Friday 24 January 2014

ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു!

114 അധ്യായങ്ങളിലായി ആറായിരത്തില്‍ പരം വചനങ്ങള്‍ ! അവിടെ സ്രഷ്ടാവും മനുഷ്യനും അവന്റെ സൃഷ്ടിപ്പും  അവന്റെ കുടുംബ ബന്ധങ്ങളും മനസ്സിന്റെ പ്രവര്‍ത്തനങ്ങളും അനന്തരാവകാശവും നന്മയും തിന്മയും എന്ന് വേണ്ട സൂര്യനും ചന്ദ്രനും രാപ്പകലുകളുടെ മാറ്റവും ആഴിയിലെ ഇരുളും പൂര്‍വികരുടെ ചരിത്രവും വരെ ചര്‍ച്ചയാകുന്നു! പലപ്പോഴും നിരീശ്വരവാദികളായ ആളുകള്‍ വരെ സമ്മതിക്കുന്നു- ഖുര്‍ആന്‍ എന്നാ ഗ്രന്ഥത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഖുര്‍ആന്‍ ദൈവികമാണ് എന്ന് സ്വയം അവകാശപ്പെടുന്നത് കൊണ്ട് മാത്രം അതില്‍ ഉള്‍കൊള്ളുന്നതു ദൈവ വചനങ്ങളാകുമോ?അത് കേവലം ഒരു അവകാശ വാദം മാത്രമല്ലേ? എന്നാല്‍ ഈ വചനങ്ങള്‍ സര്‍വ ലോകനിയന്താവിന്റെതാണ് എന്ന കേവല വാദമല്ല ഖുര്‍ആന്‍ ഉയര്‍ത്തുന്നത്-മറിച്ച് വിശുദ്ധ ഖുര്‍ആന്‍ ദൈവികമല്ല എന്ന് വാദിക്കുന്നവരോട് ചില വെല്ലുവിളികള്‍ ഖുര്‍ആന്‍ നടത്തുന്നു!അത്തരം രണ്ടു വെല്ലുവിളികള്‍ പരിചയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.

വെല്ലുവിളി ഒന്ന്:

"അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."   (4:82)

ഖുര്‍ആനിന്റെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്ന് അതവതരിക്കപ്പെട്ട കാലക്രമമാണ്. മുഹമ്മദ്‌ നബി(സ)ക്ക് ഒരുമിച്ചു ഇറക്കപ്പെട്ട ഗ്രന്ഥമല്ല ഖുര്‍ആന്‍.മറിച്ച് 23 വര്‍ഷക്കാലം കൊണ്ട്, സാഹചര്യങ്ങള്‍ക്കനുസരിച്ച് അല്‍പാല്‍പമായി ഇറങ്ങിയ ഗ്രന്ഥം. മാത്രമല്ല, നേരത്തെ പറയപ്പെട്ട പോലെ അനേകം വിഷയങ്ങള്‍ ആറായിരത്തില്‍ പരം വചനങ്ങളിലായി കൈകാര്യം ചെയ്യപ്പെടുന്നു! സ്വാഭാവികമായി ഒരു മനുഷ്യന്‍ എഴുതിയുണ്ടാക്കിയതാണെങ്കില്‍ തെറ്റുകള്‍ സംഭവിക്കാം-വൈരുധ്യങ്ങള്‍ സംഭവിക്കാം! പ്രത്യേകിച്ച് ഏഴാം നൂറ്റാണ്ടിലെ ഒരു ഗ്രന്ഥത്തിന്! എന്നാല്‍ ചരിത്രം പ്രതിപാദിക്കുന്ന, മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചും പ്രകൃതിയെ കുറിച്ചും വാചാലമാകുന്ന ഈ ഗ്രന്ഥത്തില്‍ ഒരൊറ്റ വൈരുധ്യമോ ഒരു അപാകതയോ കാണിക്കാമോ? ഖുര്‍ആനിന്റെ വെല്ലുവിളിയാണ് ഇത്! എല്ലാ മനുഷ്യരുടെയും ചിന്തയിലേക്ക് ഈ വെല്ലുവിളിയെ സമര്‍പിക്കുകയാണ്!

മാത്രമല്ല, ഈ വെല്ലുവിളി തന്നെ യഥാര്‍ത്ഥത്തില്‍ അമാനുഷികമാണ്! ഉദാഹരണത്തിന് നിങ്ങള്‍ വളരെ നന്നായി പഠിച്ച ഒരു പരീക്ഷ എഴുതുകയാണ് എന്ന് കരുതുക.നിങ്ങള്‍ക്കുറപ്പാണ് നിങ്ങള്‍ എഴുതിയ ഉത്തരം എല്ലാം നൂറ്റുക്ക് നൂറു ശരിയാണ്. അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തില്‍ പോലും നിങ്ങളുടെ ഉത്തരക്കടലാസില്‍ ഇത്തരമൊരു വാചകം എഴുതി വെക്കാന്‍ നിങ്ങള്‍ക്ക്‌ ധൈര്യമുണ്ടാകുമോ?" ടീച്ചര്‍ , എന്റെ ഉത്തരക്കടലാസില്‍ ഒരൊറ്റ തെറ്റ് കണ്ടുപിടിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലു വിളിക്കുന്നു!" ഇല്ല! ഒരു മനുഷ്യന് ഒരു സന്ദര്‍ഭത്തിലും നടത്താന്‍ കഴിയാത്ത ഒരു വെല്ലുവിളിയല്ലേ ഇത്? ആ വെല്ലുവിളിയാണ് ഖുര്‍ആന്‍ ജീവിക്കുന്നവരും, ജീവിച്ചിരുന്നവരും ഇനി ജനിക്കാനുള്ളവരുമായ എല്ലാ മനുഷ്യരോടും നടത്തുന്നത്!ആര്‍ക്കു നടത്താന്‍ കഴിയും ഈയൊരു വെല്ലുവിളി? അതെ ഈ വെല്ലുവിളി ദൈവത്തില്‍ നിന്നുള്ളത് തന്നെ! ഒരൊറ്റ വൈരുധ്യം? ഒരൊറ്റ തെറ്റ്? കാണിച്ചു തരാമോ?

വെല്ലുവിളി രണ്ട്:

"നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേതു പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ).നിങ്ങള്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത്‌ ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌." (2:23,24)
ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു!

അറബി ഭാഷയിലോ മറ്റേതെങ്കിലും ഭാഷയിലോ ഖുര്‍ആനിനോട് തുലനം ചെയ്യാവുന്ന ഒരു ഗ്രന്ഥം ഇല്ല തന്നെ! ഖുര്‍ആന്‍ ഇറക്കപ്പെട്ടത് ഭാഷാപരമായി ഏറെ ഔന്നത്യത്തിലെതിയ ഒരു ജനതയിലേക്കായിരുന്നു! ഭാഷക്കും സാഹിത്യ സൃഷ്ടികള്‍ക്കും ഇത്രത്തോളം പ്രാധാന്യം കല്‍പിച്ച ഒരു സമൂഹം ഒരുപക്ഷെ അക്കാലം വരെ കടന്നുപോയിട്ടുണ്ടാകില്ല! അത്തരം ഒരു സമൂഹത്തിന്റെ മുന്നിലാണ് ഈയൊരു വെല്ലുവിളിയുമായി ഖുര്‍ആന്‍ അവതരിക്കുന്നത്! ഗദ്യമെന്നോ പദ്യമെന്നോ തീര്‍ത്തു പറയവയ്യാത്ത, എന്നാല്‍ തീര്‍ത്തും വശ്യമായ ഭാഷയില്‍ ! എത്രത്തോളമെന്നാല്‍ പകല്‍ സമയത്ത് ഖുര്‍ആനിനെ കേവലം കവിതയെന്നു  അധിക്ഷേപിച്ചിരുന്നവര്‍ വരെ രാത്രിസമയങ്ങളില്‍ മുഹമ്മദ്‌ നബിയുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഒളിഞ്ഞെതുമായിരുന്നു!അതുകൊണ്ടാണ് അന്നത്തെ ഭാഷാവിശാരദനും പണ്ഡിതനും എന്നാല്‍ ഇസ്ലാമിന്റെ കഠിന ശത്രുവും ആയിരുന്ന വലീദ് ബിന്‍ മുഗീറ പോലും ഖുര്‍ആന്‍ മറ്റു  എല്ലാ ഗ്രന്ഥങ്ങളെയും ചവിട്ടിത്താഴ്ത്തുകയും ഉന്നതമാകുകയും ചെയ്യും എന്ന് അബൂജഹലിനോട് പറഞ്ഞത്! കാരണം ഖുര്‍ആനിന്റെ വെല്ലുവിളിക്ക് അവര്‍ക്ക്‌ ഉത്തരമുണ്ടായിരുന്നില്ല! ഖുര്‍ആനിന്റെ ദൈവികതയില്‍ സംശയമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ മറ്റൊരു ഖുര്‍ആന്‍, അതല്ലെങ്കില്‍ കേവലം പത്തു അദ്ധ്യായം,അതുമല്ലെങ്കില്‍ ഒരധ്യായമെങ്കിലും! അതേ, അങ്ങനെയാണ് ഖുര്‍ആന്‍ മാനുഷികമാണ് എന്ന് അക്കൂട്ടര്‍ തെളിയിക്കേണ്ടത്‌!അതിനു ആരെ വേണെമെങ്കിലും അവര്‍ സഹായികളായി വിളിക്കട്ടെ! അതല്ലെങ്കില്‍ ലോകത്തുള്ള എല്ലാ ഭാഷാ പണ്ഡിതന്മാരും ഒത്തു ചേരട്ടെ! എന്നാല്‍ ഈ ദൌത്യത്തില്ന്റെ പരാജയത്തില്‍ നിന്നും  നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭീതിജനകമായ ശിക്ഷയാണ് അവരെ കാത്തിരിക്കുന്നത് എന്നുള്ള മുന്നറിയിപ്പ്‌ ഓരോ സത്യാന്വേഷിയുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്!

അതേ, ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു! ആരെയും തോല്പ്പിക്കാനല്ല! മറിച്ച് എല്ലാവരെയും വിജയിപ്പിക്കാന്‍! ഈ വെല്ലുവിളി നിങ്ങള്‍ക്കും ഏറ്റെടുക്കാം! എന്നാല്‍ കഴിഞ്ഞ ആയിരത്തി നാനൂറു വര്‍ഷങ്ങളായി പലരും ശ്രമിച്ചു പരാജയപ്പെട്ടതാണ് എന്ന് മാത്രം! അതേ, ഖുര്‍ആന്‍ അതുല്യമാണ്, അജയ്യമാണ്, കാലാതീതമാണ്!

3 comments:

  1. READ THIS: http://kuransamvadam.blogspot.in/2007/11/blog-post.html

    ReplyDelete
    Replies
    1. http://kuransamvadam.blogspot.in/2007/11/blog-post.html

      Delete
  2. എന്തായാലും ജബ്ബാര്‍ മാഷിന്റെ ആടിനെ പട്ടിയാക്കുന്ന പരിപാടി കൊള്ളാം! സുഹൃത്തേ, ചിന്തിക്കുക-ഇവിടെ പറയപ്പെട്ട കാര്യങ്ങള്‍ക്കെല്ലാം തന്നെയാണോ അവിടെ മറുപടി പറഞ്ഞിട്ടുള്ളത്‌?

    ReplyDelete