Sunday 23 February 2014

ഭാഗം-3:ഞാന്‍ ദൈവവിശ്വാസിയാകാനുള്ള കാരണങ്ങള്‍ -തുടക്കത്തിന്റെ സാധുതകള്‍...

കഴിഞ്ഞ പോസ്റ്റില്‍ നാം ബിഗ്‌ ബാംഗ് തിയറിയെ കുറിച്ച് വായിച്ചു. അതിലൂടെ പ്രപഞ്ചം ഉണ്ട് എന്ന് മനസ്സിലായി. എങ്കില്‍ മഹാവിസ്ഫോടനത്തിനു പിന്നിലുള്ള സാധുതകള്‍ എന്തെല്ലാമാണ്? നമുക്കൊന്ന് വിശകലം ചെയ്യാം!
നില നില്‍കുന്ന ഇതൊരു വസ്തുവിന്റെയും(അതെന്തുമാകട്ടെ) ഉദ്ഭവത്തിനു നാല് സാധ്യതകളാണ് നിലനില്‍ക്കുന്നത്:-
  1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി
  2. സ്വയം സൃഷ്ടിച്ചു
  3. സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലുംകാര്യത്തില്‍ നിന്നുണ്ടായി
  4. സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു
ഇതിലോരോ സാധ്യതയും നമുക്കൊന്ന് പരിശോധിക്കാം!

ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി

നമുക്കറിയാം-ഈ പ്രപഞ്ചം ഒന്നുമില്ലായ്മയില്‍നിന്നല്ല -കാരണം ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നുമുണ്ടാകില്ല! ശ്രദ്ധിക്കുക:നാമിന്നു കാണുന്ന സ്ഥലം (space),സമയം (time) എന്നിവയെല്ലാം രൂപപ്പെട്ടത് മഹാവിസ്ഫോടനത്തിനു ശേഷമാണ് എന്ന് ശാസ്ത്രം പറയുന്നു. നിങ്ങള്‍ക്കറിയുന്ന എന്തെങ്കിലും കാര്യം ശൂന്യതയില്‍ നിന്ന് രൂപം കൊണ്ടിട്ടുണ്ടോ?

സ്വയം സൃഷ്ടിച്ചു


പ്രപഞ്ചം സ്വയം സൃഷ്ടിക്കപ്പെട്ടു എന്നത് വിരോധാഭാസകരവുംവൈരുധ്യവും നിറഞ്ഞ വാദമാണ്. കാരണം, പ്രപഞ്ചം ഒരേ സമയം നിലകൊള്ളുകയും നിലകൊള്ളാതിരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വരും!നിങ്ങളുടെ അമ്മ നിങ്ങളുടെ അമ്മയെ ഗര്‍ഭം ധരിച്ചു ജനനം നല്‍കി എന്ന് പറഞ്ഞാല്‍ എന്തു വിഡ്ഢിത്തമാകും അത്! അല്ലെ?

 സൃഷ്ടിക്കപ്പെട്ട  മറ്റെന്തെങ്കിലും കാര്യത്തില്‍ നിന്നുണ്ടായി

പ്രപഞ്ചത്തെ  സംബന്ധിച്ചിടത്തോളം ഇത് സാധ്യമാണോ? പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് കാരണമായത്‌ മറ്റൊരു ഭൌതികമായ അവസ്ഥയാണ് എന്ന് വെച്ചാല്‍-അതിനു കാരണമായതെന്തു? ഇങ്ങനെ കാരണങ്ങളുടെ ഒരനന്ത ശ്രേണി തന്നെ നമ്മുക്ക് രൂപീകരിക്കാന്‍ കഴിയും!ഇത് പ്രായോഗികമാണോ? അനന്തത(infinity) എന്നത് യാഥാര്‍ത്യം അല്ല- നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ പോകുന്നു.അത് ചെയ്യണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരാളുടെ സമ്മതം വേണം, അയാള്‍ നിങ്ങള്‍ക്ക്‌ സമ്മതം തരണമെങ്കില്‍ മറ്റൊരാള്‍ അയാള്‍ക്ക്‌ സമ്മതം നല്‍കണം-ഈ ശൃംഖല ഇങ്ങനെ അനന്തത വരെ നീളുന്നു എന്ന് സങ്കല്പിക്കുക-നിങ്ങളെന്നെങ്കിലും അക്കാര്യം ചെയ്യുമോ?അത് പോലെയാണ് ഈ പ്രപഞ്ചമെങ്കില്‍ നിങ്ങള്‍ ആ കാര്യം ചെയ്യാത്തത് പോലെ ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് വിശ്വസിക്കേണ്ടി വരും! ഇല്ല,പ്രപഞ്ചം നില നില്‍കുന്നു!..അതിനാല്‍ തന്നെ ഈ വാദവും നിരര്‍ത്ഥകമാണ്.

 സൃഷ്ടിക്കപ്പെടാത്ത ഒന്നാല്‍ സൃഷ്ടിക്കപ്പെട്ടു

മുന്‍പ്  പറഞ്ഞ മൂന്നു വാദങ്ങളുടെയും നിരര്‍ത്ഥകത നാം മനസ്സിലാക്കി-ശേഷിക്കുന്ന ഏക വാദം-ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്! അത് തന്നെയാണ് ഏറ്റവും നല്ല വിശദീകരണവും!നമ്മുടെ സാമാന്യ ബോധം വെച്ച് ചിന്തിക്കുക-നില നില്‍ക്കുന്ന എന്തിനും ഒരു സ്രഷ്ടാവ്‌ ആവശ്യമാണ്‌! ഇനി എന്താകണം ആ സ്രഷ്ടാവിന്റെ പ്രത്യേകത? അവന്‍ സൃഷ്ടിക്കപ്പെട്ടവനാകരുത്! എല്ലാത്തിനും കാരണമായ നാഥന്‍-എന്നാല്‍ അവനു കാരണങ്ങളില്ല-അതല്ലെങ്കില്‍ നാം ഇനിയും  അനന്തമായ കാരണങ്ങള്‍ തേടി ഈ പ്രപഞ്ചം തന്നെ നിലനില്‍കുന്നില്ല എന്ന് ഈ പ്രപഞ്ചത്തിലിരുന്നു വിശ്വസിക്കേണ്ടി വരും! അതെ-കാരണങ്ങള്‍ക്കതീതനായ ഒരു സ്രഷ്ടാവാകുന്നു ഈ പ്രപഞ്ചത്തിനു കാരണം എന്നതാണ് ഏറ്റവും യുക്തിപരമായ വിശദീകരണം!

(തുടരും.....)

No comments:

Post a Comment