Friday 16 August 2013

മുഹമ്മദ്‌ നബി (സ) : വിശ്വസ്തതയുടെ പ്രതിരൂപം


ഗ്രീക്ക് പഠനങ്ങളിൽ നിന്ന് നബി(സ) മോഷ്ട്ടിച്ചതാണ് വിശുദ്ധ ഖുർആനിലെ ഭ്രൂണശാസ്ത്ര പരാമർശങ്ങളെന്ന ആരോപണത്തിന്റെ നിജസ്ഥിതി നാം നൂലിഴ കീറി പരിശോധിച്ച് കഴിഞ്ഞു. ഈ ആരോപണം ഉന്നയിച്ചുകൊണ്ട് കൂടുതൽ ഗുരുതരമായ ഒരു കാര്യം കൂടി വിമർശകർ പറയുന്നു- മുഹമ്മദ്‌ നബി(സ) ഒരു മോഷ്ട്ടാവയിരുന്നു എന്ന്! അതായത് ദൈവിക വചനങ്ങളെന്ന പേരിൽ മറ്റു സംസ്കാരങ്ങളിൽ നിന്ന് മോഷ്ടിച്ച അറിവുകളാണ് മുഹമ്മദ്‌ നബി (സ) അവതരിപ്പിച്ചതെന്ന വാദം ഉന്നയിക്കുന്നതോടെ മുഹമ്മദ്‌ എന്ന വ്യക്തിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഡ ശ്രമംകൂടിയാണ് ഇവര്‍ നടത്തുന്നത്. നിരർഥകമായ ഈ ആരോപണത്തിന്റെ പൊരുൾ നാം മനസ്സിലാക്കിയെങ്കിലും മുഹമ്മദ്‌ നബി(സ) എന്ന വ്യക്തിയെക്കുറിച്ച് അടുത്തറിയുന്നത് ഇത്തരമൊരു ആരോപണത്തിന്റെ മൌഢ്യത്തിന്റെ ആഴമളക്കാൻ പര്യാപ്തമാകും.
മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തെ സംബന്ധിച്ചുള്ള ആദ്യകാല ചരിത്രസ്ത്രോതസ്സുകളെല്ലാം അദ്ധേഹത്തിന്റെ വ്യക്തിത്വത്തിന്റെ സമ്പൂർണത വെളിവാക്കുന്നതാണ്. അദ്ദേഹം ഒരു കള്ളനായിരുന്നില്ല എന്ന് മാത്രമല്ല, അത്തരമൊരു വാദം ചരിത്രത്തോടുള്ള നീതികേട്‌ കൂടിയായിരിക്കും. തന്റെ ശത്രുക്കൾക്കിടയിൽ പോലും അൽ അമീൻ (വിശ്വസ്ഥൻ) എന്നാണു അദ്ദേഹം അറിയപ്പെട്ടത് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
എന്തിനാണ് നുണയനായ ഒരു വ്യക്തി തന്റെ അസത്യവാദങ്ങൾ ഉപയോഗിക്കുക? തീര്ച്ചയായും തന്റെ ജീവിതത്തിൽ അതുമൂലം എന്തെങ്കിലും ലാഭം ലഭിക്കാനായിരിക്കും. എന്നാൽ ഈ ലോകത്തെ എല്ലാ ലാഭേച്ഛകളേയും നിരാകരിക്കുകയും തന്റെ സന്ദേശം പ്രചരിപ്പിക്കാൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മുഹമ്മദ്‌ നബി (സ). താൻ പ്രബോധനം ചെയ്ത സന്ദേശം വിളംബരം ചെയ്യുന്നത് നിർത്താൻ പണവും പ്രതാപവും നേതൃത്വവും വാഗ്ധാനം ചെയ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല! ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക എന്ന സന്ദേശം പ്രബോധനം ചെയ്തത് മൂലം, എന്ന് വിശ്വസിച്ചത് മൂലം അദ്ദേഹം മർദ്ദിക്കപ്പെട്ടു, ബഹിഷ്ക്കരിക്കപ്പെട്ടു ഒടുവിൽ തന്റെ പ്രിയപ്പെട്ട ജന്മദേശമായ മക്കയിൽ നിന്ന് പുറത്താക്കപ്പെട്ടു. ദിവസങ്ങളോളം പട്ടിണി കിടന്നു, തെരുവ് പിള്ളേരാല്‍ കല്ലെറിയപ്പെട്ടു കാലുകൾ രക്തത്തിൽ കുതിർന്നു, അദ്ദേഹത്തിന്റെ കൂടെ നിന്നവരും വിശ്വസിച്ചവരും ക്രൂരമായി പീഢിപ്പിക്കപ്പെട്ടു. ഇത്രയെല്ലാം യാതനകൾ സഹിച്ചിട്ടും താൻ പറഞ്ഞ കാര്യത്തിൽ നിന്ന് ലവലേശം പിന്നോട്ട് പോകാത്ത വ്യക്തി നുണയനാണ് എന്ന വാദം എത്രമാത്രം നിരർഥകമാണ്? തീര്‍ച്ചയായും ഒരു യുക്തി കൊണ്ടും നീതികരിക്കാനാകാത്ത വാദം തന്നെയാകും അത്. പ്രമുഖ ഒറിയന്റലിസ്റ്റ് ഡബ്ല്യൂ . മോണ്ട്ഗോമറി വാട്ട് തന്റെ "മുഹമ്മദ്‌ മക്കയിൽ" ( Muhammed at Mecca) എന്ന പുസ്തകത്തിൽ എഴുതി
" സ്വന്തം വിശ്വാസത്തിനു വേണ്ടി ഏതു പീഡനവും ഏറ്റുവാങ്ങാനുള്ള അദ്ദേഹത്തിന്റെ സജ്ജതയും അദ്ദെഹത്തിൽ വിശ്വസിച്ച വ്യക്തികളുടെ സ്വഭാവ വൈശിഷ്ട്യവും അദ്ദേഹത്തിന്റെ പരമമായ നേട്ടവും- എല്ലാം വിരൽ ചൂണ്ടുന്നത് അദ്ദേഹത്തിന്റെ സമ്പൂർണമായ വ്യക്തിത്വത്തിലോട്ടാണ്. മുഹമ്മദ്‌ ഒരു കപടനാണ് എന്ന ഊഹം, ഈ വാദം നല്‍കുന്ന ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണ്."
മതപരവും മതേതരവുമായ എല്ലാ മേഖലകളിലും മുഹമ്മദ്‌ നബി(സ) വിജയം വരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സത്യസന്ധതയായിരുന്നു. അതല്ലെങ്കിൽ കേവലം 23 വർഷ കാലത്തിൽ ഒരു ജനതക്ക് ഒരിക്കലും സാധ്യമാവാത്ത ഈ വിജയങ്ങൾ നേടാൻ ഒരു മനുഷ്യന് കഴിയുകയില്ലതന്നെ. ഇതേ കാര്യം ചരിത്രകന്മാരായ എഡ്വാർഡ് ഗിബ്ബണ്‍, സൈമണ്‍ ഓക്ലീ എന്നിവര് രേഖപ്പെടുത്തുന്നു. "മുഹമ്മദിന്റെ ജീവിതത്തിലെ മഹത്തരമായ വിജയത്തിന്റെ പ്രധാന സ്വാധീനം അദ്ധേഹത്തിന്റെ തികഞ്ഞ സ്വഭാവ വൈശിഷ്ട്യങ്ങളുടെ കരുത്ത്‌ തന്നെയാണ്"

മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തിന്റെ വളരെ സംക്ഷിപ്തമായ ഒരു വിവരണത്തില്‍ നിന്ന തന്നെ അദ്ദേഹത്തിന്റെ സത്യസന്ധത നമുക്ക്‌ ബോധ്യപ്പെട്ടു. ആധുനിക ലോകചരിത്രത്തെ വളരെയധികം സ്വാധീനിച്ച,കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസം പ്രബോധനം ചെയ്ത, വിശ്വസ്തതയുടെ പ്രതിരൂപമായിരുന്ന മുഹമ്മദ്‌ നബി(സ) വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ പഠനങ്ങള്‍ നമ്മുടെ സ്വഭാവങ്ങളുടെ തന്നെ സമ്പൂര്‍ണ പരിവര്‍ത്തനത്തിലേക്കാകാം നമ്മെ നയിക്കുന്നത്.

No comments:

Post a Comment