Friday 6 March 2015

മാറ്റം സാധ്യമാണ്!

ഇതൊരു മാറ്റത്തിന്റെ കഥയാണ്...പ്രശ്ന കലുഷിതമായ,അതിക്രമങ്ങളും അനീതിയും നിറഞ്ഞ ഈ ലോകത്ത് മാറ്റം സാധ്യമാണ് എന്ന പ്രതീക്ഷ നല്‍കുന്ന മനോഹരമായ ചരിത്രം...

എ ഡി ആറാം നൂറ്റാണ്ട്...ചരിത്രകാരന്മാര്‍ ഇരുണ്ട കാലഘട്ടം എന്ന് വിളിക്കുന്ന യുഗം...

"ഈ ലോകത്ത് സന്തോഷിക്കാന്‍ വക നല്‍കുന്ന എന്താണുള്ളത്?"എന്ന് ചോദിച്ചത് അന്നത്തെ മാര്‍പ്പാപ്പ ഗ്രിഗറി ഒന്നാമന്‍ ആയിരുന്നു.ജർമൻ ഗോത്ര വംശജരായ ലൊംബാർടുകളുടെ അതിക്രമങ്ങളും അടിച്ചമര്‍ത്തലുകളുമായിരുന്നു പോപ്പിനെ അത്തരമൊരു അഭിപ്രായത്തിനു പ്രേരിപ്പിച്ചത്‌. ഈയൊരു വിഷമസന്ധിയില്‍ റോം മാത്രമല്ല ഉണ്ടായിരുന്നത്.

സിറിയയിലെ ഓര്‍ത്തഡോക്സ്‌ ക്രിസ്ത്യാനികള്‍ തങ്ങളെ ഭരിക്കുന്ന ബൈസാന്റിയന്‍ രാജവംശവുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലം കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാകുന്ന സമയം.ഈജിപ്തിലെ കോപ്റ്റിക്‌ വംശജരും ഇതേ ബൈസാന്റിയന്‍മാരുടെ ആക്രമണങ്ങളില്‍ പ്രയാസമാനുഭവിക്കുന്നു. ജൂതരാകട്ടെ, സ്പെയിനിലെ ചര്‍ച്ചിന്റെ ഭീഷണിയാല്‍ വംശനാശഭീഷണി തന്നെ നേരിടുന്നു!അനീതി കൊടികുത്തി വാഴുന്ന ലോകം.

അറബികളുടെ കാര്യമായിരുന്നു ഏറെ കഷ്ടം!ആണിനെയും പെണ്ണിനെയും മൃഗങ്ങളെ പോലെ ചന്തയില്‍ വിറ്റിരുന്ന ജനത.. നിരക്ഷരതയും മദ്യപാനവും വ്യഭിചാരവും പ്ലേഗ് പോലെ പടര്‍ന്നു പിടിച്ചിരിക്കുന്നു. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന ഒരു ജനതയെ കുറിച്ച് നമുക്ക്‌ ചിന്തിക്കാനാകുമോ? സ്ത്രീകള്‍ക്ക് സ്വത്ത് കൈവശം വെക്കാനോ അനന്തരമെടുക്കാനോ അവകാശം നല്‍കാത്ത സമൂഹം. ഒരു കുഞ്ഞു ജനിച്ചാല്‍ തന്തയാര് എന്നറിയാന്‍ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയിരുന്നവര്‍. "ഞാന്‍ മരിച്ചാല്‍ മുന്തിരിവള്ളികള്‍ക്കടിയില്‍ എന്നെ മറമാടണം" എന്ന് ഒസ്യത്ത് നല്‍കിയ കവികള്‍ ജീവിച്ച മണ്ണ്.പിതാവ്‌ മരിച്ചാല്‍ മാതാവിനെ ഒഴികെ പിതാവിന്റെ മറ്റെല്ലാ ഭാര്യമാരെയും മകനുള്ള അനന്തരാവകാശ സ്വത്തായി കണ്ട ജനങ്ങള്‍ ജീവിച്ച മഹാമരുഭൂമി!

1920 ൽ ആണ് അമേരിക്കന്‍ ഐക്യ നാടുകളില്‍ സമ്പൂര്‍ണ മദ്യനിരോധന നിയമം കൊണ്ട് വന്നത്. എന്നാല്‍ ആ ഒരൊറ്റ നിയമം പൂര്‍ണമായി നടപ്പിലാക്കുന്നതില്‍-ജനങ്ങള്‍ക്കിടയില്‍ മാറ്റം സാധ്യമാക്കുന്നതില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ഗവണ്മെന്റ്കളില്‍ ഒന്ന് അതിദയനീയമായി പരാജയപ്പെട്ടു. വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും മാഫിയാ ഗാംഗുകളും മൂലം1933ല്‍ സര്‍ക്കാര്‍ തന്നെ ആ നിയമം പിന്‍വലിച്ചു.

ഒരൊറ്റ മാറ്റം പോലും സാധ്യമാക്കുന്നതില്‍ ഈ ഇരുപതാം നൂറ്റാണ്ടില്‍ നിയമവും സര്‍ക്കാരും പരാജയപ്പെട്ടെന്കില്‍ എത്ര കാലമെടുക്കും മേല്‍പറഞ്ഞ ലോകത്തെ മാറ്റിയെടുക്കാന്‍?പതിറ്റാണ്ടുകള്‍? അതോ തലമുറകളോ?അല്ല, ഒരുപക്ഷെ അത് അസാധ്യം തന്നെയാണ്.

ഈയൊരു സമൂഹത്തിലെക്കായിരുന്നു വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)യിലൂടെ അവതരിക്കപ്പെട്ടത് . കേവലം അറബികല്‍ക്കല്ല- ലോകത്തിനു മുഴുവനായി ഒരു ഗ്രന്ഥം. ഖുര്‍ആനിന്റെ അവതരണോദ്ദേശ്യങ്ങളിൽ പ്രധാനമായിരുന്നു മനുഷ്യസമൂഹത്തെ ഒന്നടങ്കം സകല അനീതികളില്‍ നിന്നും അടിച്ചമര്‍ത്തളുകളില്‍ നിന്നും മോചിപ്പിക്കുക എന്നത്. ഖുര്‍ആന്‍ ഉച്ചത്തില്‍, വ്യക്തമായി പ്രഖ്യാപിച്ചു:
"മനുഷ്യരെ അവന്‍റെ രക്ഷിതാവിന്‍റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്‌. അതായത്‌, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്‍റെ മാര്‍ഗത്തിലേക്ക്‌." (ഖുർആൻ 14:1)

സമാധാനത്തിന്റെയും ശാന്തിയുടെയും ഫലങ്ങള്‍ ഭക്ഷിച്ചത് അറബികള്‍ മാത്രമായിരുന്നില്ല-ലോകം ഒന്നടങ്കമായിരുന്നു. ചരിത്രത്തിലെ ഇരുണ്ട യുഗത്തിനു വാതിലുകള്‍ തുറക്കപ്പെട്ടത് നീതിയുടെയും വിജ്ഞാനതിന്റെയും വിഹായസ്സിലേക്കായിരുന്നു..

എങ്ങനെയായിരുന്നു ഖുര്‍ആനും ആദ്യകാല മുസ്ലിങ്ങളും സമൂഹത്തില്‍ മാറ്റം സാധ്യമാക്കിയത്? മുഹമ്മദ്‌ നബി(സ)യുടെ സഹചാരിയായിരുന്ന ജഹ്ഫര്‍ ബിന്‍ അബീത്വാലിബ്‌ അബ്സീനിയ(ഇന്നത്തെ എത്യോപ്യ)യിലെ അന്നത്തെ ഭരണാധികാരിയായിരുന്ന നജ്ജാശിയോടു പറഞ്ഞത് കേള്‍ക്കുക:
"രാജാവേ! ഞങ്ങള്‍ അജ്ഞതയിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗമായിരുന്നു. ഞങ്ങള്‍ ബിംബങ്ങളെ ആരാധിച്ചു. ശവങ്ങള്‍ ഭക്ഷിച്ചു. ഹീനകൃത്യങ്ങള്‍ ചെയ്‌തു. കുടുംബബന്ധങ്ങള്‍ തകര്‍ത്തു. അയല്‍വാസിയെ ദ്രോഹിച്ചു. ശക്തന്‍ ദുര്‍ബ്ബലനെ കീഴ്‌പ്പെടുത്തി. ഈ സ്ഥിതിയില്‍ കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക്‌ ഞങ്ങളില്‍പ്പെട്ട ഒരു പ്രവാചകനെ ദൈവം നിയോഗിച്ചു. അദ്ദേഹത്തിന്റെ കുടുംബബന്ധവും സത്യസന്ധതയും വിശ്വസ്‌തതയും ജീവിതവിശുദ്ധിയും ഞങ്ങള്‍ക്ക്‌ നേരിട്ടറിവുള്ളതാണ്‌. അദ്ദേഹം ഞങ്ങളെ ദൈവത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ ക്ഷണിച്ചു. അവന്‍ ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാവൂ എന്നും, ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിച്ചിരുന്ന കല്ലിനെയും വിഗ്രഹങ്ങളെയും വര്‍ജിക്കണമെന്നും ഞങ്ങളെ ഉപദേശിച്ചു. വാക്കില്‍ സത്യം പാലിക്കുക. വിശ്വാസവഞ്ചന ചെയ്യാതിരിക്കുക, കുടുംബബന്ധം പാലിക്കുക, അയല്‍പക്കബന്ധം നല്ല നിലക്ക്‌ പുലര്‍ത്തുക, നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യാതിരിക്കുക, രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങള്‍ വെടിയുക, കള്ളംപറയുന്നതും അനാഥകളുടെ മുതല്‍ തിന്നുന്നതും, പതിവ്രതകളെപ്പറ്റി അപവാദം പറയുന്നതും വിലക്കി. ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക. അവനില്‍ ഒന്നും പങ്കുചേര്‍ക്കാതിരിക്കുക. നമസ്‌കാരം പതിവാക്കുക, സകാത്ത്‌ കൊടുക്കുക, റമളാനില്‍ വ്രതം അനുഷ്‌ഠിക്കുക തുടങ്ങിയവ ഞങ്ങളോട്‌ കല്‍പിച്ചു. ഞങ്ങള്‍ അതെല്ലാം അംഗീകരിച്ചു, വിശ്വസിച്ചു. പ്രവാചകനെ അനുസരിച്ചു. പിന്‍പറ്റി. ഞങ്ങള്‍ ദൈവത്തില്‍ പങ്കുചെര്‍ക്കാതെ ഏകദൈവത്തെ മാത്രം മാത്രം ആരാധിച്ചു. ...."

പതിറ്റാണ്ടുകള്‍ക്കകം അദ്ഭുതകരമാം വിധം ആ സമൂഹം മാറ്റത്തിന് വിധേയമായി.മാനവചരിത്രത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച തുല്യതയില്ലാത്ത ഒരു മഹത്തായ സംസ്കാരത്തിന്റെ ധ്വജവാഹകരായി ആ സമൂഹം മാറി!മുഹമ്മദ്‌ നബി(സ)യും അനുയായികളും കേവലം അറേബ്യയില്‍ മാത്രമല്ല-അയല്‍ രാജ്യങ്ങളിലെല്ലാം ഈ മാറ്റത്തിന്റെ വിത്തുകള്‍ വിതച്ചു, പീഡനത്തില്‍ നിന്ന് അവരെ മോചിപ്പിച്ചു, അനീതിക്ക്‌ പകരം നീതി നല്‍കി. ഖുര്‍ആന്‍ അവരെ ഉദ്ബോധിപ്പിച്ചു:
"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)" (4:75)

സിറിയയിലെയും ഈജിപ്തിലെയും സ്പെയ്നിലെയുമെല്ലാം ബലഹീനരും അധസ്ഥിതരുമായ ഒരു വലിയ സമൂഹത്തെ ആദ്യ കാല മുസ്ലിം മോചിപ്പിച്ചു!


തുടരും...

No comments:

Post a Comment