Sunday 16 November 2014

"ഒരു ബെന്‍സ്‌ കിട്ടിയാലോ?!"

"നാളെ രാവിലെ അഞ്ച് മണിക്ക് ഇന്ന സ്ഥലത്ത് ഒരുമിച്ചു കൂടുന്ന ആളുകള്‍ക്കൊക്കെ ഒരു ബെന്‍സ്‌ കാര്‍ സമ്മാനമായി നല്‍കുന്നതാണ്!"
ഇങ്ങനെ ഒരു പ്രഖ്യാപനം വിശ്വസനീയമായ സ്ത്രോതസ്സില്‍ നിന്ന് ലഭിച്ചാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം?
രാവിലെ നാലരക്ക് തന്നെ നമ്മളെവിടെ എത്തും, അല്ലെ?
വളരെ ദൂരെയുള്ള സ്ഥലമാണെങ്കില്‍ കഴിയുമെങ്കില്‍ തലേന്ന് തന്നെ പുറപ്പെടും..
രാവിലെ സ്ഥിരമായി വൈകിയുണരുന്ന ആളാണെങ്കില്‍ രാത്രി ഒരു പക്ഷെ ഉറങ്ങാതെ നേരം വെളുപ്പിക്കും..
ഇനി കിട്ടിയ വിവരം അത്ര വിശ്വാസയോഗ്യമല്ലെങ്കില്‍ പോലും നമ്മള്‍ വെറുതെ ഒന്ന് പോയി നോക്കും, പണ്ടാരോ പറഞ്ഞ പോലെ "ഇനി ശരിക്കും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?!!"
എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും തമാശക്ക് പോലും കളവ പറയാത്ത മുഹമ്മദ്‌ നബി(സ�) പറഞ്ഞു," ഫജ്റിനു(സുബ്ഹിക്ക്) മുന്‍പുള്ള രണ്ടു റകഅത്ത്‌ ഈ ലോകത്തിനും അതില്‍ ഉള്ളതിനെക്കാളും ഉത്തമമാണ്!"
സുബ്ഹിക്ക് മുന്‍പുള്ള, നിര്‍ബന്ധമല്ലാത്ത നമസ്കാരത്തിന് ഇത്ര മാത്രം പുണ്യമുണ്ടെങ്കില്‍ സുബ്ഹി നമസ്കാരത്തിന്റെ പ്രതിഫലം എന്തായിരിക്കും! അല്ലാഹുവിനാകുന്നു സര്‍വസ്തുതിയും!അന്‍പതോ നൂറോ കിലോഗ്രാം ഭാരം പൊക്കാന്‍ കഴിവുള്ളവനെക്കാള്‍ ശക്തനാണ് മനോഹരമായി ഉറങ്ങുന്ന സമയത്ത് തന്റെ രക്ഷിതാവിന്റെ പ്രീതി മാത്രം മുന്നില്‍ കണ്ടു തന്റെ പുതപ്പ് പൊക്കാന്‍ കഴിയുന്നവന്‍!
എന്നാല്‍ ഈ ദുനിയാവും അതിലുള്ളത് മുഴുവനും അതിലധികവും തരാമെന്നു പറഞ്ഞിട്ടും, നാം അത് വേണ്ട എന്ന് പറഞ്ഞു തള്ളുകയാണെങ്കില്‍ നമ്മെക്കാള്‍ വലിയ വിഡ്ഢികള്‍ ആരുണ്ട്! മാത്രമല്ല,അതിലൂടെ നാം പ്രവാചകന്റെ വാക്കുകളെ വില കുറച്ച് കാണുകയല്ലേ!
നാളെ മരിച്ചു മണ്ണായിതീരാന്‍ പോകുന്ന നാം കരുതി വെക്കേണ്ടത്‌ മരണമില്ലാത്ത ലോകത്തിനു വേണ്ടിയാകുന്നു! കഴിവിന്റെ പരമാവധി സുബ്ഹി നമസ്കാരം ജമാഅത്ത് ആയി തന്നെ നമസ്കരിക്കാന്‍ ശ്രദ്ധിക്കുക..അതിനുള്ള തൗഫീഖ്‌ നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ!
ഇതൊരു ഉപദേശമല്ല, നിങ്ങളോടും, പ്രത്യേകിച്ച് എന്നോടുമുള്ള ഓര്‍മപ്പെടുത്തലാണ്!