റെ അര്‍ത്ഥ വ്യാപ്തി മനസ്സിലാകാൻ വ്യാഖ്യാതാക്കൾ താഴെ പറയുന്ന സ്ത്രോതസ്സുകൾ ഉപയോഗിക്കുന്നു.

1) ഖുർആൻ
വ്യാഖ്യാനത്തിന്റെ ആദ്യ സ്ത്രോതസ്സ് ഖുർആൻ തന്നെ. ഖുർആനിലെ പല വചനങ്ങളും മറ്റു പല വചനങ്ങളെയും വിശദീകരിക്കുന്നവയാകുന്നു.

2) പ്രവാചകചര്യ
ഖുർആൻ അവതരിച്ചത് നബി (സ)ക്കാണ്. ആ നിലക്ക് പ്രവാചക വചനങ്ങളും ചര്യകളും ഖുർആനിനെ വിശദീകരിക്കുന്നു.

3) പ്രവാചകന്റെ അനുയായികൾ
ഖുർആനിന്റെ പ്രാഥമിക ശ്രോതാക്കളായിരുന്നു മുഹമ്മദ്‌ നബി (സ)ൽ നിന്ന് നെരിട്ട് ഖുർആൻ പഠിച്ച അനുയായികൾ. ഇവർ "സ്വഹാബികൾ" എന്നറിയപ്പെടുന്നു

4) അറബി ഭാഷ
അറബി ഭാഷയിലാണ് ഖുർആൻ അവതരിച്ചത്. അതിനാൽ തന്നെ മറ്റു സ്ത്രോതസ്സുകളിൽ നിന്നുള്ള വിശദീകരണം പരിമിതമാണെങ്കിൽ അറബി ഭാഷയും ഖുർആനിനെ വ്യാഖ്യാനിക്കാനുള്ള മാർഗ്ഗമായി ഉപയോഗിക്കപ്പെടുന്നു.