Saturday 18 January 2014

ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലേ?യുക്തിവാദികളും നസ്ഖും മന്‍സൂഖും

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്! "നാമാണ് ഇതിനെ ഇറക്കിയത്,നാം തന്നെ ഇതിനെ സംരക്ഷിക്കുക തന്നെ ചെയ്യും" എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുകയും ചെയ്യുന്നു! എന്നിരിക്കെ പല ഹദീസുകളിലും പല ആയത്തുകളിലും മാറ്റം വന്നതായി പറയുന്നില്ലേ? ഇത് വ്യക്തമായ വൈരുധ്യവും ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നതിന് തെളിവുമല്ലേ? എന്നീ ചോദ്യങ്ങളാണ് ചില നിരീശ്വരവാദി സുഹൃത്തുകള്‍  ഉന്നയിച്ചത്. അതിനു തെളിവായി സഹേഹ് മുസ്ലിം,ഫതഹുല്‍ ബാരി തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്ന് അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. ലേഖനത്തില്‍ ഉന്നയിച്ച എല്ലാ സംഭവങ്ങളും ഉന്നയിച്ചു മറുപടി എഴുതുന്നതിനു പകരം ഇത്തരം ഹദീസുകളിലും മറ്റും എന്താണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാനാണ് ഈയുള്ളവന്‍ ഉദ്ദേശിക്കുന്നത്.ഇന്‍ ഷാ അല്ലാഹ്, അതിനു ശേഷം ആവശ്യമെന്കില്‍ ഓരോ സംഭവങ്ങളും പറഞ്ഞു അവയുടെ മറുപടി നല്‍കുന്നതാണ്! ഒരു പക്ഷെ പല മുസ്ലിം സുഹൃത്തുക്കള്‍ക്ക് പോലും അജ്ഞാതമായ, എന്നാല്‍ പൂര്‍വകാല പണ്ഡിതന്മാര്‍ വളരെ വിശദമായി മനസ്സിലാക്കിയ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചില കാര്യങ്ങള്‍ പരാമര്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.അതിനാല്‍ എല്ലാവരുടെയും ശ്രദ്ധ ഈയുള്ളവന്‍ ക്ഷണിക്കുന്നു


നസ്ഖ്‌: ദൈവിക നിയമങ്ങളെ ദുര്‍ബലപ്പെടുതലും പുനസ്ഥാപിക്കലും


വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ മനുഷ്യ ജീവിതവുമായ ബന്ധപ്പെട്ട,പ്രാധാന്യമേറിയ മൂന്നു കാര്യങ്ങളെയാണ് കാര്യമായി സ്പര്‍ശിക്കുന്നത്!
>മനുഷ്യന്‍റെ ദൈവവുമായി ബന്ധപ്പെട്ട വിശ്വാസം ശരിപ്പെടുത്തുക
>ദൈവത്തെ ആരാധിക്കാനുള്ള മാര്‍ഗങ്ങളും രീതികളും പരിചയപ്പെടുത്തുക
>അവന്റെ സാമൂഹ്യ ജീവിതവും പെരുമാറ്റവും ശരിപ്പെടുത്തുക

ഇതില്‍ ആദ്യം പറഞ്ഞ ഭാഗം ലോകത് ഇന്നോളം കടന്നു വന്ന എല്ലാ മനുഷ്യര്‍ക്കും ഒന്ന് തന്നെ-കാരണം അത് ദൈവവിശ്വാസവുമായി ബന്ധപ്പെട്ടതാണ് . അല്ലാഹു പറയുന്നു,"ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല".അതെ, ഏകാദൈവാരധനയുമായി ബന്ധപ്പെട്ടു എല്ലാ പ്രവാചകന്മാരും പറഞ്ഞത് ഒന്ന് തന്നെ! എന്നാല്‍ താഴെ പറഞ്ഞ രണ്ടു കാര്യങ്ങളില്‍-ആരാധനാ രീതികളിലും സാമൂഹ്യ ഇടപെടലുകളിലും ഓരോ പ്രവാചകന്മാരുടെ സമുദായങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ അല്ലാഹു കൊണ്ട് വന്നിട്ടുണ്ട്.നമ്മുടെ സ്രഷ്ടാവായ,ഭാവിയും ഭൂതവും വര്‍ത്തമാനവും അറിയുന്ന സര്‍വ ശക്തനായ നാഥന്റെ അധികാര പരിധിയില്‍ പെട്ടതാണ് അത്. കാരണം അല്ലാഹു പറയുന്നു,"അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌."

അതിനാല്‍ തന്നെ സര്‍വജ്ഞനായ അല്ലാഹു താന്‍ നല്‍കിയ ഒരു നിയമം മനുഷ്യ സമുദായത്തിന്റെ സാമുദായിക പരിണാമത്തിനനുസരിച്ചു മാറ്റം വരുത്തുന്നതില്‍ ഒട്ടും അദ്ഭുതപ്പെടാനില്ല!ഇങ്ങനെ ഒരു ദൈവിക നിയമത്തെ ദുര്‍ബലപ്പെടുത്തുകയും അതിനെ മറ്റൊന്ന് കൊണ്ട് പകരം വെക്കുകയും ചെയ്യുന്നതിന് പറയുന്ന ഇസ്ലാമിക സാങ്കേതിക ശബ്ദമാണ് നസ്ഖ്‌. ഈ പ്രോസസിനെ കുറിച്ച് അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനില്‍ ഉണര്‍ത്തുന്നു,"ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല."(സൂറത്ത് നഹ്ല്‍) അതിനാല്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ എടുത്തു പറയപ്പെട്ട ഒരു കാര്യം എങ്ങനെ ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നതിന് തെളിവാകും?
മാത്രമല്ല, സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറയുന്നു,"വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?"

അതെ,ഇതെങ്ങേനെയാണ് ഖുര്‍ആന്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നതിന് തെളിവാകുക?

അതിനാല്‍ ചില ആയത്തുകള്‍ ദുര്‍ബലപ്പെടുത്തുന്നു എന്നും നസ്ഖ്‌ എന്ന പദം ഇതിനെല്ലാം ന്യായീകരണം കണ്ടെത്താന്‍ പില്‍കാലത്ത് കെട്ടിയുണ്ടാക്കിയതാണ് എന്നൊക്കെയുള്ള ന്യായീകരണങ്ങളും വാദങ്ങളും ഇനി നില നില്‍ക്കുന്നതല്ല!

നസ്ഖ്‌ എല്ലാ വചനങ്ങള്‍ക്കും ബാധകമല്ല-അല്ലാഹുവിനെ കുറിച്ചുള വിശേഷണങ്ങളും പ്രവാചക,പൂര്‍വിക ചരിത്രങ്ങളും അല്ലാഹുവിന്റെ വാഗ്ദാനങ്ങളും താക്കീതുകളും നസ്ഖില്‍ നിന്നും ഒഴിവാണ്.കാരണം അവ ഒരിക്കല് മാറ്റം വരാത്തതും വരുതെണ്ടാത്തതുമാണ്!സുഹൃത്ത്‌ ഉന്നയിച്ച ഒരു ഹദീസുകളിലും ഉദ്ധരണികളിലും ഇത്തരം മാറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കുക.മാത്രമല്ല, മതത്തിന്റെ അടിസ്ഥാന നിയമങ്ങളും നന്മയും തിന്മയുമായി ബന്ധപ്പെട്ടിട്ടുള്ള വചനങ്ങളും ഒരിക്കലും നസ്ഖ്‌ ചെയ്യപ്പെട്ടിട്ടില്ല.നമസ്കാരവും നോമ്പും എല്ലാം എല്ലാ സമുദായങ്ങള്‍ക്കും ഉണ്ടായിരുന്നു,അതേപോലെ കൊലപാതകവും വ്യഭിചാരവും കാലവും എല്ലാം എക്കാലത്തും തിന്മ തന്നെ!

നസ്ഖിനെ കുറിച്ചുള്ള പഠനത്തിനു മത പണ്ഡിതന്മാര്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.നസ്ഖിനെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ ന്യായാധിപനെ അന്നത്തെ ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ്‌ (റ) വിമര്‍ശിച്ച സംഭവം ശ്രദ്ധേയമാണ്!

മതത്തിലെ പല നിയമങ്ങളും മുഹമ്മദ്‌ നബി(സ) ഭേദഗതി വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ശ്മശാന സന്ദര്‍ശനം ഒരു കാലത്ത് മുസ്ലിം സമുദായത്തിന് വിരോധിക്കപ്പെട്ടിരുന്നു-കാരണം മരണപ്പെട്ടവരിലെക്ക് എല്ലാ ആരാധനകളും സമര്‍പിക്കുന്ന ഒരു ജനതയാണ് നിലവിലുണ്ടായിരുന്നത്,അതത്രേ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവും! അതിനാല്‍ അതിലേക്കു നയിക്കുന്ന ഒരു പ്രവര്‍ത്തനം എന്നാ നിലക്ക് മുഹമ്മദ്‌ നബി(സ) ആദ്യം അത് വിരോധിക്കുകയും എന്നാല്‍ പില്‍കാലത്ത് ഏക ദൈവാരാധന്യില്‍ അധിഷ്ടിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുത്ത ശേഷം ശ്മശാന സന്ദര്‍ശനം അനുവദിക്കുകയും ചെയ്തു.(സഹീഹ് മുസ്ലിം).

നസ്ഖ്‌ ചെയ്യപ്പെട്ടതിനു ഇനിയും ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.അബൂദാവൂദ്‌ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ കാണാം,നബി(സ) പറഞ്ഞു,"ലഹരി ഉപയോഗിക്കുന്നവനെ ചാട്ടക്കടിക്കുക,നാലാം തവണയും പിടിക്കപ്പെട്ടാല്‍ വധിക്കുക" എന്നാല്‍ പിന്നീട് മുഹമ്മദ്‌ നബി(സ) തന്നെ ഈ നിയമം ദുരബലപ്പെടുതുകയും ഇത്തരമൊരു നിയമം ചരിത്രത്തില്‍ എവിടെയും ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

നസ്ഖുകള്‍ തന്നെ ഒരുപാട് തരമുണ്ട്. ഉദാഹരണത്തിന് ഖുര്‍ആന്‍ കൊണ്ട് തന്നെ ഖുര്‍ആന്‍ നസ്ഖ്‌ ചെയ്യപ്പെട്ടിട്ടുണ്ട്-സുഹൃത്തിന്റെ ലേഖനത്തില്‍ വ്യഭിചാരത്തിന്റെ ശിക്ഷയുമായി ബന്ധപ്പെട്ടു ഒരു ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ! അതിന്റെ കാര്യം തന്നെ എടുക്കാം!സൂറത്ത് നിസാഇല്‍ വ്യഭിച്ചരിച്ചവര്‍ക്കുള്ള ശിക്ഷ പറയുന്നു,

"നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്‌ നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങള്‍ കൊണ്ട്‌ വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ."

എന്നാല്‍ ഈ നിയമത്തെ ഖുര്‍ആന്‍ കൊണ്ട് തന്നെ പില്‍കാലത്ത് ദുര്‍ബലപ്പെടുത്തുകയും ചെയ്തു,

"വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ്‌ അടി അടിക്കുക. "(സൂറത്ത് നൂര്‍)

ഇനി, ഹദീസില്‍ വന്നിട്ടുള്ള ചില കാര്യങ്ങള്‍ ഖുര്‍ആന്‍ കൊണ്ട് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മുസ്ലിങ്ങള്‍ ആദ്യകാലത്ത് നമസ്കരിച്ചിരുന്നത് ബൈത്തുല്‍ മുഖദ്ദസിലെക്ക് തിരിഞ്ഞായിരുന്നു-എന്നാല്‍ താഴെ പറയുന്ന വചനം അവതരിച്ചതോടെ ആ കാര്യം റദ്ദാക്കപ്പെടുകയും നമസ്കാരം കഅബയിലെക്ക് തിരിഞ്ഞാവുകയും ചെയ്തു.
" ഇനി മേല്‍ നീ നിന്‍റെമുഖം മസ്ജിദുല്‍ ഹറാമിന്‍റെനേര്‍ക്ക്‌ തിരിക്കുക. "

വ്യഭിചാരികളെ കല്ലെറിഞ്ഞു കൊല്ലാന്‍ ഉള്ള ആയത്തുണ്ടായിരുന്നു എന്ന് ഉമര്‍(റ) പറയുന്നതായി സുഹൃത്ത്‌ വാദിക്കുന്നതും ഇത്തരത്തില്‍ നസ്ഖ്‌ ചെയ്യപ്പെട്ട ആയത്തിനെ സംബന്ധിച്ച് തന്നെ!എന്നാല്‍ ആ നിയമം ദുരബലപ്പെടുതിയിട്ടില്ല എന്നും വ്യഭിചാരികള്‍ കല്ലെറിയുക എന്നത് നബി(സ�) ചെയ്തിട്ടുണ്ട് എന്നും നമുക്ക്‌ കാണാന്‍ കഴിയും. മാത്രമല്ല, നിയമം ദുരബലപ്പെടുതപ്പെട്ട ആയത്തുകള്‍ ഇന്നും ഖുര്‍ആനില്‍ ഉണ്ട്.
ഉദാഹരണം,"നിങ്ങളില്‍ നിന്ന്‌ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക്‌ ഒരു കൊല്ലത്തേക്ക്‌ ( വീട്ടില്‍ നിന്ന്‌ ) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ ഒസ്യത്ത്‌(മരണപത്രം) ചെയ്യേണ്ടതാണ്‌. "(സൂറത്തുല്‍ ബഖറ) എന്നാല്‍ ഈ ആയത്ത് നില നിര്‍ത്തിക്കൊണ്ട് തന്നെ അല്ലാഹു അതിനെ മറ്റൊരു ആയതിലൂടെ പിന്നീട് ദുരബലപ്പെടുത്തി,"നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ ( ഭാര്യമാര്‍ ) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. "! മാത്രമല്ല, ഈ ദുര്‍ബലപ്പെടുതലുകള്‍ എല്ലാം നടന്നത് പ്രവാചകന്റെ കാലത്താണ് എന്നും വ്യക്തമാണ്.അതിനു ശേഷം വന്ന ഖലീഫമാരോ പണ്ടിതന്മാരോ ഇത്തരം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഇനിയും ഒരുപാട് ഉദാഹരണങ്ങള്‍!
അതിനാല്‍ തന്നെ സുഹൃത്ത്‌ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുരബലപ്പെടുതപ്പെട്ട ആയത്തുകലുമായി ബന്ധപ്പെട്ടതാണ് എന്ന് കാണാം! നേരത്തെ പറഞ്ഞു വെച്ച പോലെ ഇത് അല്ലാഹു തന്നെ ഖുര്‍ആനില്‍ പറഞ്ഞതാണ്!

"വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?"(സൂറത്തുല്‍ ബഖറ)

അതെ, മനുഷ്യന്‍റെ എല്ലാ പ്രയാസങ്ങളും അറിയുനന്നവനാണ് അവന്‍! അതിനാവശ്യമായ നിയമങ്ങള്‍ സംവിധാനിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തത് അവന്റെ മഹത്വത്തില്‍ പെട്ടതാണ്!മാത്രമല്ല, ഈ നിയമങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും ഓരോ വിശ്വാസിക്കും പരീക്ഷനവുമാണ്-ഇതു ഘട്ടത്തിലും തന്റെ നാഥന്റെ നിയമം പാലിച്ചു അവന്‍ പൂര്‍ണമായി കീഴോതുങ്ങുന്നവനാണോ-അഥവാ മുസ്ലിമാണോ-എന്നറിയാന്‍.

അല്ലാഹുവിന്‍റെ നിയമ നിര്‍ദേശങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും മനസ്സിലാക്കുവാനും അത് ജീവിതത്തില്‍ പകര്‍ത്തുവാനും അല്ലാഹു തൗഫീഖ് നല്‍കട്ടെ. അല്ലാഹു നേരിലേക്കും നന്മയിലേക്കും നമ്മെ ഓരോരുത്തരെയും വഴി നടത്തട്ടെ.

وصلى الله وسلم على عبده ورسوله نبينا محمد وآله وصحبه. والسلام عليكم ورحمة الله 

സുഹൃത്ത്‌ ഉന്നയിച്ച വാദങ്ങളില്‍ ഒരു ഭാഗം ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ടതാണ്.ആവശ്യമെങ്കില്‍ അതിനും മറുപടി തരുന്നതാണ്-ഇന്‍ ഷാ അല്ലാഹ്

No comments:

Post a Comment