Sunday, 18 August 2013

മുഹമ്മദ്‌ നബി എന്തുകൊണ്ട്‌ വെറുക്കപ്പെട്ടവനാകുന്നു?

ലോകചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട വ്യക്തി ആര്‌ എന്ന ചോദ്യത്തിന്‌ നല്‍കാന്‍ ഒരുത്തരമേയുള്ളൂ-മുഹമ്മദ്‌ നബി. താന്‍ ദൈവദൂതനാണെന്ന് മൊഴിഞ്ഞ അന്നേ ദിവസം മുതല്‍ ഇന്ന് വരെ മുഹമ്മദ്‌ നബി വിമര്‍ശിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നത്‌ ഒരു വാസ്തവമാണ്‌. സ്വന്തം പിതൃവ്യനായ അബൂലഹബില്‍ നിന്ന് തുടങ്ങി ഇന്ന് "ജില്ലന്റ്‌ പോസ്റ്റണ്‍" പോലൂള്ള ലോകമാധ്യമങ്ങള്‍ വരെ എത്തിനില്‍ക്കുന്നു വിമര്‍ശകരുടെ പട്ടിക.ജീവിതകാലത്ത്‌ നേരിട്ട ബഹിഷ്കരണങ്ങളും പരിഹാസങ്ങളും ദേഹോപദ്രവങ്ങളും മരണശേഷം കാര്‍ട്ടൂണുകളിലേക്കും പുസ്തകങ്ങളിലേക്കും പരിഷ്കരിക്കപ്പെട്ടു എന്നത്‌ മാത്രമാണ്‌ വിമര്‍ശന ശരങ്ങള്‍ക്ക്‌ വന്ന കാലോചിതമായ മാറ്റം.

എന്ത്‌ കൊണ്ട്‌ മുഹമ്മദ്‌ എന്ന വ്യക്തി അന്നും ഇന്നും എന്നും ഒരുപോലെ പലര്‍ക്കും അസ്വീകാര്യനായി തുടരുന്നു?കാലം നല്‍കുന്നത്‌ ഒരിക്കലും ഒരുത്തരമല്ല,മറിച്ച്‌ പല ഉത്തരങ്ങളാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌.കാലത്തിനനുസരിച്ച്‌ കോലം മാറുന്ന ഉത്തരങ്ങള്‍!ലോകത്ത്‌ മാറി മാറി വന്ന സംസ്കൃതികള്‍ക്കനുസരിച്ച്‌ വിമര്‍ശകരുടെ ഉത്തരങ്ങളും മാറുന്നു.മുഹമ്മദ്‌ നബി എന്ന വ്യക്തി പ്രബോധനം ചെയ്ത ആശയാദര്‍ശങ്ങള്‍ പലര്‍ക്കും ദഹിക്കാത്തതായിരുന്നു എന്ന് സാരം.ഇങ്ങനെയുള്ള വ്യത്യസ്തമായ ഉത്തരങ്ങള്‍ പരിശോധിച്ചാല്‍ പലരുടേയും ദേഹേച്ഛകള്‍ക്കും ദുരഭിമാനത്തിനും കച്ചവടതാല്‍പര്യങ്ങള്‍ക്കും ഇസ്ലാമികാദര്‍ശങ്ങള്‍ വഴങ്ങാത്തതിനാല്‍ ഉനായിക്കപ്പെട്ട ദുര്‍ന്യായവാദങ്ങളായിരുന്നു ഇവ എന്ന് കൃത്യമായി മനസ്സിലാക്കാം.

മുഹമ്മദ്‌ എന്ന വ്യക്തി ചരിത്രത്തില്‍ ഇത്ര മാത്രം എതിര്‍ക്കപ്പെടാനുള്ള കാരണങ്ങളെന്തൊക്കെയാണ്‌ എന്നത്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.മുഹമ്മദ്‌ നബി ജനിച്ച എ.ഡി ആറാം നൂറ്റാണ്ട്‌ അറിയപ്പെടുന്നത്‌ ജാഹിലിയ്യാ(അറിവില്ലായ്മയുടെ) കാലഘട്ടമെന്നാണ്‌.അറേബ്യന്‍ ചരിത്രത്തിലെ ഇരുണ്ട യുഗം!നിസ്സാര കാര്യങ്ങള്‍ക്ക്‌ വേണ്ടി പോരടിച്ച ചരിത്രമുള്ള,മദ്യത്തില്‍ ആറാടിയ,സ്ത്രീകളെ വെറും വില്‍പ്പനച്ചരക്കുകളായിക്കണ്ട അറബികളുടെ നാട്‌.വിഗ്രഹാരാധകരുടെ വിളനിലം.ഇത്തരമൊരു ജനതയെയാണ്‌ മുഹമ്മദ്‌ എന്ന മഹാനുഭാവന്‍ 23 വര്‍ഷക്കാലം കൊണ്ട്‌ ലോകചരിത്രത്തിലെ തുല്യതയില്ലാത്ത സമൂഹമാക്കി മാറ്റിയെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌!

മുഹമ്മദ്‌ നബി ഇന്നെതിര്‍ക്കപ്പെടുന്നത്‌ പോലെ അന്നും എതിര്‍ക്കപ്പെട്ടിരുന്നു എന്നത്‌ ഏവരും മനസ്സിലാക്കേണ്ട്‌ ഒരു വസ്തുതയാണ്‌.എന്തിനായിരുന്നു അറബികള്‍ മുഹമ്മദിനെ എതിര്‍ത്തത്‌?അതൊരിക്കലും തീവ്രവാദം പ്രചരിപ്പിച്ചു എന്നു പറഞ്ഞുകൊണ്ടല്ല!മറിച്ച്‌ ദൈവം ഏകനാണെന്നും,അവനെ മാത്രമെ ആരാധിക്കാവൂ എന്നും,താന്‍ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്നും,വിഗ്രഹാരാധന ദൈവത്തിനോടുള്ള നന്ദികേടാണെന്നും പറഞ്ഞതിനായിരുന്നു. പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും,നന്മ ഉപദേശിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.എന്നാല്‍ പാരമ്പര്യമായി തങ്ങള്‍ക്ക്‌ കൈമാറിയ "ദൈവ"ങ്ങളെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ ലോകചരിത്രത്തിലെ തുല്ല്യതയില്ലാത്ത ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്റെ മനോഹരമായ ശൈലിക്കും ആശയഗാംഭീര്യത്തിനും മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല.ഇരുളടഞ്ഞ മനസ്സുമായി ഇസ്ലാമിനെ കഴിഞ്ഞവര്‍ പലരീതിയില്‍ ഇസ്ലാമിനെ എതിര്‍ത്തു-വിശ്വാസികളെ ബഹിഷ്കരിച്ചു,പലവിധേന ദ്രോഹിച്ചു,പലരെയും വധിച്ചു,അടിമകളെ ചുട്ടുപഴുത്ത മണലാരണ്യത്തില്‍ നെഞ്ചില്‍ കല്ല് കയറ്റിവെച്ച്‌ വലിച്ചു-ആവശ്യം ഒന്നു മാത്രം-വിഗ്രഹാരാധന അരുതെന്ന് പറയരുത്‌!എന്നല്‍ വിശുദ്ധ ഖുര്‍ആന്റെ വെല്ലുവിളി ഇന്നും അഷ്ട ദിക്കുകളിലും ഉത്തരം ചെയ്യപ്പെടാതെ മുഴങ്ങുന്നു-വിശുദ്ധ ഖുര്‍ആനിലേതിനു സമമായി ഒരു അദ്ധ്യായമെങ്കിലും കൊണ്ടുവരാമോ എന്ന്!!

സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് വഴി കാണിക്കുന്നതാര്?

വടക്കേഅമേരിക്കയില്‍ ജീവിക്കുന്ന സാല്‍മണ്‍ മത്സ്യങ്ങളെക്കുറിച്ച്‌ കേട്ടിട്ടില്ലേ?ശുദ്ധജല തടാകങ്ങളില്‍ ജനിച്ച്‌ സമുദ്രത്തില്‍ ജീവിച്ച്‌ ശുദ്ധജല തടാകങ്ങളില്‍ ജീവിതമവസാനിപ്പിക്കുന്ന ഇവയുടെ ജീവിത ചക്രം അത്ഭുതം തന്നെ!

ശുദ്ധജലതടാകങ്ങളിലും നദികളിലും മുട്ട വിരിഞ്ഞ്‌ ജനിക്കപ്പെടുന്ന ഇവ,പിന്നീട്‌ ഉപ്പുജലമുള്ള സമുദ്രങ്ങളിലേക്ക്‌ യാത്രയാവുകയാണ്‌....അവിടെ വെച്ചാണ്‌ ഇവര്‍ പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നത്‌...ഉദ്ദേശം ഏഴ്‌ വര്‍ഷത്തിനു ശേഷം ഇവ വീണ്ടും ശുദ്ധജല തടാകങ്ങളിലേക്കു തിരിച്ച്‌ പോകുന്നു.ഇവിടെ വെച്ച്‌ മുട്ടയിടുന്നു.ആണ്‍ സാല്‍മണ്‍ മത്സ്യങ്ങള്‍ ഇവക്കു കാവല്‍ നില്‍ക്കുന്നു.


കുഞ്ഞുങ്ങള്‍ ജനിച്ച്‌ ഒരാഴ്ചക്കകം സാല്‍മണ്‍ മത്സ്യങ്ങള്‍ മരിച്ച്‌ വീഴുന്നു-സാല്‍മണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ വളരാനുള്ള സമ്പുഷ്ടമായ സാഹചര്യം ഇവ മരിക്കുന്നതോടെ ജലത്തില്‍ ഉണ്ടാവുന്നു എന്നത്‌ ശ്രദ്ധേയമാണ്‌!!.സാല്‍മണ്‍ കുഞ്ഞുങ്ങള്‍ വീണ്ടും യാത്ര തുടങ്ങുകയാണ്‌-ഉപ്പുജലത്തിലേക്കെന്നു മാത്രമല്ല-തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ച അതേയിടത്തേക്ക്‌!!
ചിന്തിക്കുക സോദരരേ,ആരാണിവക്കു വഴി കാണിച്ച്‌ കൊടുക്കുന്നത്‌?


"തീര്‍ച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ്ടിയിലും,രാപ്പകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌. നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടേയും ഭൂമിയുടേയും ശ്രിഷ്ടിയെപ്പട്ടി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍.(അവര്‍ പറയും:ഞങ്ങളുടെ രക്ഷിതാവേ,നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്ണീ എത്രയോ പരിശുദ്ധന്‍!അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തു രക്ഷിക്കേണമേ"(ഖുര്‍ആന്‍,3:190,191)

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ): വിശ്വാസികള്‍ക്ക്‌ പാഠമാകേണ്ട ചരിത്രപുരുഷന്‍

"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" കഅബയുടെ പരിസരത്ത്‌ ആ വാക്കുകള്‍ പ്രതിധ്വനിച്ചു... ഖുറൈശികള്‍ ഞെട്ടി വിറച്ചു! "ആര്‍ക്കാണ് ഈ വാക്കുകള്‍ ഇവിടെ വെച്ച് ഉച്ചരിക്കാന്‍ ധൈര്യം?" ഓടിയെത്തിയ അവര്‍ ആ മനുഷ്യനെ തല്ലിച്ചതച്ചു. ഇതിനിടയില്‍ അവിടെയെത്തിയ അബ്ബാസ്‌ ബ്നു അബ്ദുല്മുത്തലിബ് ആണ് അവരെ ഓര്‍മിപ്പിച്ചത്,"നിങ്ങളുടെ എല്ലാ കച്ചവടങ്ങളും ആശയവിനിമയവും ഗിഫാര്‍ ഗോത്രത്തിന് സമീപത്ത്‌ കൂടെയാണെന്നിരിക്കെ അവരില്‍ ഒരാളെ നിങ്ങള്‍ക്ക്‌ വധിക്കണമോ?" അതെ, ഗിഫാര്‍ ഗോത്രക്കാരനായ അബൂദര്‍റ്‌ ആണത്!! അബൂദര്‍റിനെ അവിടെ ഉപേക്ഷിച്ച് ഖുറൈശികള്‍ മടങ്ങി..

പിറ്റേന്ന് രാവിലെ,"ഹേ ഖുറൈശികളെ, അല്ലാഹുവിനല്ലാതെ ആരാധനക്കര്‍ഹാതയില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു!" തൌഹീദിന്റെ ശബ്ദം വീണ്ടും ഹറമിന്റെ ചുറ്റും അലയടിച്ചു! "ആരാണാ ധിക്കാരി?" വിറളി പിടിച്ചു പാഞ്ഞടുത്ത ഖുറൈശികള്‍ വീണ്ടും കണ്ടത് അബൂദര്‍ അല്‍ ഗിഫാരിയെ, അബ്ബാസിബ്നു അബ്ദുല്മുത്തലിബ് വന്നു പിടിച്ച് മാറ്റുന്നത് വരെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചു....

*********************************************************************************

ആരായിരുന്നു അബൂദര്‍റ്‌ അല്‍ ഗിഫാരി? മുഹമ്മദ്‌ നബി(സ) തബൂക്ക് യുദ്ധ വേളയില്‍ പറഞ്ഞു,"അബൂദര്‍റിനു മേല്‍ അള്ളാഹു കാരുണ്യം ചൊരിയട്ടെ, അദ്ദേഹം ഏകനായി സഞ്ചരിക്കുന്നു, അദ്ദേഹം ഏകനായി മരിക്കുകയും ഏകനായി ഉയര്‍ത്തെഴുന്നേല്പ്പിക്കപ്പെടുകയും ചെയ്യും!"
മക്കയില്‍ വന്ന ദൈവദൂതനെ കുറിച്ച വാര്‍ത്തകള്‍ കേട്ട് അബൂദര്‍ ഒരു കയ്യില്‍  വടിയും മറുകയ്യില്‍ വെള്ളപ്പാത്രവുമായി മക്ക ലക്ഷ്യമാകി പുറപ്പെടുകയാണ്.മുഹമ്മദ്‌ നബി(സ) യെ ചെന്ന് കണ്ടതും ഇസ്ലാം സ്വീകരിച്ചു!നബി(സ) പറഞ്ഞു: "ഓ അബൂദര്‍റ്‌, താങ്കളുടെ ഇസ്ലാം അശ്ലേഷണം രഹസ്യമാക്കി വെക്കുക,എന്നിട്ട് താങ്കള്‍ താങ്കളുടെ ജനതയിലേക്ക് തിരിക്കുക,ഞങ്ങളുടെ വിജയത്തെ സംബന്ധിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ ഞങ്ങളിലേക്ക് തിരിച്ച് വരാം."എന്നാല്‍ അബൂദര്‍റ്‌ പ്രതിവചിച്ചു,"താങ്കളെ ഈ സത്യസന്ദേശവുമായി അയച്ചതാരാണോ അവന്‍ തന്നെ സത്യം,എന്റെ ഇസ്ലാം സ്വീകരണം ഞാന്‍ സത്യനിഷേധികള്‍ക്കിടയില്‍ വിളംബരം ചെയ്യുക തന്നെ ചെയ്യും" അബൂദര്‍റ്‌ അല്‍ ഗിഫാരി കഅബയിലേക്ക് നടന്നടുത്തു!

*********************************************************************************

പിന്നീട് നാം അബൂദര്‍റ്‌( അല്‍ ഗിഫാരി (റ) െ കാണുന്നത് ഹിജ്റ അഞ്ചാം വര്ഷം മദീനയില്‍ വെച്ചാണ്, അതാ അദ്ദേഹത്തില്‍ നിന്ന് ഗിഫാര്‍ ഗോത്രവും അവരുടെ സമീപസ്ഥരായ അസ്ലം ഗോത്രവുമെല്ലാം ഇസ്ലാം സ്വീകരിച്ചിരിക്കുന്നു..ഇതാ, ഏകനായി സഞ്ചരിച്ച് ഏകനായി മരിച്ചു ഏകനായി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന അബൂദര്‍റ്‌ അല്‍ ഗിഫാരി മൂലം ഒരു സമുദായം മുഴുവന്‍ സത്യത്തിന്റെ വെള്ളി വെളിച്ചത്തിലെത്തിയിരിക്കുന്നു!!

*********************************************************************************

അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം ഓരോ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളവും വലിയ പാഠങ്ങള്‍ നിറഞ്ഞതാണ്.സത്യം മനസ്സിലാക്കിയാല്‍ അത് സമൂഹത്തില്‍ എത്തിക്കാന്‍ ഒരിക്കലും മടിച്ച് നില്‍ക്കേണ്ട എന്ന പാഠം. ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പൂര്‍ണമായി മനസ്സിലാക്കിയ ശേഷമല്ല അബൂദര്‍റ്‌( പ്രബോധനത്തിനിറങ്ങിയത്, തൌഹീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട ഉടനെ അത് ജനങ്ങളിലെക്കെത്തിക്കണം എന്നായിരുന്നു ആ മഹാനുഭാവന്‍ ചിന്തിച്ചത്. ആരാധ്യന്‍ ഏകനാണെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു പീഡനങ്ങളെറ്റ് വാങ്ങിയത്. തൌഹീദ് കൃത്യമായി മനസ്സിലാക്കിയിട്ടും അത് ജനങ്ങളിലെത്തിക്കാതെ മാറിനില്‍ക്കുന്നവര്‍ക്കും, ഇസ്ലാമിന്റെ അടിസ്ഥാന സന്ദേശമായ ഏകദൈവാരാധനയുടെ സന്ദേശത്തെ ലാഘവത്തോടെ കണ്ടു-പ്രബോധനത്തില്‍ തൌഹീദിന് മുന്‍ഗണന നല്കാത്തവര്‍ക്കും ശക്തമായ സന്ദേശമാണ് അബൂദര്‍റ്‌( അല്‍ ഗിഫാരി (റ)ന്റെ ചരിത്രം നല്‍കുന്നത്.
"മുഹാജിറുകളില്‍ നിന്നും അന്സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും , സുകൃതം ചെയ്തു കൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു,അവനെപറ്റി അവരും സംതൃപ്തരായിരിക്കുന്നു"(സൂറത്ത് തൌബ : 100)

Friday, 16 August 2013

വിശ്രമിക്കാന്‍ സമയമില്ല!!

"ഹേ പുതച്ചു മൂടിയവനേ, എഴുന്നേറ്റ്‌ (ജനങ്ങളെ) താക്കീത്‌ ചെയ്യുക, നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക.കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് ഔദാര്യം ചെയ്യരുത്‌.നിന്റെ രക്ഷിതാവിന് വേണ്ടി ക്ഷമ കൈ കൊല്ലുകയും ചെയ്യുക"(ഖുര്‍ആന്‍ 74:1-7)

നബി(സ)ക്ക് രണ്ടാമതായി ലഭിച്ച ദിവ്യ സന്ദേശം!! അതേ, ഇനി മൂടിപ്പുതചിരിക്കാനുള്ള സമയമല്ല..ഏകദൈവാരാധനയുടെ സന്ദേശവുമായി പുറത്തേക്കിറങ്ങാനുള്ള സമയമാണ്!! നബി(സ) ഖദീജ ബീവിയോടു പറഞ്ഞു, സൈദ്‌ ഇബ്ന്‍ ഹാരിസയോടു പറഞ്ഞു, അലിയോടും അബൂബക്കരിനോടും പറഞ്ഞു...അവരെല്ലാം ഈ വചനമിറങ്ങിയ ദിനം തന്നെ ഇസ്ലാം സ്വീകരിച്ചു..അബൂബക്കറും വെറുതെയിരുന്നില്ല...അബൂബക്കാരില്‍ നിന്ന് ഉസ്മാനും സുബൈറും തല്‍ഹയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫും സഅദുബ്നു അബീവഖാസും ഇസ്ലാം സ്വീകരിച്ചു..ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 130 പേര്‍ ഇസ്ലാം സ്വീകരിച്ചതായി സീറ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു..

ചിന്തിക്കുക സോദരരെ..എന്തായിരുന്നു ഇസ്ലാം സ്വീകരിക്കാന്‍ ഇവര്‍ക്ക്‌ പ്രചോദനം? വിരലിലെണ്ണാവുന്ന ആയത്തുകള്‍ (സൂരത്തുകളല്ല) മാത്രം അവതരിക്കപ്പെട്ട കാലം..പുതിയ ഒരാദര്‍ശവുമായി ഒരാള്‍ കടന്നു വരുന്നു..കേട്ടയുടനെ ഇതാ ഉസ്മാനും അബൂബക്കറും തല്‍ഹയും സഈദ്‌ ഇബ്ന്‍ സൈദും ബിലാലും കബ്ബാബുമെല്ലാം ഇസ്ലാം ആശ്ലേഷിക്കുന്നു!! സമൂഹത്തിലെ ഉന്നതര്‍ മുതല്‍ അടിമകള്‍ വരെ..കാരണങ്ങളില്‍ ഒന്ന് തൌഹീദ് എന്ന അജയ്യമായ ആദര്‍ശത്തിന്റെ അവര്‍ണനീയമായ മാധുര്യം, രണ്ട് മുഹമ്മദ്‌ എന്നാ വ്യക്തിയുടെ അനുപമമായ വ്യക്തിത്വം-മുഹമ്മദ്‌ ഒരു കാര്യം പറഞ്ഞാല്‍ അത് കളവാകില്ലെന്ന ഉറപ്പ്‌..

സുഹൃത്തുക്കളെ, വിശ്രമിച്ചിരിക്കാന്‍ സമയമില്ല...ഒരു വലിയ ജനത മനോഹരമായ ഈ സന്ദേശവും കാത്തിരിക്കുന്നു..അന്ന് അബൂബക്കര്‍(റ) കേവലം 7 ആയത്തുകള്‍ വെച്ചാണ് ഉസ്മാനെയും സുബൈറിനെയും തല്‍ഹയെയും അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെയും സഅദുബ്നു അബീവഖാസിനെയും ഇസ്ലാമിലെക്ക് ക്ഷണിച്ചതെങ്കില്‍, ഇന്ന് നമ്മുടെ കൂടെ 114 അധ്യായങ്ങളും ആറായിരത്തില്‍ പരം വചനങ്ങളുമുണ്ട്..തൌഹീദിലെക്ക്
ക്ഷണിക്കുക..പരലോകത്തെ കുറിച്ച് ഓര്‍മപ്പെടുത്തുക..മുഹമ്മദ്‌ നബിയുടെ തത്യാഗനിര്‍ഭരമായ ജീവിതസന്ദേശം അവരിലെത്തിക്കുക..കൂടെ നമ്മുടെ സ്വഭാവം വിശിഷ്ടമാക്കാന്‍ ശ്രദ്ധിക്കുക...സ്വജീവിതം കൊണ്ട് പ്രബോധനം ചെയ്യുക..അതേ, നമുക്കിനി മൂടിപ്പുതച്ചിരിക്കാന്‍ സമയമില്ല!!!

പ്രവാചക വചനങ്ങളും ആധുനിക ഭ്രൂണശാസ്ത്രവും

വിശുദ്ധ ഖുർആനിലെ ഭ്രൂണശാസ്ത്രസംബന്ധിയായ വചനങ്ങളെ സംബന്ധിച്ചും അവയില ഉപയോഗിച്ച വിവിധ വാക്കുകളുടെ ഭാഷാപരമായ സവിശേഷതകളും നാം വിശദമായി പരിശോധിച്ചു. മുഹമ്മദ്‌ നബി (സ)ക്ക് ഈ വിവരങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ടായിരുന്ന സ്ത്രോതസ്സുകളെ സംബന്ധിച്ച കൃത്യമായ പഠനത്തിൽ നിന്ന് ഇവ ഒരിക്കലും മാനുഷികമല്ല എന്ന് മനസ്സിലാക്കി. വിശുദ്ധ ഖുറാനിനോടൊപ്പം തന്നെ ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പ്രവാചക വചനങ്ങൾ അഥവാ ഹദീസുകൾ. ഹദീസുകലിലും ഇവ്വിഷയകമായി ചില പരാമർശങ്ങൾ വന്നിട്ടുണ്ട്. ഹദീസുകളെ പലതിനെയും പല കാരണങ്ങൾ ചൂണ്ടിക്കാണിച് അവയെ തള്ളിക്കളയാനുള്ള പ്രവണത വര്ദ്ധിച്ചു വരുന്ന ഈ കാലത്ത് ഭ്രൂണശാസ്ത്ര സംബന്ധിയായ പ്രവാചക വചനങ്ങളെക്കുറിച്ചുള്ള പഠനം ഹദീസുകളുടെ പ്രാമാണികത ബോധ്യപ്പെടാൻ നമ്മെ സഹായിക്കാൻ ഉതകുന്നതായിരിക്കും.
നിലവിലുള്ള ഏറ്റവും പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഒരു ഹദീസിൽ ഇങ്ങനെ സംഗ്രഹിക്കാം. ഗർഭാശയത്തിൽ ബീജസംയോഗം നടന്ന് 40ഓ 45ഓ ദിവസത്തിന് ശേഷം ഒരു മലക്ക് വരും. ആ മലക്ക് പല ചോദ്യങ്ങളും അല്ലാഹുവിനോട് ചോദിക്കും. അതിലൊന്നാണ് കുട്ടി ആണോ പെണ്ണോ എന്നത്. അവ അല്ലാഹുവിന്റെ മറുപടി അനുസരിച് മലക്ക് രേഖപ്പെടുത്തും.
ഹദീസുകളെ വിമർശിക്കാൻ ഇടം നോക്കി നടക്കുന്നവർ ഏറെ കൊട്ടിഘോഷിച് കൊണ്ട് നടന്നിരുന്ന തെളിവുകളിലോന്നായിരുന്നു ഇത്. കാരണം ജനിതിക ശാസ്ത്രം പ്രകാരം പുരുഷനിൽ XY ക്രോമോസോമും സ്ത്രീകളിൽ XY ക്രോമോസോമുകളുമാണ്ള്ളത് . XY ക്രോമോസോമുള്ള പുരുഷ ബീജവും XX ക്രോമോസോമുള്ള സ്ത്രീ അണ്ഡവും കൂടിചേരുമ്പോൾ XX ക്രോമോസോം ആണ് രൂപം കൊള്ളുന്നതെകിൽ കുഞ്ഞു പെണ്ണും അതല്ലെങ്കിൽ കുഞ്ഞു ആണുമായി മാറുന്നു. ബീജ സംയോഗം നടക്കുന്നത് ആദ്യ ദിനമാണ് എന്നിരിക്കെ നാല്പ്പതിനും നാല്പതിയഞ്ചിനും ഇടക്കുള്ള ദിവസങ്ങളിൽ ലിംഗ നിർണയം നടക്കുന്നു എന്ന ഹദീസിലെ പരാമർശം ശാസ്ത്ര വിരുധമല്ലേ? ഏറ്റവും വിശ്വസനീയമായ ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹ് ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലുമെല്ലാം ഈ ഹദീസ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നിരിക്കെ മുഴുവൻ ഹദീസുകളുടെയും പ്രാമാണികത ചോദ്യം ചെയ്യാനുള്ള ഒരു ആയുധമായി ഹദീസ് നിഷേധികൾ ഈ ഹദീസിനെ കണ്ടു എന്നാൽ ഇതിലെ യാഥാർത്ഥ്യം നമ്മെ അത്ഭുതപ്പെടുത്തുന്ന എന്നതത്രെ വാസ്തവം!
ഇതിന്റെ ശാസ്ത്രീയ വശം നമുക്കൊന്ന് പരിശോധിക്കാം. ഭ്രൂണ വികാസത്തിന്റെ ആറാമത്തെ ആഴ്ചയിൽ ഭ്രൂണത്തിൽ സ്ത്രീ പുരുഷ ജനനഗ്രന്ഥികൾ അനന്യമായ നിലയില കാണപ്പെടുന്നു. എന്നാൽ ആറാമത്തെ ആഴ്ചക്ക് ശേഷം തികച്ചും പ്രാധാന്യമർഹിക്കുന്ന ഒരു മാറ്റം സംഭവിക്കുന്നു. സ്ത്രീ പുരുഷ ഹോർമോണുകളുടെ ഉദ്പാദനം ഉത്തേജിപ്പിക്കുന്ന ജീനുകൾ പ്രയോഗക്ഷമ ആകുന്നത് ഈ സമയത്താണ്.
ഭ്രൂണകോശങ്ങളിൽ Y ക്രോമോസോമ്മ് ഉണ്ടെങ്കിൽ Y ക്രോമോസോമിലുള്ള SRY ജീൻ പ്രവര്ത്തനക്ഷമമാകുകയും പുരുഷ ഹോർമോണുകളുടെ ഉദ്പാദനം ഉദ്ദീവിക്കപ്പെടുകയും ചെയ്യുന്നു. ഇനി Y ക്രോമോസോമിൽ SRY ജീൻ ഇല്ലെങ്കിൽ ഇന്നും പൂര്ണമായി മനസ്സിലാവാത്ത ചില വ്യവസ്ഥകളിലൂടെ കുഞ്ഞു പെണ്ണായി മാറുന്നു. ഇത് സംഭവിക്കുന്നത് ആറാം ആഴ്ചയിലെ അവസാന ഘട്ടത്തിലാണ്! അതായത് ഹദീസിൽ പരാമര്ഷിച്ചത് പ്രകാരം 4൦ രാത്രികല്ക്ക് ശേഷം!
എഡി ഏഴാം നൂറ്റാണ്ടിൽ ജീവിച്ച ഒരു മനുഷ്യന്റെ നാവിൽ നിന്ന് എങ്ങനെ ശാസ്ത്രം പോലും ഈയിടക്ക് കണ്ടെത്തിയ ഇന്നും പൂര്ണമായി മനസ്സിലാകാൻ കഴിയാത്ത ഈ കാര്യം വളരെ കൃത്യമായി വന്നു? പ്രവാചക വചനങ്ങളും ആധുനിക ഭ്രൂണശാസ്ത്രവുമായി ഒരു വൈരുധ്യവും പുലർത്തുന്നില്ല എന്ന് മനസ്സിലാകാൻ ഈ പ്രവാചക വചനം തന്നെ ധാരാളമാണ്.

ആരോപണങ്ങളുടെ ചുരുളഴിയുമ്പോള്‍ : യുക്തി മരവിച്ച വിമര്‍ശകര്‍ !!

ഗ്രീക്ക് ഭ്രൂണശാസ്ത്രം നബി (സ)ക്ക് പഠിക്കാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു എന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നാം മനസിലാക്കി. മുഹമ്മദ്‌ നബി (സ)ക്ക് ഖുറാനിലെ ഭ്രൂണശാസ്ത്രസംബന്ധിയായ വിവരങ്ങൾ അരിസ്ടോടിൽന്റെയും , ഗാലന്റേയും വിജ്ഞാന ശേഖരങ്ങളിൽ നിന്ന് മോഷ്ട്ടിച്ചതാണ് എന്ന് വിമര്ഷകരുടെ ആരോപണം കേവലം ഒരു ആരോപണം മാത്രമായി അവശേഷിക്കുന്നു. ഇനി ഗാലനും അരിസ്ടോടിലും പറഞ്ഞത് തന്നെയാണോ ഖുറാനും പറഞ്ഞത്? അല്ല എന്നുണ്ടെങ്കിൽ ഈയൊരാരൊപണത്തിന്റെ അടിത്തറ തന്നെ നഷ്ട്ടപ്പെട്ടില്ലേ? അത്തരമൊരു പരിശോധനയാണ് ഇനി നാം നടത്താൻ പോകുന്നത്.

ഖുറാനും അരിസ്റ്റൊടിലും:

അരിസ്റ്റൊടിലിന്റെ വീക്ഷണം തന്നെയാണോ ഖുർആനിനും? നമുക്ക് പരിശോധിക്കാം.

* പുരുഷബീജമാണ് മനുഷ്യ ജനനത്തിനു കാരണമെന്ന് അരിസ്റ്റൊടിൽ വിശ്വസിച്ചത്. ബീജം സ്ത്രീയുടെ ആർത്തവരക്തവുമായി കൂടിച്ചേർന്നു കട്ട പിടിച്ചിട്ടാണ് ഭ്രൂണം രൂപം കൊള്ളുന്നത് എന്നാണ് അരിസ്റ്റൊടിൽ "On the Generation of Animals" എന്ന തന്റെ പുസ്തകത്തില രേഖപ്പെടുത്തിയത് !! ഇത് ഖുർആനിക വീക്ഷണത്തിനും ആധുനിക ഭ്രൂണശാസ്ത്രത്തിനും തീർത്തും എതിരാണ്‌.

* ഖുർആൻ ഉപയോഗിച്ച "നുത്വുഫ" എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്ത്രീപുരുഷ ബീജങ്ങളുടെ സമ്മിശ്രമാണ്, അല്ലാതെ പുരുഷ ബീജമല്ല. അതിനാൽ തന്നെ അരിസ്റ്റൊടിലും ഖുർആനും പറഞ്ഞത് തീർത്തും വിരുദ്ദമായ കാര്യങ്ങളാണത്രേ മാത്രമല്ല വിവിധ പ്രവാചക വചനങ്ങളിൽ നിന്ന് സ്ത്രീപുരുഷ സ്രവങ്ങൾക്ക് - രണ്ടിനും- കുഞ്ഞിന്റെ ജനനത്തിൽ സ്ഥാനമുണ്ട് എന്ന് വ്യക്തമാകുന്നു. അതിനാൽ തന്നെ ഖുർആനിക വീക്ഷണം തെളിയിക്കപ്പെട്ടതും അരിസ്റ്റൊടിലിന്റെ വീക്ഷണം ശാസ്ത്രം ചവറ്റുകുട്ടയിലേക്കെറിഞ്ഞതുമാണ്.

* പുരുഷഭ്രൂണം ഗര്‍ഭാശയത്തിന്റെ ഇടതുഭാഗത്തും പെണ്ഭ്രൂണം ഗർഭാശയത്തിന്റെ വലതു ഭാഗത്തുമാണ് രൂപം കൊള്ളുക എന്നാണു അരിസ്റ്റൊട്ടിൽ ധരിച്ചത്- ഖുർആനിൽ ഇത്തരമൊരു പരാമർശമേയില്ല. ഇത് ശാസ്ത്രവിരുദ്ദവുമാണ്.

* അരിസ്റ്റൊടിലിന്റെ വാദപ്രകാരം ശരീരത്തിന്റെ അരക്ക് കീഴെയുള്ള ഭാഗം മേൽ ഭാഗം രൂപം കൊണ്ടതിനുശേഷം അതിൽ നിന്നുണ്ടാവുന്നതാണ്. ഇത്തരമൊരു പരാമർശം ഖുർആനിലില്ല- മാത്രമല്ല, ഇത് ശാസ്ത്രവിരുദ്ദമാണ്.

* "അസ്ഥികൾ രൂപപ്പെട്ടതിനു ശേഷം അവ മാംസത്താൽ പോതിയപ്പെടും" എന്നൊരു പരാമർശം അരിസ്റ്റൊട്ടിൽ നടത്തുന്നുണ്ട്. ഇത് " അസ്ഥികളെ മാംസത്താൽ പൊതിഞ്ഞു" എന്ന ഖുർആനിക പരാമർശവുമായി സാദ്രിശ്യം പുലർത്തുന്നതിനാൽ ഈ ആശയം മുഹമ്മദ്‌ നബി(സ) അരിസ്റ്റൊട്ടിലിൽ നിന്ന് മോഷ്ട്ടിച്ചതാണ് എന്ന് വിമർശകർ ആരോപിക്കുന്നു.
എന്നാൽ രസകരമായ ഒരു കാര്യം ഈ ആരോപണം മുഹമ്മദ്‌ നബി (സ) അരിസ്റ്റൊടിലിന്റെ വീക്ഷണങ്ങൾ മോഷ്ട്ടിചിട്ടില്ല എന്നാണു തെളിയിക്കുന്നത്. ഉദാഹരണത്തിന് എങ്ങനെയാണ് മുഹമ്മദ്‌ നബി(സ)ക്ക് ചില കാര്യങ്ങൾ (ശരിയായവ) സ്വീകരിക്കാനും തെറ്റായവ തള്ളിക്കളയാനും കഴിയുന്നത്. അരിസ്റ്റൊടിലിന്റെ മുൻപത്തെ രണ്ടു വാദങ്ങൾ മുഹമ്മദ്‌ നബി(സ) സ്വീകരിച്ചില്ലല്ലോ അവ ശാസ്ത്രത്തിനു വിരുദ്ദമാണ്. മുഹമ്മദ്‌ നബി(സ) പകർത്തിയെഴുതിയതാണെങ്കിൽ ഇതെങ്ങനെ സംഭവിച്ചു ? മാത്രമല്ല അരിസ്റ്റൊടിലിന്റെ ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്ത എന്നാൽ ശാസ്‌ത്രീയ സത്യങ്ങളുമായി പാരസ്പര്യം പുലർത്തുന്ന പല വീക്ഷണങ്ങളും ഖുർആൻ പറയുന്നുണ്ടുതാനും. ഇതിൽ നിന്ന് എത്താൻ കഴിയുന്ന യുക്തിപരമായ ഒരു കാര്യമേയുള്ളൂ . ഖുർആൻ അരിസ്റ്റൊടിലിന്റെ വാദങ്ങളെ ഒരിക്കലും പകർത്തിയിട്ടില്ല എന്ന് തന്നെ!

മുഹമ്മദ്‌ നബി (സ) : വിശ്വസ്തതയുടെ പ്രതിരൂപം


ഗ്രീക്ക് പഠനങ്ങളിൽ നിന്ന് നബി(സ) മോഷ്ട്ടിച്ചതാണ് വിശുദ്ധ ഖുർആനിലെ ഭ്രൂണശാസ്ത്ര പരാമർശങ്ങളെന്ന ആരോപണത്തിന്റെ നിജസ്ഥിതി നാം നൂലിഴ കീറി പരിശോധിച്ച് കഴിഞ്ഞു. ഈ ആരോപണം ഉന്നയിച്ചുകൊണ്ട് കൂടുതൽ ഗുരുതരമായ ഒരു കാര്യം കൂടി വിമർശകർ പറയുന്നു- മുഹമ്മദ്‌ നബി(സ) ഒരു മോഷ്ട്ടാവയിരുന്നു എന്ന്! അതായത് ദൈവിക വചനങ്ങളെന്ന പേരിൽ മറ്റു സംസ്കാരങ്ങളിൽ നിന്ന് മോഷ്ടിച്ച അറിവുകളാണ് മുഹമ്മദ്‌ നബി (സ) അവതരിപ്പിച്ചതെന്ന വാദം ഉന്നയിക്കുന്നതോടെ മുഹമ്മദ്‌ എന്ന വ്യക്തിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഡ ശ്രമംകൂടിയാണ് ഇവര്‍ നടത്തുന്നത്. നിരർഥകമായ ഈ ആരോപണത്തിന്റെ പൊരുൾ നാം മനസ്സിലാക്കിയെങ്കിലും മുഹമ്മദ്‌ നബി(സ) എന്ന വ്യക്തിയെക്കുറിച്ച് അടുത്തറിയുന്നത് ഇത്തരമൊരു ആരോപണത്തിന്റെ മൌഢ്യത്തിന്റെ ആഴമളക്കാൻ പര്യാപ്തമാകും.
മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തെ സംബന്ധിച്ചുള്ള ആദ്യകാല ചരിത്രസ്ത്രോതസ്സുകളെല്ലാം അദ്ധേഹത്തിന്റെ വ്യക്തിത്വത്തിന്റെ സമ്പൂർണത വെളിവാക്കുന്നതാണ്. അദ്ദേഹം ഒരു കള്ളനായിരുന്നില്ല എന്ന് മാത്രമല്ല, അത്തരമൊരു വാദം ചരിത്രത്തോടുള്ള നീതികേട്‌ കൂടിയായിരിക്കും. തന്റെ ശത്രുക്കൾക്കിടയിൽ പോലും അൽ അമീൻ (വിശ്വസ്ഥൻ) എന്നാണു അദ്ദേഹം അറിയപ്പെട്ടത് എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
എന്തിനാണ് നുണയനായ ഒരു വ്യക്തി തന്റെ അസത്യവാദങ്ങൾ ഉപയോഗിക്കുക? തീര്ച്ചയായും തന്റെ ജീവിതത്തിൽ അതുമൂലം എന്തെങ്കിലും ലാഭം ലഭിക്കാനായിരിക്കും. എന്നാൽ ഈ ലോകത്തെ എല്ലാ ലാഭേച്ഛകളേയും നിരാകരിക്കുകയും തന്റെ സന്ദേശം പ്രചരിപ്പിക്കാൻ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുകയും ചെയ്ത വ്യക്തിയായിരുന്നു മുഹമ്മദ്‌ നബി (സ). താൻ പ്രബോധനം ചെയ്ത സന്ദേശം വിളംബരം ചെയ്യുന്നത് നിർത്താൻ പണവും പ്രതാപവും നേതൃത്വവും വാഗ്ധാനം ചെയ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല! ഏകനായ ദൈവത്തെ മാത്രം ആരാധിക്കുക എന്ന സന്ദേശം പ്രബോധനം ചെയ്തത് മൂലം, എന്ന് വിശ്വസിച്ചത് മൂലം അദ്ദേഹം മർദ്ദിക്കപ്പെട്ടു, ബഹിഷ്ക്കരിക്കപ്പെട്ടു ഒടുവിൽ തന്റെ പ്രിയപ്പെട്ട ജന്മദേശമായ മക്കയിൽ നിന്ന് പുറത്താക്കപ്പെട്ടു. ദിവസങ്ങളോളം പട്ടിണി കിടന്നു, തെരുവ് പിള്ളേരാല്‍ കല്ലെറിയപ്പെട്ടു കാലുകൾ രക്തത്തിൽ കുതിർന്നു, അദ്ദേഹത്തിന്റെ കൂടെ നിന്നവരും വിശ്വസിച്ചവരും ക്രൂരമായി പീഢിപ്പിക്കപ്പെട്ടു. ഇത്രയെല്ലാം യാതനകൾ സഹിച്ചിട്ടും താൻ പറഞ്ഞ കാര്യത്തിൽ നിന്ന് ലവലേശം പിന്നോട്ട് പോകാത്ത വ്യക്തി നുണയനാണ് എന്ന വാദം എത്രമാത്രം നിരർഥകമാണ്? തീര്‍ച്ചയായും ഒരു യുക്തി കൊണ്ടും നീതികരിക്കാനാകാത്ത വാദം തന്നെയാകും അത്. പ്രമുഖ ഒറിയന്റലിസ്റ്റ് ഡബ്ല്യൂ . മോണ്ട്ഗോമറി വാട്ട് തന്റെ "മുഹമ്മദ്‌ മക്കയിൽ" ( Muhammed at Mecca) എന്ന പുസ്തകത്തിൽ എഴുതി
" സ്വന്തം വിശ്വാസത്തിനു വേണ്ടി ഏതു പീഡനവും ഏറ്റുവാങ്ങാനുള്ള അദ്ദേഹത്തിന്റെ സജ്ജതയും അദ്ദെഹത്തിൽ വിശ്വസിച്ച വ്യക്തികളുടെ സ്വഭാവ വൈശിഷ്ട്യവും അദ്ദേഹത്തിന്റെ പരമമായ നേട്ടവും- എല്ലാം വിരൽ ചൂണ്ടുന്നത് അദ്ദേഹത്തിന്റെ സമ്പൂർണമായ വ്യക്തിത്വത്തിലോട്ടാണ്. മുഹമ്മദ്‌ ഒരു കപടനാണ് എന്ന ഊഹം, ഈ വാദം നല്‍കുന്ന ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണ്."
മതപരവും മതേതരവുമായ എല്ലാ മേഖലകളിലും മുഹമ്മദ്‌ നബി(സ) വിജയം വരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സത്യസന്ധതയായിരുന്നു. അതല്ലെങ്കിൽ കേവലം 23 വർഷ കാലത്തിൽ ഒരു ജനതക്ക് ഒരിക്കലും സാധ്യമാവാത്ത ഈ വിജയങ്ങൾ നേടാൻ ഒരു മനുഷ്യന് കഴിയുകയില്ലതന്നെ. ഇതേ കാര്യം ചരിത്രകന്മാരായ എഡ്വാർഡ് ഗിബ്ബണ്‍, സൈമണ്‍ ഓക്ലീ എന്നിവര് രേഖപ്പെടുത്തുന്നു. "മുഹമ്മദിന്റെ ജീവിതത്തിലെ മഹത്തരമായ വിജയത്തിന്റെ പ്രധാന സ്വാധീനം അദ്ധേഹത്തിന്റെ തികഞ്ഞ സ്വഭാവ വൈശിഷ്ട്യങ്ങളുടെ കരുത്ത്‌ തന്നെയാണ്"

മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തിന്റെ വളരെ സംക്ഷിപ്തമായ ഒരു വിവരണത്തില്‍ നിന്ന തന്നെ അദ്ദേഹത്തിന്റെ സത്യസന്ധത നമുക്ക്‌ ബോധ്യപ്പെട്ടു. ആധുനിക ലോകചരിത്രത്തെ വളരെയധികം സ്വാധീനിച്ച,കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസം പ്രബോധനം ചെയ്ത, വിശ്വസ്തതയുടെ പ്രതിരൂപമായിരുന്ന മുഹമ്മദ്‌ നബി(സ) വ്യക്തിയെക്കുറിച്ചുള്ള നമ്മുടെ പഠനങ്ങള്‍ നമ്മുടെ സ്വഭാവങ്ങളുടെ തന്നെ സമ്പൂര്‍ണ പരിവര്‍ത്തനത്തിലേക്കാകാം നമ്മെ നയിക്കുന്നത്.